നെജിമുദ്ദീൻ മുള്ളുവിള
പരവൂർ: പേര് പുത്തൻപള്ളിയെന്നാണെങ്കിലും പരവൂർ തെക്കുംഭാഗത്തെ പള്ളിക്ക് 785 വർഷത്തെ പഴക്കമുണ്ട്. പൂർണമായും തടിയിൽ നിർമിച്ച പള്ളി അന്നും ഇന്നും ‘പുത്തനാ’യിത്തന്നെ നിലകൊള്ളുന്നു. ഏഴരനൂറ്റാണ്ട് കഴിഞ്ഞിട്ടും കാര്യമായ അറ്റകുറ്റപ്പണികളും നടത്തേണ്ടി വന്നിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത.
പള്ളിയുടെ പേരിലെ പ്രൗഢി തച്ചിലും കാണാം. ഉൾവശത്തെ തടിയിൽ മുഴുവൻ മനോഹരമായ ചിത്രപ്പണികളാണ്. കടൽ തീരത്തിനടുത്ത് നിർമിച്ചിരിക്കുന്ന മസ്ജിദിന്റെ കതകിലെ കുറ്റിയും കൊളുത്തുകളും ആണിയുമൊകെ മരം കൊണ്ടുള്ളവയാണ്.
തേക്കുതടിയടക്കം ഉപയോഗിച്ചിട്ടുണ്ട്. ഒറ്റ തടിയിലുള്ള തൂണുകൾ ആനയെ കൊണ്ടുവന്നാണ് ഉയർത്തിവെച്ചതെന്നാണ് പഴമക്കാർ പറഞ്ഞതെന്ന് ഭാരവാഹികൾ ഓർക്കുന്നു. പള്ളിയിലേക്ക് കയറുന്ന വാതിൽ തന്നെ പഴമയുടെ തനിമ വിളിച്ചോതുന്നു. ഹിജ്റ 683ലാണ് നിർമിച്ചതെന്ന് രണ്ട് നിലയുള്ള പള്ളിയുടെ തട്ടിൽ കൊത്തിവെച്ചിട്ടുണ്ട്.
മലബാർ മേഖലയിൽ കേരളീയ ശൈലിയിൽ ഓടുപാകിയ മുസ്ലിം പള്ളികൾ ധാരാളമായി ഉണ്ടെങ്കിലും തെക്കൻകേരളത്തിൽ ഇവ അപൂർവമാണ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ പഴയകാലത്ത് ഓടുപാകിയ പള്ളികൾ ധാരാളമായി ഉണ്ടായിരുന്നു. ഇവ കാലാന്തരത്തിൽ പുതുക്കിപ്പണിയുകയായിരുന്നു. തെക്കുംഭാഗം പള്ളി മാറിമാറി വന്ന പരിപാലകർ അതേപടി സംരക്ഷിക്കാൻ തയാറായി. പള്ളിയുടെ അകത്തെ കാഴ്ചകൾ കണ്ടാൽ ആരും നോക്കിനിന്നുപോകും.
അത്രക്ക് ഭംഗിയായാണ് നിർമാണ രീതികൾ നടത്തിയിട്ടുള്ളത്. ആധുനിക സംവിധാനങ്ങളുള്ള പള്ളികൾ കണ്ട് ശീലിച്ച പുതുതലമുറ പുത്തൻപള്ളിയെ വിസ്മയത്തോടെയണ് കാണുന്നത്. ധനാഢ്യരായിരുന്ന പരവൂർ പുത്തൻവീട് കുടുംബമാണ് പള്ളി നിർമിച്ചത്. രാജകുടുംബവുമായി അടുത്ത ബന്ധമുള്ളവരായിരുന്നു പുത്തൻവീട് കുടുംബക്കാർ.
ഇവർക്ക് നാടുവാഴികളുടെ സ്ഥാനമാണ് രാജകുടുംബം നൽകിയിരുന്നത്. എ. ഷുഹൈബ്, ഫസലുദ്ദീൻ, ഹുമയൂൺ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് നിലവിൽ പള്ളിയുടെ പരിപാലന ചുമതല നിർവഹിക്കുന്നത്. തദ്ദേശിയർക്ക് പുറമേ സന്ദർശകരുമടക്കം നിരവധിപേർ ഇവിടെ നമസ്കാരത്തിനെത്തുന്നു. കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിർത്തിമേഖലയാണ് തെക്കുംഭാഗം. കായലും കടലും അടുത്തടുത്തായുള്ള ഈ പ്രദേശത്ത് നിരവധി സന്ദർശകരാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.