റമദാൻ ഓർമകൾ അയവിറക്കുമ്പോൾ ആദ്യം ഓർമിക്കുക ചെറുപ്പകാലങ്ങളിലെ നോമ്പ് തുറകൾ തന്നെയാണ്.എന്നാൽ ഏറ്റവും കൂടുതൽ റമദാനുകൾ ഈ പ്രവാസഭൂമിയിൽ ആയതുകൊണ്ടു തന്നെ ഇവിടെയും ഒരുപാട് ഓർമിക്കപ്പെടേണ്ടുന്ന നോമ്പുതുറകൾ കഴിഞ്ഞു പോയിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും ഗണനീയമായിട്ടുള്ളത് കഴിഞ്ഞ കാലങ്ങളിലെ കെ.എം.സി.സിയുടെ ഗ്രാൻഡ് ഇഫ്താർ തന്നെയാണ്. കഴിഞ്ഞ വർഷത്തെ ഗ്രാൻഡ് ഇഫ്താർ ചരിത്രത്തിൽ ഇടം പിടിച്ച ഒരു നോമ്പുതുറയാണ്. 6000ത്തിനു മുകളിൽ ആളുകൾ നോമ്പുതുറക്ക് എത്തുകയുണ്ടായി. എന്നിട്ടും എല്ലാവരെയും സ്വീകരിച്ചിരുത്തി അവരെയൊക്കെ ആതിഥ്യ മര്യാദയോടെ സ്വീകരിച്ച് അവർക്കെല്ലാം ഭക്ഷണങ്ങളും വെള്ളവും എത്തിക്കുന്ന വളരെ സന്തോഷദായകമായ ഒരു നോമ്പുതുറക്ക് സാക്ഷിയാകാൻ സാധിച്ചത് എപ്പോഴും ഓർമിക്കാൻ പറ്റുന്ന ധന്യമുഹൂർത്തമാണ്.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു മുഖ്യാതിഥി.കൂടെ വിവിധ സംഘടന നേതാക്കൾ, പ്രഗൽഭർ മുതൽ തൊഴിലാളികൾ വരെ ഒരേനിരയിൽ അണിനിരന്ന് നോമ്പുതുറക്കുന്ന കാഴ്ച മനസ്സിന് ആനന്ദവും ആഹ്ലാദവും ഉണ്ടാക്കി. മനസ്സിൽനിന്ന് ഒരിക്കലും മായ്ച്ചുകളയാൻ പറ്റാത്ത രൂപത്തിൽ അത് ആലേഖനം ചെയ്യപ്പെട്ടു. ഒരുപാട് നോമ്പുതുറകളിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ടായിരുന്നു എങ്കിലും ഇതുപോലുള്ള ഒരു നോമ്പുതുറ മനസ്സിൽനിന്നും മായില്ല.
വളന്റിയർമാരുടെ നിസ്തുല സേവനങ്ങൾ എടുത്തു പറയേണ്ടതാണ്. അവർ ഒരിറക്ക് വെള്ളം കുടിച്ചു നോമ്പുതുറന്നുകൊണ്ട് മറ്റുള്ളവരെ നോമ്പുതുറപ്പിക്കാൻ ഓടിനടക്കുകയായിരുന്നു. സഹജീവി സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും മത സൗഹർദവും ചേർത്തുപിടിച്ചുള്ള കെ.എം.സി.സി യുടെ ഇഫ്താർ സംഗമങ്ങൾ എല്ലാവർക്കും മാതൃകയും പരിശുദ്ധവും പരിപാവനവുമായ പുണ്യ റമദാനിന്റെ സന്ദേശം എല്ലാവരിലും എത്തിക്കാനും സാധിക്കുന്നു എന്നത് തന്നെ സന്തോഷകരമാണ്. പ്രവാസത്തിന്റെ പ്രഹേളികയിൽ കിട്ടുന്ന ഇത്തരം ധന്യമുഹൂർത്തങ്ങൾ ജീവിതത്തിലെ ശിഷ്ട കാലത്തും ഓർക്കാനും ഓർത്തുവെക്കാനും എപ്പോഴും കൂട്ടിനുണ്ടാകും എന്നത് തന്നെയാണ് വളരെ സന്തോഷ ദായകം. ഇപ്രാവശ്യത്തെ ഗ്രാൻഡ് ഇഫ്താറിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തു എന്നത് തന്നെ ഗ്രാൻഡ് ഇഫ്താറിന്റെ പ്രാധാന്യം വിളിച്ചോതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.