കൊണ്ടോട്ടി: സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍നിന്നായുള്ള തീര്‍ഥാടകരുടെ യാത്രകള്‍ക്ക് പരിസമാപ്തിയായി. സമാപന ദിവസമായ വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് മൂന്ന് വിമാനങ്ങളിലായി 378 തീര്‍ഥാടകര്‍ യാത്രയായി. ഇതില്‍ 193 പേര്‍ പുരുഷന്മാരും 185 പേര്‍ സ്ത്രീകളുമാണ്. കരിപ്പൂരില്‍നിന്ന് യാത്ര പുറപ്പെട്ടവരില്‍ മഹാരാഷ്ട്രയിലെ അഞ്ചുപേരും കർണാടകയിലെ എട്ടുപേരും തമിഴ്‌നാട്ടിലെ മൂന്നുപേരും ഉള്‍പ്പെടും.
കണ്ണൂരില്‍നിന്ന് ഒരു വിമാനമാണ് വ്യാഴാഴ്ചയുണ്ടായിരുന്നത്. ഇതില്‍ 77 സ്ത്രീകളും 68 പുരുഷന്മാരുമുള്‍പ്പെടെ 145 പേര്‍ മക്കയിലേക്ക് യാത്രയായി. കൊച്ചിയില്‍നിന്ന് പ്രത്യേക വിമാനങ്ങളിലല്ലാതെ 19 പേരും ഹജ്ജ് തീര്‍ഥാടനത്തിനായി പുറപ്പെട്ടു. ഇവരില്‍ 10 പേര്‍ സ്ത്രീകളും ഒമ്പതുപേര്‍ പുരുഷന്മാരുമാണ്. ഇതോടെ സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് പുറപ്പെടലുകള്‍ക്ക് സമാപനമായി.കരിപ്പൂര്‍, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍നിന്നായി സംസ്ഥാനത്തുനിന്ന് 11,252 തീര്‍ഥാടകരാണ് മക്കയിലെത്തിയത്. ഇവരില്‍ 6899 പേര്‍ വനിതകളും 4353 പേര്‍ പുരുഷന്മാരുമാണ്.
69 വിമാനങ്ങള്‍ മൂന്ന് കേന്ദ്രങ്ങളില്‍നിന്നായി ഹജ്ജ് തീര്‍ഥാടനത്തിന് മാത്രമായി സർവിസ് നടത്തി. പ്രധാന പുറപ്പെടല്‍ കേന്ദ്രമായ കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 49 വിമാനങ്ങളും കണ്ണൂരില്‍നിന്ന് 14 വിമാനങ്ങളും കൊച്ചിയില്‍നിന്ന് സൗദി എയര്‍ലൈന്‍സിന്റെ ആറ് വിമാനങ്ങളുമാണ് ഹജ്ജ് തീര്‍ഥാടകരുടെ പുറപ്പെടലിനായി സജ്ജമാക്കിയിരുന്നത്.തീര്‍ഥാടകരുടെ യാത്ര പൂർത്തിയായതോടെ ഹജ്ജ് ക്യാമ്പുകളുടെ പ്രവര്‍ത്തനത്തിന് താൽക്കാലിക സമാപനമായി. ഹജ്ജ് അനുഷ്ഠിച്ച തീര്‍ഥാടകര്‍ ജൂലൈ 13 മുതല്‍ സംസ്ഥാനത്ത് എത്തിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.