മദീന: ഹജ്ജ് പൂർത്തിയാക്കി തീർഥാടകർ മക്കയിൽനിന്ന് മദീനയിലെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് തീർഥാടകരുടെ വരവ് തുടങ്ങിയത്. അൽഹറമൈൻ ട്രെയിൻ വഴിയും കരമാർഗവുമായിരുന്നു യാത്ര. വരുംദിവസങ്ങളിലായി കൂടുതൽ തീർഥാടകർ മദീനയിലെത്തും.
ഹജ്ജിനു മുമ്പ് മദീന സന്ദർശിക്കാത്ത ഇന്ത്യക്കാരടക്കമുള്ളവരുടെ വരവ് അടുത്ത ദിവസം ആരംഭിക്കും. ‘ഖാദിമുൽ ഹറമൈൻ’ ഹജ്ജ് പ്രോഗ്രാമിന് കീഴിലെത്തിയവരിലെ ആദ്യസംഘവും മദീനയിലെത്തി. 92 രാജ്യങ്ങളിൽനിന്നുള്ള 4,951 തീർഥാടകരാണ് പദ്ധതിക്കുകീഴിൽ ഇത്തവണ ഹജ്ജിനെത്തിയത്.
ഇതിൽ ഫലസ്തീൻ രക്തസാക്ഷികളുടെയും പരിക്കുപറ്റിയവരുടെയും കുടുംബങ്ങളിൽനിന്നുള്ള 1000 പേരും യമൻ യുദ്ധത്തിലെ രക്തസാക്ഷികളുടെയും പരിക്കുപറ്റിയവരുടെയും കുടുംബങ്ങളിൽനിന്നുള്ള 1000 പേരും ഉൾപ്പെടും. ഹജ്ജിനു ശേഷം മദീനയിലെത്തുന്ന തീർഥാടകരെ സ്വീകരിക്കാനും സേവനങ്ങൾക്കും മസ്ജിദുന്നബവി കാര്യാലയം ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്.
കരമാർഗമുള്ള തീർഥാടകരുടെ യാത്ര എളുപ്പമാക്കാൻ മക്കയിൽനിന്ന് മദീനയിലേക്കുള്ള റോഡുകളിൽ റോഡ് സുരക്ഷ വിഭാഗം കൂടുതൽ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ഹജ്ജ് ബസ് ഗൈഡൻസ് വിഭാഗം ബസ് സ്വീകരണ കേന്ദ്രങ്ങളിലും ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.