വർഷങ്ങളായി ഒമാനിലാണെങ്കിലും നാട്ടിലെ നോമ്പുകാലം എന്നും ഒരുപാട് മധുരമുള്ള ഓർമകളുടേതുകൂടിയാണ്. പ്രവാസം ആരംഭിക്കുന്നതിനുമുമ്പ് നാട്ടിൽ മദ്റസ, പള്ളി തുടങ്ങിയവയുടെ പ്രവർത്തനങ്ങളിലും മത സംഘടനയുടെ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളുടെ പ്രാദേശിക ഘടകങ്ങളിലും സജീവമായിരുന്ന കാലം. സമൂഹനോമ്പുതുറ, റിലീഫ് വിതരണം തുടങ്ങിയ സേവന പ്രവർത്തനങ്ങളുടേതുമായിരുന്നു ഓരോ നോമ്പുകാലവും.
എല്ലാ വർഷവും റമദാൻ 17ന് നാട്ടിലെ സാമ്പത്തികമായി കഴിവുള്ളവരിൽനിന്ന് സമാഹരിക്കുന്ന അരി വലിയ കിറ്റുകളാക്കി നേരത്തേതന്നെ തയാറാക്കിയ ലിസ്റ്റ് പ്രകാരം നാട്ടിലെയും പരിസരപ്രദേശങ്ങളിലെയും അർഹരായവരുടെ വീടുകളിൽ എത്തിച്ചുനൽകുന്ന പതിവുണ്ടായിരുന്നു. കൃത്യമായ അളവിൽ എല്ലാവരും ചേർന്ന് തലേദിവസംതന്നെ പാക്ക് ചെയ്ത് ചെറിയ ആപ്പ വണ്ടിയിൽ കയറ്റി രണ്ടുമൂന്ന് പേർ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു വിതരണം. രാവിലെ മുതൽ തുടങ്ങുന്ന വിതരണം തീരുമ്പോഴേക്കും ഏകദേശം ഉച്ചയായിട്ടുണ്ടാകും. നോമ്പും ചൂടും കാരണം അപ്പോഴേക്കും എല്ലാവരും ക്ഷീണിതരായിട്ടുണ്ടാകും.
പതിവുപോലെ അന്നത്തെ അരിവിതരണവും തീരാറായിട്ടുണ്ട്, രണ്ടോമൂന്നോ കവർ മാത്രമേ ഇനി കൊടുക്കാൻ ബാക്കിയുള്ളൂ. റോഡിൽനിന്ന് ഏകദേശം 200 മീറ്റർ കുത്തനെയുള്ള കയറ്റം കയറി ഇടവഴിയിലൂടെ നടന്നുവേണം ഒരു സ്ത്രീ മാത്രം താമസിക്കുന്ന ആ വീട്ടിലെത്താൻ. ഞങ്ങൾ രണ്ടു പേർ അരിയും ചുമലിലേറ്റി കയറ്റം കയറി വീട്ടിലെത്തി. വാതിലിൽ തട്ടി ഉറക്കെ വിളിച്ചു, പക്ഷേ മറുപടി ഇല്ല. വീട് പുറത്തുനിന്ന് പൂട്ടിയിട്ടുണ്ട്. ഞങ്ങൾ തൊട്ടടുത്തുള്ള ഓടിട്ട രണ്ടുനില വീടിന്റെ മുറ്റത്തേക്കു പോയി. അവിടെ കോലായിൽ പ്രായമായ ഒരാൾ ഖുർആൻ പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. ഞങ്ങൾ അദ്ദേഹത്തോട് കാര്യങ്ങൾ പറഞ്ഞു. ഈ അരി അവർക്ക് നിങ്ങൾ കൊടുത്താൽ മതിയെന്നും ഇവിടെ വെച്ചോട്ടെയെന്നും ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് സമ്മതം മൂളിയിട്ട് ഞങ്ങളോട് പറഞ്ഞു: ‘‘ആ വീട്ടിൽ ഇപ്പോൾ അരിക്ക് ഒരു അത്യാവശ്യവുമില്ല എന്നാണെന്റെ അറിവ്, ചുരുങ്ങിയത് ഒരു വർഷത്തേക്കുള്ള അരിയെങ്കിലും അവരുടെ വീട്ടിൽ സ്റ്റോക്കുണ്ടാകും. പലരും ദിനേന കൊണ്ടുകൊടുക്കുന്നത് ഞങ്ങൾ കാണാറുമുണ്ട്. ആകെ ഒരാൾ മാത്രമേ അവിടെ താമസമുള്ളൂ. നിങ്ങൾ ചെയ്യുന്നത് വലിയ പുണ്യമുള്ള കാര്യമാണ്... പക്ഷേ, അത് അർഹതപ്പെട്ടവരിലേക്ക് എത്തണം.’’
ഞങ്ങൾക്ക് വലിയ തിരിച്ചറിവായിരുന്നു ആ സംഭവം. നാട്ടിൽ സ്ഥിരം സഹായങ്ങൾ വാങ്ങാൻ നമ്മുടെ കണ്ണിൽ പാവങ്ങളായ കുറച്ചുപേർ ഉണ്ടാകും. വ്യക്തികളും സംഘടനകളും നൽകുന്ന എല്ലാ റിലീഫിലും ഇവരുടെ പേരുണ്ടാകും. ഒരുപക്ഷേ അവർ അർഹരുമായിരിക്കും. പക്ഷേ, എല്ലാ സഹായങ്ങളും അവരിൽ മാത്രം കേന്ദ്രീകരിക്കും. നമുക്കിടയിൽ ആരോടും ഒരു സഹായവും ചോദിക്കാതെ, മാന്യതയും അഭിമാനവും ഓർത്ത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്ന ഒരുപാട് കുടുംബങ്ങളുണ്ട്.
ചിലപ്പോൾ അവർ താമസിക്കുന്ന വീട് വലുതായിരിക്കും. അതുമല്ലെങ്കിൽ അവരുടെ വീട്ടിൽ ഒരാൾ പ്രവാസിയായിരിക്കും. അതോടെ അവർ നമ്മുടെ കണ്ണിൽ സഹായത്തിന് അർഹരല്ലാത്തവരായി മാറുന്നു. ഇത്തരത്തിലുള്ളവരെയാണ് ശരിക്കും നമ്മൾ ചേർത്തുപിടിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.