മക്ക: മക്കയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും കുറ്റമറ്റ സൗകര്യങ്ങൾ ഉറപ്പുവരുത്താനും മികച്ച സേവനങ്ങൾ നൽകാനും മസ്ജിദുൽ ഹറാം പരിചരണ ചുമതലയുള്ള ജനറൽ അതോറിറ്റി വിവിധ പദ്ധതികൾ നടപ്പാക്കുന്നു. ഹറമുമായി ബന്ധപ്പെട്ട സേവനങ്ങൾ, അറ്റകുറ്റപ്പണികൾ, വികസനങ്ങൾ എന്നിവയുടെ ചുമതല വഹിക്കുന്ന അതോറിറ്റി മക്കയിലെത്തുന്ന അതിഥികൾക്കുള്ള സൗകര്യങ്ങളും സേവനവും കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരുകയാണ്.
ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് സന്ദർശകർക്ക് എല്ലാ സംവിധാനങ്ങളും കാര്യക്ഷമാക്കാനും ഗുണനിലവാരമുള്ള സേവനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും അതോറിറ്റി പ്രത്യേക പരിഗണന നൽകുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഹറമിലെത്തുന്ന വിശ്വാസികളുടെ സംതൃപ്തിക്കും സമാധാനത്തിനുമാണ് പ്രഥമ പരിഗണന നൽകുന്നത്.
മക്കയിലെ മസ്ജിദുൽ ഹറാം നിലകൊള്ളുന്ന സ്ഥലത്തിന്റെ വിവിധ ഭാഗങ്ങൾ, മുറ്റങ്ങൾ, മറ്റു വിവിധങ്ങളായ സൗകര്യങ്ങൾ എന്നിവ കഴുകുക, അണു മുക്തമാക്കുക, സന്ദർശകർക്കും ആരാധകർക്കുമായി അവയൊരുക്കുക എന്നിവ അതോറിറ്റി നൽകുന്ന സേവനങ്ങളിൽ മികച്ചതാണ്. 200 സൗദി സൂപ്പർവൈസർമാരുടെ മേൽനോട്ടത്തിൽ 4,000 സ്ത്രീ-പുരുഷ തൊഴിലാളികൾ ഒരു ദിവസം 10 തവണ ഹറമിൽ ‘വാഷിങ് ഓപറേഷൻ’ നടത്തുന്നു.
ദിവസവും നടക്കുന്ന ക്ലീനിങ് ജോലിക്കായി ആയിരത്തിലധികം ഉപകരണങ്ങളും മെഷീനുകളുമാണ് പ്രവർത്തിക്കുന്നത്. 16,00,000 ആരാധകർക്ക് ഒരേസമയം പ്രാർഥന നടത്താനുള്ള ഇടമാണ് ദിവസവും ശുദ്ധീകരിക്കപ്പെടുന്നത്. മസ്ജിദുൽ ഹറാമിലെ ഓരോ നമസ്കാരത്തിനും മുമ്പായി 120 എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ഹറമിലും പരിസരങ്ങളിലുമായി 8,000 സ്പീക്കറുകൾക്കായി ഓഡിയോ നെറ്റ്വർക്ക് പ്രവർത്തിപ്പിക്കുന്നു.
ഹറമിലും മുറ്റങ്ങളിലുമായി 3,516 ടോയ്ലറ്റുകളാണ് നിലവിലുള്ളത്. 35,000ത്തിലധികം പുതിയ പരവതാനികളാണ് ഹറമിൽ പ്രാർഥനക്കായി ഒരുക്കിയിരിക്കുന്നത്. 3000 കൈവണ്ടികളും 2000 വൈദ്യുതി വണ്ടികളും അവ ഉപയോഗിക്കാൻ 6000 പേരെയും ഒരുക്കിയിരിക്കുന്നു. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030ന്റെ ലക്ഷ്യങ്ങളിൽ ഇരു ഹറമുകളിലുമെത്തുന്ന സന്ദർശകരുടെ മികച്ച സേവനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗം കൂടിയാണ് അതോറിറ്റി സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കി മാറ്റുന്നത്.
പ്രതിവർഷം മൂന്ന് കോടി സന്ദർശകരെയും തീർഥാടകരെയും സ്വീകരിക്കുന്നതിനും രണ്ട് ഹറമുകളിൽ അവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്നതും ‘വിഷൻ 2030’ ലക്ഷ്യങ്ങളിൽഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.