കൊങ്ങിണിപ്പൂക്കളും മിണ്ടാമിണ്ടിക്കായയും പൂത്തുലഞ്ഞുനിൽക്കുന്ന പറമ്പിൽ മുള്ളുകൾ കോർത്ത കാട്ടുചെടികളെ വകഞ്ഞുമാറ്റി പെറുക്കിയെടുക്കുന്ന കാറ്റത്തുവീണ മൂവാണ്ടൻ മാങ്ങയുടെ കാക്ക കൊത്താത്ത ചെറിയ പൂളുകൾ. നിലത്തിഴയുന്ന പാവാടയിൽ വയലറ്റ് കറ പടർത്തി വീണുകിടക്കുന്നവയെല്ലാം പെറുക്കിയെടുത്ത് ഉപ്പിട്ട് വെയിലത്തു വെച്ചുണക്കിയ ഞാവൽപ്പഴങ്ങൾ. ചുമന്നു തുടുത്ത പറങ്കിമാങ്ങ, സ്കൂളിൽനിന്നും കൂട്ടുകാരി തന്ന കാരക്ക മിഠായി എല്ലാം ഭദ്രമായി നോമ്പുതുറക്കുമ്പോൾ കഴിക്കാനായി എടുത്തുവെച്ച്, അവസാനം പള്ളിയിൽ ബാങ്ക് വിളി കേട്ടാൽ വയറുനിറയെ നാരങ്ങവെള്ളം കുടിച്ച് പകലത്തെ കളിയുടെ ക്ഷീണത്തിൽ അന്തംവിട്ട് ഉറങ്ങിപ്പോയിരുന്ന ബാല്യകാല നോമ്പോർമകൾ. ഉമ്മയും വെല്ലിമ്മയും മാറി മാറി ഉറക്കത്തിൽനിന്നും വിളിച്ചുണർത്തി മോരു കാച്ചിയതും ചോറും അവിലും പഴവും തിരുമ്മിയതും കഴിപ്പിച്ചിരുന്ന അത്താഴവും മുത്താഴവും ഓർമത്തരികളായി ഉള്ളിലങ്ങനെ പച്ചപിടിച്ചുനിൽക്കുന്നു.
നോമ്പുനോറ്റ് തീർത്തും അവിചാരിതമായി റമദാനിലെ അവസാനത്തെ പത്തിലെ വെള്ളിയാഴ്ച രാവിൽ ഈ ഭൂമിയിൽനിന്ന് ഞങ്ങളെ വിട്ടുപിരിഞ്ഞുപോയ ഉമ്മാടെ നനവുള്ള ഓർമകളുടെ കണ്ണീരണിഞ്ഞ നോമ്പുകളായിരുന്നു കൗമാരം മുതൽ. ഹോസ്റ്റലിൽ കൂട്ടുകാരോടൊപ്പം രാവെളുക്കുവോളം തറാവീഹും തഹജ്ജുദും വിത്റും നമസ്കരിച്ച് ഉള്ളിലെ ദുഃഖത്തിന്റെ കനൽ കെടുത്താൻ ശ്രമിച്ച നോമ്പുകാലങ്ങൾ.
ഒരിക്കലും തോർന്നുപോകാത്ത നോവിന്റെ പെരുമഴക്കാലം ഓരോ റമദാനിലും കാലം ചെല്ലുന്തോറും കനത്തുവരുന്ന അശാന്തമായ മഴയായി എന്റെയുള്ളിൽ പെയ്തുകൊണ്ടേയിരിക്കുന്നു. മരിക്കുവോളം അതിങ്ങനെ തുടരുമായിരിക്കും. ജന്മനാട്ടിലെ നോമ്പിന്റെ ചിട്ടവട്ടങ്ങളിൽനിന്നും തികച്ചും വിഭിന്നമായ ഒരിടത്തായിരുന്നു കല്യാണശേഷമുള്ള നോമ്പുകൾ. ഓരോ നോമ്പും ഉമ്മയെക്കുറിച്ചുള്ള ഓർമകളിൽ വീണുടഞ്ഞ് മാതാപിതാക്കൾക്കുവേണ്ടിയുള്ള പ്രാർഥനകളാൽ മുഖരിതമായി.
