വീട്ടിൽനിന്ന് ഏകദേശം രണ്ട് മൂന്ന് കി.മീ ദൂരമുണ്ട് ചെറുവക്കര തറവാട്ട് വീട്ടിലേക്ക്. മാറിത്താമസിച്ചെങ്കിലും വേരറ്റ് പോവാത്ത ഇഴയടുപ്പം തറവാട് വീടുമായി നിലനിന്നിരുന്നു. വീട്ടിൽനിന്നിറങ്ങി ആദ്യത്തെ ഒരു കിലോമീറ്ററോളം മെയിൻ റോഡിന്റെ ഓരത്തുകൂടി നടക്കണം. പിന്നെ വയൽ തുടങ്ങിന്നിടത്തുനിന്ന് തെങ്ങിൻതോപ്പിലൂടെ തോട്ടിലെ മീനിനൊപ്പം ഒഴുക്കിന് സമാന്തരമായ നടപ്പ്. അപ്പോൾ മേലെ പറമ്പിൽ ചാഞ്ഞ് കിടക്കുന്ന തെങ്ങിൻ തലപ്പുകളും വയലിലെ കവുങ്ങും വാഴത്തലപ്പുകളും കുടചൂടും, തോട്ടിലെ കളകളാരവം പിന്നിടുന്ന ദൂരം തിട്ടപ്പെടുത്തും. വലിയ തോടും മുറിച്ച് കടന്ന് ചെരിപ്പിൽ പരമാവധി ചളിയാക്കാതെ വയൽ വരമ്പിലൂടെ മുറിച്ച് കടന്നാൽ അക്കരെ പറമ്പിൽ ചെറുവക്കര തറവാട് ദൃശ്യമാവും. നോമ്പെടുത്ത് അവിടം വരെ പോയി തിരിച്ച് വന്നു എന്നതായിരുന്നു എന്റെ ചെറുപ്പത്തിലുളള നോമ്പ് കാലത്തെ ആദ്യത്തെ ധീരയജ്ഞം. വെളിച്ചം മായാൻ തുടങ്ങുന്ന നീലാകാശത്ത് നോക്കി ഉടൻ കഴിക്കാൻ കാത്തിരിക്കുന്ന ഉമ്മ ഉണ്ടാക്കിവെച്ച വിഭവങ്ങളുടെ സ്വാദോർത്ത്, ഒന്ന് മുതൽ നൂറു വരെ പലവട്ടം എണ്ണിക്കൊണ്ടങ്ങനെ സമയം തള്ളി നീക്കി ബാങ്ക് കേൾക്കാൻ കാത്തിരിക്കും. അഞ്ചോ ആറോ കിലോമീറ്റർ അകലെയുള്ള കൂനിയോട് പള്ളിയിലെ ബാങ്ക് കേട്ടിട്ടായിരുന്നു ഞങ്ങൾ നോമ്പ് തുറന്നിരുന്നത്. സമയമായാൽ മുറ്റത്ത് ഇറങ്ങിനിന്ന് കാതോർക്കും, അങ്ങകലെനിന്ന് ഒരു നേരിയ ശബ്ദമായ് അല്ലാഹു അക്ബർ എന്ന് കേൽക്കുമ്പോൾ ‘കൊടുത്ത് കൊടുത്ത്...’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അകത്തേക്കോടും..
