സുധ ചന്ദ്രശേഖരൻ (എം.എൻ.എം.എ)
റമദാനിലെ നോമ്പ് എന്ന് കേൾക്കുമ്പോൾ ഒരുപാട് ഓർമകളാണ് മനസ്സിലേക്ക് വരുന്നത്. പത്തനംതിട്ടയിലെ കോന്നിക്കടുത്താണ് ഞാൻ താമസിക്കുന്നത്. ജീവിതത്തിലെ കടുത്ത പ്രയാസങ്ങളും പ്രശ്നങ്ങളും നേരിടേണ്ടി വന്ന സന്ദർഭത്തിൽ എനിക്കും കുടുംബത്തിനും അഭയം നൽകിയത് ഞങ്ങളുടെ അടുത്തുള്ള മുസ്ലിം കുടുംബമായിരുന്നു. താമസിക്കാൻ നൽകിയ വീടിന് വാടക വാങ്ങാറില്ലായിരുന്നു. മാത്രവുമല്ല എന്റെ ചേട്ടന്റെ അസുഖം കാരണം നാലു വർഷത്തോളം ദുബൈയിൽ ജോലിക്ക് അവസരവും ഉണ്ടാക്കിത്തന്നു.
അക്കാലത്താണ് ശരിക്കും നോമ്പനുഷ്ഠിക്കുന്ന മനുഷ്യനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ അറിയുന്നത്. പകലിൽ ആഹാരപാനീയങ്ങൾ ഉപേക്ഷിക്കുക മാത്രമല്ല സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങൾ പ്രകടമായി കാണാം. നോമ്പുകാലങ്ങളിൽ സ്നേഹം, കാരുണ്യം, ദയ തുടങ്ങിയവയുടെ പര്യായങ്ങൾ ജീവിതത്തിലുടനീളം പ്രകടമായി ദർശിക്കാം. നോമ്പ് തുറക്കാൻ ദിവസവും ആളുകൾ ഉണ്ടാകും. അവർക്കു നൽകുന്ന ആതിഥ്യം, ദിനേന പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി കേരളത്തിൽനിന്ന് വരുന്നവരെ ഒരിക്കലും തിരിച്ചയക്കാറില്ല. കഴിയാവുന്നവ കൊടുത്ത് സന്തോഷിപ്പിച്ച് പറഞ്ഞയക്കും. അഗതികളുടെയും അശരണരുടെയും ജീവിതത്തിന് വേണ്ടിയുള്ളവ, പെയിൻ ആൻഡ് പാലിയേറ്റിവ് പോലെയുള്ളവയും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ അങ്ങിനെ ആവശ്യങ്ങൾ നിരവധിയായണ്. ഓരോ മുസ്ലിമും താൻ സമ്പാദിച്ച ധനത്തിൽനിന്ന് നിശ്ചിത വിഹിതം അനാഥകൾ, അഗതികൾ, അശരണർ തുടങ്ങിയവർക്ക് നൽകേണ്ടതുണ്ടെന്ന് സാമ്പത്തികമായി കഴിവുള്ള ഓരോ മുസ്ലിമും വിശ്വസിക്കുന്നു. ദൈവകല്പനയായി ജീവിതത്തിൽ പാലിക്കുന്നു.
പണം സമ്പാദിക്കുന്നതും ചെലവഴിക്കുന്നതും എല്ലാം ദൈവമാർഗത്തിൽ പുണ്യവും സ്വർഗപ്രാപ്തിയുമാണ് എന്ന മതശാസനകളായതിനാലാണ് റമദാനിൽ ഇത്രയും സന്തോഷത്തോടെ ചെലവഴിക്കുന്നതെന്ന് റമദാനിലെ മുസ്ലിം സഹോദരന്മാരുമായി അടുത്തിടപഴകിയാൽ അറിയാം. ഞാൻ അംഗമായ എം.എൻ.എം.എ അസോസിയേഷൻ എല്ലാ വർഷവും നടത്താറുള്ള ഇഫ്താർ ഞങ്ങൾക്ക് ഏറെ സന്തോഷം നൽകാറുണ്ട്. ഒരേ ആണിൽനിന്നും പെണ്ണിൽനിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യർ പരസ്പരം വർഗ വർണ വ്യത്യാസം പറഞ്ഞ് ദുരഭിമാനം നടിക്കേണ്ടവരല്ലെന്ന മാനവികതയുടെ സന്ദേശം പ്രാവർത്തികമാക്കുന്ന മാസവും കൂടിയാണ് റമദാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.