ഹജ്ജ് പ്രദേശങ്ങളിലെ സുപ്രധാനമായൊരു പുണ്യസ്ഥലമാണ് മുസ്ദലിഫ. അറഫയുടെയും മിനയുടെയും ഇടയിലുള്ള താവളമാണിത്. നാലു കിലോമീറ്റർ നീളവും 12.25 മീറ്റർ വിസ്തൃതിയുമുണ്ട് ഈ പ്രദേശത്തിന്. മിനയിലെ ജംറയിൽനിന്ന് മുസ്ദലിഫയിലേക്ക് മൂന്നു കിലോമീറ്റർ ദൂരമാണുള്ളത്. അറഫയുടെ അതിർത്തിയിലുള്ള നമിറ പള്ളിയിൽനിന്ന് ഏഴു കിലോമീറ്ററും.
ഹജ്ജിനെത്തുന്ന തീർഥാടകർ അറഫയിലെ നിൽപ് കഴിഞ്ഞാൽ സൂര്യാസ്തമയത്തിനുശേഷം പിന്നീട് പോകുന്ന ഇടമാണ് മുസ്ദലിഫ. മിനയും മുസ്ദലിഫയും മുൻകാലങ്ങളിൽ രണ്ടു വ്യത്യസ്ത പ്രദേശങ്ങളായിരുന്നു. എന്നാൽ, ജനത്തിരക്ക് കാരണം രണ്ടിന്റെയും അതിർത്തി വിശാലമാക്കിയപ്പോൾ വളരെ അടുത്ത് ചേർന്നുകിടക്കുന്ന സ്ഥിതിയിലായി. മുസ്ദലിഫ മുതൽ മിന വരെയുള്ള പ്രദേശങ്ങളിൽ വിശാലമായ പന്തൽ നിർമിച്ചിട്ടുണ്ട്. മുസ്ദലിഫയുടെ പ്രദേശത്ത് ചില ഭാഗങ്ങളിൽ മാത്രമാണ് പന്തലുകൾ ഉള്ളത്. ഇവിടെ സൗകര്യപ്രദമായ സ്ഥലത്ത് ഹാജിമാർക്ക് രാത്രി വിശ്രമിക്കാം.
ആദമും ഹവ്വയും സംഗമിച്ച സ്ഥലമായതുകൊണ്ട് അടുത്തു എന്ന അർഥത്തിൽ 'ഇസ്ദലിഫ' എന്ന പദത്തിൽനിന്നാണ് 'മുസ്ദലിഫ' ഉരുത്തിരിഞ്ഞത് എന്നാണ് പ്രബലമായ അഭിപ്രായം. ദൈവത്തിന്റെ സാമീപ്യം നേടുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് ആ പേര് വന്നതെന്ന അഭിപ്രായവുമുണ്ട്. രാത്രിയോട് അടുത്ത സമയത്ത് ഹാജിമാർ മുസ്ദലിഫയിൽ എത്തുന്നതിനാൽ ആ സമയത്തിന് അറബിയിൽ പറയുന്ന 'സുലഫ്' എന്ന പദത്തിൽനിന്നാണ് മുസ്ദലിഫ എന്ന പദം വന്നതെന്ന് അഭിപ്രായപ്പെടുന്ന അറബിഭാഷ പണ്ഡിതന്മാരുമുണ്ട്. മുസ്ദലിഫക്ക് 'ജംഅ്' എന്ന ഒരു പേരുകൂടി ഉണ്ട്. തീർഥാടകർ അവിടെ ഒരുമിച്ചുകൂടുന്നതുകൊണ്ടോ അല്ലെങ്കിൽ ആദമും ഹവ്വയും ഒരുമിച്ചു കൂടിയ പ്രദേശമായതുകൊണ്ടോ അതുമല്ലെങ്കിൽ ഹാജിമാർ ദുൽഹജ്ജ് ഒമ്പതിന് രാത്രി രണ്ടുനേരത്തെ നമസ്കാരം ഒരുമിച്ചു നിർവഹിക്കുന്നതുകൊണ്ടോ ആവാം ഈ പേര് വന്നതെന്നും അഭിപ്രായമുള്ളവരുണ്ട്.