പതിനാലു വർഷങ്ങളായി പ്രവാസ ലോകത്താണ് നോമ്പുകാലം. നാട്ടിൽനിന്നും തികച്ചും വ്യത്യസ്തമാണ് ദോഹയിലെ റമദാൻ. ആളുകളെല്ലാം ആലസ്യത്തോടെ ഉറങ്ങിക്കിടക്കുന്ന പ്രഭാതങ്ങൾ. ഉച്ചയോടെ സജീവമാകുന്ന തെരുവോരങ്ങൾ, അങ്ങാടികൾ, കടകൾ. രാവെളുക്കുവോളം തുറന്നുവെച്ച പള്ളികൾ. സുന്ദരമായ ഖിറാഅത്തോടെ ഹൃദയത്തിലേക്ക് തള്ളിക്കയറുന്ന ഖുർആൻ വീചികൾ. അർഥം മുഴുവൻ മനസ്സിലായില്ലെങ്കിലും കണ്ണുനനയിക്കുന്ന പ്രാർഥനകൾ. ഉള്ളിലെ സങ്കടങ്ങൾ മുഴുവൻ മുസല്ലയിൽ കണ്ണുനീരായി വീണുടഞ്ഞ ദിനരാത്രങ്ങൾ.
ഖത്തറിൽ വന്ന വർഷത്തിലെ റമദാൻ മാസത്തിലാണ് ഞാൻ മൈലാഞ്ചിയിടൽ ഒരു തൊഴിലായി സ്വീകരിച്ചത്. ഹൃദയത്തിന്റെ മിടിപ്പും മൈലാഞ്ചിയുടെ ഗന്ധവും മാത്രം പേറുന്ന ഉടലായി അറബിവീടുകൾതോറും ഞാൻ കയറിയിറങ്ങി. ദാഹം നെറുകയെ ചുട്ടുപൊള്ളിക്കുന്ന വെയിൽ പിരിഞ്ഞുപോയ സന്ധ്യകളിൽ ഖുർആൻ വചനങ്ങൾ ഉരുവിട്ടുകൊണ്ട് കൈകളിൽ നിന്നും കൈകളിലേക്ക് ചിത്രങ്ങൾ വരച്ചിട്ടു.
പുതിയ ചക്രവാളങ്ങൾ തേടിയുള്ള യാത്രയിൽ ജീവിതത്തിന്റെ അടരുകൾ കൂടുതൽ മനോഹരവും വിശാലവുമായി. ഇന്നോളം കണ്ടിട്ടില്ലാത്ത പല കാഴ്ചകളും കണ്ടു. ഫലസ്തീനിൽ നിന്നും പലായനം ചെയ്യപ്പെട്ട കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും മൈലാഞ്ചിയിടാൻ പോയ ദിവസം. യുദ്ധത്തിൽ കൈകാലുകൾ നഷ്ടപ്പെട്ട, ശരീരഭാഗങ്ങൾ വെന്തെരിഞ്ഞ കുരുന്നുകൾ, ജീവിതത്തിന്റെ ഇടവഴിയിൽ ഒരു തെറ്റും ചെയ്യാതെ പലവഴിക്കായി ചിതറിപ്പോയ കുടുംബാംഗങ്ങൾ. എന്റെ ഹൃദയത്തിന്മേൽ കനംതൂങ്ങി. അവരുടെ കളിചിരികൾ പോലും ദിവസങ്ങളോളം എന്നെ പൊള്ളിപ്പഴുപ്പിച്ചു. അങ്ങകലെ ഗസ്സയിൽ അപ്പോഴും ആരൊക്കെയോ കൊലചെയ്യപ്പെട്ടുകൊണ്ടിരുന്നു. വേദനകളുടെ കടലായ അവരുടെ ജീവിതത്തെക്കുറിച്ചോർത്ത് ഞാൻ നെടുവീർപ്പിട്ടു. മൈലാഞ്ചി കോണുമായി പല പ്രമുഖരുടേയും വീടിന്റെ അകത്തളങ്ങളിലേക്ക് കയറി ചെല്ലുന്നതായി ഓരോ റമദാനും. അൽഹംദുലില്ലാഹ് പുതിയ അനുഭവങ്ങളുടെ മുന്നിൽ പലപ്പോഴും പകച്ചുനിന്നു. നല്ല അനുഭവങ്ങൾ ലഭിച്ചപ്പോൾ റബ്ബിനു മുന്നിൽ നന്ദിയോടെ സുജൂദ് ചെയ്തു. അത്ഭുതസമസ്യകൾ പലതും മുന്നിൽ കണ്ടു. സഹോദരിയെപോലെ സ്വന്തം മകളെപ്പോലെ ചേർത്തുപിടിച്ച ഖത്തരി സ്വദേശി വനിതകൾ, വിവിധ രാജ്യക്കാർ. പല ഭാഷകളിൽ സംസാരിക്കുമ്പോഴും സ്നേഹത്തിന്റെയും അവഗണനയുടേയും ഭാഷ എല്ലാവർക്കും എളുപ്പം മനസ്സിലാകുന്നതാണെന്ന് തിരിച്ചറിവുണ്ടായി. മനുഷ്യരോടിഴപഴകുമ്പോൾ വലുപ്പച്ചെറുപ്പമില്ലാതെ അവരെ സ്നേഹത്തോടെ ചേർത്തുപിടിക്കണമെന്ന് പഠിപ്പിച്ച മാതാപിതാക്കളെ എന്നും ഓർത്തു.
