രാമായണങ്ങൾ എത്രയുണ്ട് എന്ന ചോദ്യത്തിന് നമുക്ക് കൃത്യമായ ഉത്തരം നൽകാനാകില്ല. വാ–വരമൊഴികളിലൂടെ വിവിധ ദേശകാലങ്ങളിൽ പ്രചരിതമായ രാമായണത്തിന് നിരവധി പരിഭാഷകളും പാഠങ്ങളും ആഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് അധ്യാത്മരാമായണം സംസ്കൃത മൂലകൃതിയിൽ ''പല പണ്ഡിതരിൽനിന്നും രാമായണങ്ങൾ പലതും ശ്രുതിപ്പെട്ടിട്ടുണ്ട്'' (രാമായണാനി ബഹുശഃ/ശ്രുതാനി ബഹുഭിർ ദ്വിജൈഃ (അധ്യാത്മരാമായണം–2.4.77) എന്ന് പറഞ്ഞിരിക്കുന്നത്.
''രാമായണങ്ങൾ പലവും കപിവര–/രാമോദമോടു പറഞ്ഞുകേൾപ്പുണ്ടു ഞാൻ'' എന്ന് അധ്യാത്മരാമായണം കിളിപ്പാട്ടിൽ തുഞ്ചത്താചാര്യൻ സീതയിലൂടെ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. കഥാശിൽപവും ആഖ്യാനഘടനയും രൂപഭാവതലങ്ങളും തുലോം വ്യത്യസ്തമാണെങ്കിലും താന്താങ്ങളുടെ സാംസ്കാരികപശ്ചാത്തലത്തിൽനിന്ന് ഉറവെടുത്തതെന്ന് നെഞ്ചോടു ചേർത്തു പറയാൻ ഏവർക്കും കഴിയുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത.
ഹനുമാൻ മുഖ്യകഥാപാത്രമാകുന്ന The monkey എന്ന പേരിൽ പരിഭാഷ ചെയ്യപ്പെട്ട വ്യൂ ചെങ്ങ്–എൻ രചിച്ച ഹിഷിയൂച്ചി രാമായണത്തിന് പുറമെ ബോധിസത്വൻ കഥാനായകനായി വരുന്ന രാമായണം, ജംബുദ്വീപിൽ ഭരണം നടത്തിയ ദശരഥമഹാരാജാവിന്റെ കഥ പറയുന്ന രാമായണം എന്നിവ ചൈനയിലുണ്ട്. നിഴൽനാടകമായും പാവനാടകമായും രംഗത്തവതരിപ്പിക്കാറുള്ള രാമകീർത്തിയെന്ന കമ്പോഡിയൻ രാമായണം, കമ്പോഡിയയിലെയും തായ്ലൻഡിലെയും രാമായണത്തോട് അടുപ്പമുള്ളതും നാടോടിക്കഥകളിലൂടെ പ്രചരിക്കുന്നതും ഹനുമാന് വിചിത്രജന്മമേകുന്നതുമായ ലാവോസിന്റെ രാമായണം, കേൾവിയിലൂടെയും വായനയിലൂടെയും രാമനെപ്പോലെ വിജയം വരിക്കാനാകുമെന്ന് തദ്ദേശീയർ കരുതുന്ന ഇന്തോനേഷ്യൻ രാമായണം, ഫിലിപ്പീൻസിലെ ഗോത്രവർഗക്കാർക്കിടയിലെ വാൽമീകിരാമായണവുമായി ബന്ധമുള്ള മലയൻ രാമായണം എന്നിവ വിദേശരാമായണങ്ങളിൽപെടുന്നു.
ഇന്ത്യയിൽ അധ്യാത്മരാമായണം, വാസിഷ്ഠരാമായണം, അഗ്നിവേശരാമായണം, മന്ത്രരാമായണം, തത്ത്വസംഗ്രഹരാമായണം, തുളസീദാസരാമായണം, കമ്പരാമായണം, പാതാളരാമായണം, അത്ഭുതരാമായണം, അഗസ്ത്യരാമായണം, ആനന്ദരാമായണം എന്നിങ്ങനെ അവ നീണ്ടു കിടക്കുന്നു. നമ്മുടെ മലയാളഭാഷയിൽ ചീരാമകവിയെഴുതിയ രാമചരിതം, അയ്യിപ്പിള്ള ആശാന്റെ രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം, തുഞ്ചത്തെഴുത്തച്ഛൻ രചിച്ച അധ്യാത്മരാമായണം കിളിപ്പാട്ട് എന്നിവ പ്രസിദ്ധമാണ്. വയനാടൻ, ചെട്ടിരാമായണം, വയനാടൻ സീതായനം എന്നിവ നാടോടി രാമായണങ്ങളിൽപെടുന്നു.
ദാശലാശൻ മൂന്നു പെണ്ണിനെ നിക്കാഹ് ചെയ്ത പാട്ട്
അമ്മി കുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലു പെറ്റൊരു പാട്ട്
നാലിലും ചേലുള്ള ലാമേന്റലു കൂട്ടും പാട്ട്
എന്നാണ് മാപ്പിളപ്പാട്ടിന്റെ ഇശലിലുള്ള, കുട്ടോത്ത് മുസ്ലിയാർ എഴുതിയതെന്ന് കരുതപ്പെടുന്ന മാപ്പിളരാമായണത്തിൽ പറയുന്നത്. ഇങ്ങനെ ദേശകാലഭേദമെന്യേ ലോകത്തിലെ വിവിധ സമൂഹങ്ങളിൽപെട്ടവർ സ്വാംശീകരിച്ച സമ്പന്നമായ ഇതിഹാസജീവിതമാണ് രാമായണത്തിനുള്ളത്. വിഭാഗീയമായ സ്ഥാപിതതാൽപര്യങ്ങളും അവകാശവാദങ്ങളും കുത്സിതശ്രമങ്ങളും കടന്നാക്രമണങ്ങളും ചെറുത്തു തോൽപിക്കുന്നതിനും നിർവീര്യമാക്കുന്നതിനും കെൽപ്പുള്ള സാംസ്കാരികബോധം പടുത്തുയർത്താൻ ഈ കൃതിക്ക് സാധിക്കുന്നതും അതുകൊണ്ടു തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.