ഇസ്ലാം നിർദേശിക്കുന്ന വ്രതത്തിന് രണ്ടു വശങ്ങളുണ്ട്. ഭൗതികവും ആത്മീയവും. പ്രഭാതം മുതൽ പ്രദോഷംവരെ അന്ന, പാനീയ, ഭോഗാദികൾ വർജിക്കലാണ് നോമ്പിന്റെ ദൗതിക വശം. ഇത് അൽപം കഠിനമാണെങ്കിലും അസാധ്യമല്ല. ചെറുപ്രായത്തിലുള്ള കുട്ടികൾപോലും കൗതുകത്തോടെ നോമ്പെടുക്കാറുണ്ട്. തെറ്റുകുറ്റങ്ങളിൽനിന്ന് പൂർണമായി അകന്നുനിൽക്കലും ആരാധനകളും സൽകർമങ്ങളും വർധിപ്പിക്കലുമാണ് നോമ്പിന്റെ ആത്മീയവശം. പട്ടിണി കിടക്കുന്നതിനെക്കാൾ പ്രയാസമാണ് ഈ നിയന്ത്രണം.
മനുഷ്യൻ സ്വാഭീഷ്ടങ്ങൾക്ക് വിധേയനാണ്. ഇതിനൊരു നിയന്ത്രണം വരുത്തലാണ് വ്രതത്തിന്റെ കാതലായ ലക്ഷ്യം. നിയന്ത്രണങ്ങളില്ലാതെ ഇച്ഛാനുസാരം പ്രവർത്തിക്കേണ്ടവനല്ല മനുഷ്യൻ. നിയമങ്ങൾ അനുസരിക്കാനും നിയന്ത്രണങ്ങൾ പാലിക്കാനും മനുഷ്യൻ ബാധ്യസ്ഥനാണ്. ഇതിനായുള്ള പരിശീലനക്കളരിയാണ് ഒരു മാസത്തെ റമദാൻ വ്രതം. ഈ പരിശീലനം വഴി ലഭ്യമാകുന്ന മനക്കരുത്ത് ആണ്ടിൽ ബാക്കി പതിനൊന്നു മാസവും പാലിച്ചിരിക്കണം. അപ്പോഴാണ് നോമ്പ് സാർഥകമാകുന്നത്.
തന്റെ ശരികൾ മാത്രം കാണുകയും മറ്റുള്ളവരുടെ ന്യൂനതകൾ എടുത്തു കാണിക്കുകയും ചെയ്യുക എന്നത് മനുഷ്യരുടെ പ്രകൃതമാണ്. അന്യന്റെ കുറവുകൾ ചികഞ്ഞന്വേഷിക്കലും പരദൂഷണം, ഏഷണി മുതലായവയിൽ ഏർപ്പെടലും നോമ്പിന്റെ മൂല്യം നശിപ്പിക്കുമെന്നാണ് പണ്ഡിതമതം. മറ്റൊരാളുടെ കുറവു കണ്ടെത്തി പ്രചരിപ്പിക്കുന്നവന്റെ സൽകർമങ്ങൾ നഷ്ടപ്പെടുമെന്നും അത് കുറ്റപ്പെടുത്തപ്പെട്ട വ്യക്തിക്ക് ലഭിക്കുമെന്നും പ്രവാചക തിരുമേനി പഠിപ്പിച്ചിട്ടുണ്ട്.
ഇമാം ശഅബി എന്ന സൂഫിവര്യനെ ഒരാൾ വളരെ മോശമായി ചിത്രീകരിച്ചു. ആക്ഷേപം ക്ഷമയോടെ കേട്ടുനിന്ന അദ്ദേഹം പറഞ്ഞു; ‘നീ പറഞ്ഞത് സത്യമാണെങ്കിൽ അല്ലാഹു എനിക്ക് മാപ്പു ചെയ്തു തരട്ടെ- നീ പറഞ്ഞത് കളവാണെങ്കിൽ അല്ലാഹു നിനക്ക് മാപ്പു നൽകട്ടെ!’ -ഇതുകേട്ട ആക്ഷേപകൻ പകച്ചു നിന്നുപോയി. കേട്ടുനിന്നവർ ആ സൂഫിവര്യന്റെ ക്ഷമാപൂർവമുള്ള സമീപനത്തെ വാഴ്ത്തി. ഇവ്വിധം ക്ഷമിക്കാനും സ്വഭാവശുദ്ധി കൈവരിക്കാനും വ്രതം പാഠമാകണം. സ്നേഹവും സഹാനുഭൂതിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലിക സമൂഹത്തിൽ അന്യന്റെ വേദന തിരിച്ചറിയാൻ ഉപകരിക്കുന്ന പ്രക്രിയയാണ് ഉപവാസം. ഒട്ടേറെ ശാരീരിക നേട്ടങ്ങൾ ആരോഗ്യപരമായി ഇതുകൊണ്ട് ലഭ്യമാണെങ്കിലും അന്തിമ ലക്ഷ്യം ആത്മീയശുദ്ധിയും സ്വയം നിയന്ത്രണവും കൈവരിക്കൽതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.