നോമ്പനുഭവങ്ങളിൽ കാരക്കയോളം മധുരവും മഹത്വവും ഉള്ളവരാണ് ഉപ്പയും വല്യുപ്പയും.അലിയിച്ചിറക്കുമ്പോൾ നെഞ്ചിൽ അലിഞ്ഞുചേരുന്ന ഒത്തിരി, ഒത്തിരി ഓർമകൾ. ഏറ്റവും സുന്ദരവും മനോഹരവുമായി മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നത് കുട്ടിക്കാലത്തെ തറവാട്ടിലെ നോമ്പുകളാണ്. കാരുണ്യച്ചിറകിൻ കീഴെ മക്കളെ ചേർത്തുനിർത്തിയ വല്യുപ്പയെന്ന തണൽമരം.
വിശപ്പിന്റെ, സഹനത്തിന്റെ, സമർപ്പണത്തിന്റെ.... അങ്ങനെയങ്ങനെ, ഒരുപാട് ബാലപാഠങ്ങൾ ഞങ്ങളിൽ പരിശീലിപ്പിച്ചെടുത്തു ആ മനീഷി.
നോമ്പ് നോൽക്കാനായി അത്താഴത്തിനു വിളിച്ചിരുത്തി അധികം നൽകിയ പപ്പടവും നോമ്പ് തുറക്കാറാവുമ്പോൾ അങ്ങാടിയിൽനിന്നും കൊണ്ടുവരുന്ന ‘ഗോൾഡ് സ്പോട്ട്’ എന്ന ശീതളപാനീയത്തിന്റെ രുചിയും പിന്നീടിതുവരെ കിട്ടിയിട്ടില്ല.
അന്നത്തെ പകലുകൾക്ക് നേരം ഒരുപാട് ഉണ്ടായിരുന്നു എന്ന് തോന്നാറുണ്ട്. വായനയും ചില നേരമ്പോക്കുകളും പകലിനെ പരിമിതപ്പെടുത്താനുപയോഗിച്ചു. നോമ്പുപണം സ്വരുക്കൂട്ടിയ മൺകുടം സമ്പാദ്യസ്വരൂപണത്തിന്റെ ആദ്യപാഠമായിരുന്നു. പെരുന്നാളിന് എറിഞ്ഞുടച്ച പണപ്പെട്ടിയുടെ അവകാശം മാതൃത്വം കൈയടക്കിയപ്പോൾ,രക്ഷിതാക്കളോടുള്ള ബഹുമാനവും ഭയവും കാരണം അവർ കൈയിൽ തന്നത് കൊണ്ട് തൃപ്തിപ്പെടാനും കഴിഞ്ഞിരുന്നു
റമദാൻ 29ാം രാവിൽ ഞങ്ങളെ നെഞ്ചോട് ചേർത്ത്, ഒരല്പം കിടക്കട്ടെ എന്ന് പതിയെ അടച്ച വല്യുപ്പയുടെ കണ്ണുകൾ ,നേർത്തൊരു ശ്വാസത്തോടെ നിശ്ചലമായി. ഒപ്പം കുഞ്ഞോർമകളിലെ മാധുര്യമുള്ള നോമ്പനുഭവങ്ങളും.
നോമ്പുതുറക്കാറാവുമ്പോൾ ഉപ്പ അങ്ങാടിയിൽനിന്നും കേറിക്കോളി എന്ന് പറഞ്ഞു വാഹനത്തിൽ വീട്ടിലേക്ക് കൊണ്ട് വരുന്ന അതിഥികളിലൂടെ സഹസ്നേഹവും ആതിഥ്യവു ഞങ്ങൾ കണ്ടുപഠിച്ചു.
അവരിൽ ഉള്ളവനും ഇല്ലാത്തവനും അറിയുന്നവരും അല്ലാത്തവരുമുണ്ടായിരുന്നു. അയൽപക്കത്തേക്ക് നോമ്പ് തുറക്കാൻ കൊടുത്തുവിട്ട അന്നത്തെ കുഞ്ഞു പലഹാരപ്പൊതിക്ക്, കൂമ്പാരം കൊടുത്താലും ഇന്ന് കിട്ടാത്തത്ര ഊഷ്മളതയുടെ സൗരഭ്യം ഉണ്ടായിരുന്നു.ജീവിതത്തിലേക്ക് നന്മയുള്ള ഒരുപാട് പാഠങ്ങൾ പകർന്നു നൽകിയ ഉപ്പയും നാഥന്റെ സന്നിധിയിലാണിന്ന്. നനുത്ത സുഖമുള്ള ഓർമകൾ ഓരോ നോമ്പുകാലവും എന്നെ ഉണർത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.