നോമ്പ് കാലമായാൽ രാത്രിയാവുമ്പോൾ വീട്ടിൽനിന്ന് അയൽപക്കത്തേക്കൊക്കെ ഉമ്മ ഭക്ഷണം കൊടുത്തയച്ചിരുന്നു. അങ്ങനെയുള്ള ഒരാളുടെ ഓർമ എല്ലാ നോമ്പ് കാലത്തും എന്നെ പിന്തുടരാറുണ്ട്. സംസാരശേഷിയും കേൾവിയുമില്ലാത്ത പനോളെലെ ചേട്ടൻ. നോമ്പായാൽ അയാൾ വൈകുന്നേരത്തെ കുളി ഞങ്ങളുടെ അടുത്തുളള പുഴയിലേക്ക് മാറ്റും. ബാങ്ക് കൊടുത്ത് കഴിഞ്ഞ് ഇരുട്ടായാൽ കുളിച്ച് തോർത്തും തോളത്തിട്ട് ഇലയനക്കമില്ലാതെ കോലായിലെ പടിയിൽ വന്നിരിക്കും. ടയർ പത്തിലും കുഞ്ഞിപ്പത്തിലും ഇറച്ചിക്കറിയും ചൂട് ചായയും ഉമ്മയവിടെ കൊണ്ടുപോയിവെക്കും. ഭക്ഷണം കഴിച്ച് കഴിഞ്ഞ് മുറ്റത്ത് പൈപ്പിന്ന് പ്ലേറ്റും കഴുകി വെച്ച് ഉപചാപവാക്കുകൾക്കൊന്നും നിൽക്കാതെ മൂപ്പര് ഇരുട്ടിലേക്ക് മറയും. ഓർമയുളള കുറേ നോമ്പ് നാളുകളിൽ ഈ നിശ്ശബ്ദ വിപ്ലത്തിന് ഞാൻ മൂകസാക്ഷിയായ്, പിന്നീടെപ്പോഴോ ആ വരവ് നിലച്ചു.
ഖത്തറിൽ ആദ്യമായ് വന്ന വർഷത്തെ നോമ്പ് കാലം പ്ലസ്ടു സുഹൃത്തും സഹമുറിയനുമായിരുന്ന ബിജോയുടെ നോമ്പുമായി ബന്ധപ്പെട്ടതാണ്. വന്ന ഉടനെയുളള സാമ്പത്തിക ഞെരുക്കം മൂലം വൈകുന്നേരമായാൽ നല്ല നല്ല ടെന്റുകൾ കണ്ട് പിടിച്ച് നോമ്പ് തുറക്കലായിരുന്നു പരിപാടി. ഒന്നിച്ച് നടക്കാൻ ഈ അന്യനാട്ടിൽ പഴയ സുഹൃത്തിനെ തന്നെ കിട്ടിയതിൽ ഞാനും ആശ്വസിച്ചു. ഒരു ദിവസം തമാശക്ക് പറഞ്ഞു, ഈ കഴിക്കുന്നതിന്റെ ശരിക്കുമുളള സുഖമറിയണേൽ എന്നെപ്പൊലെ നോമ്പെടുക്കണമെന്ന്. അങ്ങനെ ഒരു ദിവസം അവനാ സാഹസം ചെയ്തു. പക്ഷേ ആദ്യ നോമ്പ് ഗ്യാസ്ട്രൈറ്റിസുമൊക്കെയായി തലവേദനക്ക് സാധ്യതയുള്ള ഒന്നാണല്ലോ. അത് തന്നെ സംഭവിച്ചു. ഉച്ചയായപ്പോൾ തന്നെ ബിജോയ്ക്ക് വിശന്ന് ഭ്രാന്തായി. വൈകുന്നേരമായപ്പോൾ തലവേദന. എന്നെ കാണുമ്പോൾ അത് കൂടിക്കൊണ്ടിരുന്നു. എങ്ങനെയോ ഒരു വിധം ടെന്റിലെത്തി, നാലഞ്ച് പേർ ഒന്നിച്ച് ഒരു പാത്രത്തിൽനിന്ന് കഴിക്കുന്ന രീതിയാണവിടെ. ചുവന്ന് കലങ്ങിയ കണ്ണുകളുമായി എന്നെ നോക്കിപ്പേടിപ്പിച്ച് കൊണ്ട് ബിജോയ് പരമാവധി സാധനങ്ങൾ തന്നിലേക്കടുപ്പിച്ച് വെച്ചു. ബാങ്ക് കൊടുത്തതേ പിന്നെ ഓർമയുളളൂ, ശുഭം..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.