നാട്ടിൽനിന്നും തികച്ചും വ്യത്യസ്തമായ നോമ്പനുഭവങ്ങളിൽ ഒന്നാണ് ഖത്തറിലെ ഗരംഗാവോ ആഘോഷങ്ങൾ. റമദാൻ 14ന് കുട്ടികളുടെ ഗരംഗാവോ ആഘോഷങ്ങൾ പൊടിപൊടിക്കാറുണ്ട്. ഇത്തവണത്തെ ഗരംഗാവോ ദിവസം ശൈഖ് ഹമദ് ആൽഥാനിയുടെ മകളുടെ വീട്ടിലായിരുന്നു. വീടെന്ന് ഒറ്റവാക്കിൽ പറയാനാവില്ല. രാജകൊട്ടാരം. കണ്ണാടിച്ചില്ലുകൾ നിറയെ പതിപ്പിച്ച വർണവസ്ത്രങ്ങളിഞ്ഞ് കളിചിരികളുമായി കുഞ്ഞുങ്ങൾ പൂമ്പാറ്റകളെപോലെ പാറിപ്പറന്നു നടന്നു. സ്വർഗത്തിൽ നിന്നിറങ്ങി വന്ന ഹൂറികളെപോലെ അണിഞ്ഞൊരുങ്ങിയ പെണ്ണുങ്ങൾ പലയിടത്തുനിന്നും ആഡംബരകാറുകളിൽ വന്നിറങ്ങി. അവർ വട്ടം കൂടിയിരുന്ന് ഖുർആനിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ ഉതിർത്തു. ഞാനതെല്ലാം കണ്ടും കേട്ടും കുട്ടികളുടെയും വലിയവരുടെയും കൈകളിൽ മാനത്തെ ചന്ദ്രക്കലയും നക്ഷത്രങ്ങളും ഈന്തപ്പനകളും വരച്ചുവെച്ചു. പുറത്ത് മഴ ചിണുങ്ങി പെയ്തു കൊണ്ടിരുന്നു. ചില്ലുകൊണ്ടുള്ള ചുമരുകൾ ശീതക്കാറ്റും മഴയും തീർത്ത നേർത്ത മൂടലിൽ പൊതിഞ്ഞു. എന്റെ ചുണ്ടുകൾ തസ്ബീഹ് മന്ത്രങ്ങൾ ഉരുവിട്ടു. തിരിച്ചുപോരുമ്പോൾ ശൈഖ സ്നേഹത്തോടെയെന്നെ ആലിംഗനം ചെയ്തു.
ഭക്ഷണസാധനങ്ങൾ അടങ്ങിയ ബാഗ് കരുതലോടെ കൈമാറി. മരച്ചില്ലകളെ തലോടിയെത്തുന്ന കാറ്റെന്റെ അകവും പുറവും തണുപ്പിച്ചു. സർവശക്തനായ അല്ലാഹു ചൊരിഞ്ഞുതന്ന അനുഗ്രഹങ്ങൾ ആവോളം ആസ്വദിച്ച് ഇന്നോളം ചെയ്തുപോയ പാപങ്ങൾ പൊറുക്കാൻ കാരുണ്യവാനായ റബ്ബിനോട് കേണുകൊണ്ട് ഖിയാമുല്ലൈലിന്റെ പ്രാർഥനകളിലേക്ക് ഞാൻ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.