ഞാനും സുഹൃത്ത് പുണെക്കാരനായ മുഹമ്മദ് ഇഖ്ബാലും മുംബൈയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ അരാംകോയുടെ ട്രെയിനികളായി ജോലി ചെയ്യുന്ന കാലം. 1978 ലാണത്. റമദാനിൽ നൈറ്റ് ഷിഫ്റ്റ് ചെയ്യുകയാണ് ഞങ്ങൾ. പരിശുദ്ധ റമദാനെത്തി. പക്ഷേ അത്താഴത്തിനായി ഞങ്ങൾ ഒന്നും കരുതിയിരുന്നില്ല. കാന്റീനാകട്ടെ പുലർച്ചെ ആറിനു മാത്രമെ തുറക്കുകയുള്ളൂ. എന്തു ചെയ്യണമെന്നറിയാതെ പകച്ച ഞങ്ങൾ ഒടുവിൽ കാന്റീനിൽ പോയി ചോദിക്കാൻ തീരുമാനിച്ചു. കിച്ചൻ ഡോറിൽ മുട്ടി. പാചകക്കാരനോട് എന്തെങ്കിലും കഴിക്കാൻ കിട്ടുമോ എന്നു ചോദിച്ചു. രാവിലെ ആറിനു വരാനാണ് അദ്ദേഹം നിർദേശിച്ചത്. വെള്ളം മാത്രംകുടിച്ച് നോമ്പ് നോൽക്കാൻ ഞങ്ങൾ തീരുമാനിച്ചു.
മറ്റ് മാർഗം ഒന്നുമുണ്ടായിരുന്നില്ല. അപ്പോഴാണ് വേറൊരു പാചകക്കാരൻ ഞങ്ങളോട് ഈ സമയത്ത് എന്തിനാണ് ഭക്ഷണം എന്ന് ചോദിച്ചത്. ഞങ്ങൾ മുസ്ലിമകളാണെന്നും നോമ്പെടുക്കാനാണ് ഭക്ഷണം ചോദിച്ചതെന്നും പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. ചെറുപ്പക്കാരായ നിങ്ങൾ നോമ്പെടുക്കുന്നത് സന്തോഷകരമായ കാര്യമാണ്. അദ്ദേഹം ഞങ്ങളെ വാതിൽ തുറന്ന് അകത്തിരുത്തി. ചൂടുള്ള പാലും മുട്ടയും ബ്രഡും എന്നുവേണ്ട ബ്രേക്ക് ഫാസ്റ്റിനുവേണ്ടി തയാറാക്കിയ വിഭവങ്ങളെല്ലാം മേശമേലെത്തി.
അക്കാലത്ത് അതുപോലെ വിഭവ സമൃദ്ധമായ ഭക്ഷണം ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറത്തായിരുന്നു. റൂമിൽ നോമ്പുതുറന്നിരുന്നത് ഉന്തുവണ്ടിയിൽനിന്ന് വാങ്ങുന്ന 25 പൈസയുടെ ബാജിയ കൊണ്ടായിരുന്നു.ഭക്ഷണത്തിന് നന്ദി പറഞ്ഞ ഞങ്ങളോട് എല്ലാ ദിവസവും വന്നുകൊള്ളാൻ അദ്ദേഹം പറഞ്ഞു. പിന്നീടുള്ള എല്ലാ ദിവസവും നൈറ്റ് ഡ്യൂട്ടിയിൽ അവിടെനിന്നായിരുന്നു ഞങ്ങളുടെ അത്താഴം. ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.