ദുൽഹജ്ജ് ഒമ്പതിന് അറഫയിലെ സംഗമത്തിനുശേഷം പ്രഭാതം വരെ ഹാജിമാർ മുസ്ദലിഫയിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്. അതിനുശേഷം സൂര്യന് ഉദിക്കുന്നതിനു മുമ്പായി മുസ്ദലിഫയില്‍നിന്ന് വീണ്ടും തീർഥാടകർ മിനയിലേക്ക് പുറപ്പെടും. ഈ സമ്പ്രദായം ഇബ്രാഹീം നബിയുടെ കാലം മുതൽ തുടർന്നുവരുന്നതാണ്.
അറഫയിൽനിന്ന് പിരിഞ്ഞുപോന്നാൽ തുടർന്ന് ഏതാനും ദിവസങ്ങളിൽ മുസ്ദലിഫയിലും മിനയിലുമായി വ്യാപാരമേള നടത്തുകയും ഉത്സവമാഘോഷിക്കുകയും ചെയ്യുന്ന രീതിയായിരുന്നു പൗരാണിക അറബികൾ ചെയ്തിരുന്നത്.
അതത് ഗോത്രങ്ങൾ തങ്ങളുടെ പൂർവികരുടെ വീരപരാക്രമങ്ങൾ പാടിപ്പുകഴ്ത്തിയിരുന്നു. ഈ സമ്പ്രദായത്തെ നിരോധിക്കുകയും അല്ലാഹുവിനെ ധ്യാനിക്കാനും ദൈവസാമീപ്യം നേടാനും ഇസ്ലാം കൽപിക്കുകയുമാണ് ചെയ്തത്. വിശ്രമവും ദൈവസ്മരണയുമാണ് മുസ്ദലിഫയിലെ പ്രധാന കര്‍മം. മുഹമ്മദ് നബിക്കു മുമ്പുള്ള കാലത്ത് വ്യാപാരമേള, കവിയരങ്ങ്, പ്രസംഗ മത്സരങ്ങള്‍, ഗോത്രങ്ങളുടെ പൊങ്ങച്ചപ്രകടനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു ഈ സമയം ഉപയോഗപ്പെടുത്തിയിരുന്നത്. അത് നിരോധിച്ചും അല്ലാഹുവിന്റെ നിര്‍ദേശാനുസരണം ദൈവസ്മരണയില്‍ മുഴുകുകയാണ് വേണ്ടതെന്ന് കൽപിച്ചുമുള്ള നിർദേശമാണ് തീർഥാടകർക്ക് ഇസ്ലാം നൽകിയത്.
മുസ്ദലിഫക്ക് ഖുർആൻ പ്രയോഗിച്ച പദം 'മശ്അറുൽ ഹറാം' എന്നാണ്. 'അറഫയിൽനിന്ന് പുറപ്പെട്ടാൽ മശ്അറുൽ ഹറാമിനടുത്ത് അല്ലാഹുവിനെ സ്മരിക്കുവിൻ' (ഖുർആൻ 2:198) എന്ന വചനത്തിലെ 'മശ്അറുൽ ഹറാം' മുസ്ദലിഫയാണെന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നത്. മശ്അറുല്‍ ഹറാം എന്നതുകൊണ്ട് മുസ്ദലിഫ മുഴുവനുമാണ് ഉദ്ദേശ്യമെന്ന് ഇബ്നു ഉമറിനെ പോലുള്ള പ്രമുഖർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മുസ്ദലിഫയിലെ ഖുസഅ് എന്ന കുന്നിനു താഴെയാണ് മശ്അറുല്‍ ഹറാം. ഇവിടെ 'മശ്അറുല്‍ ഹറാം' എന്ന പേരിൽ ഒരു പള്ളിയുമുണ്ട്. മുസ്ദലിഫയിലെ റോഡ് നമ്പര്‍ അഞ്ചിനു സമീപമാണ് ഇതുള്ളത്.
5,040 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പള്ളിയില്‍ 12,000 പേര്‍ക്ക് നമസ്കരിക്കാനുള്ള സൗകര്യമുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രവാചകന് ഹജ്ജിന്റെ സമയത്ത് രാത്രി താമസിച്ച സ്ഥലത്ത് പിന്നീട് നിര്‍മിച്ചതാണ് ഈ പള്ളി. മുസ്ദലിഫയിൽ എവിടെയും ഹാജിമാർക്ക് താമസിക്കുകയും പ്രാർഥിക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.