‘അല്ലാഹുവാണ് ഏറ്റവും മഹോന്നതൻ. കീഴ്പ്പെടാൻ അവനല്ലാതെ മറ്റൊരു ഇലാഹുമില്ല. തമ്പുരാനേ.. സ്തുതിയും പ്രകീർത്തനങ്ങളുമൊക്കെ അതിനാൽ നിനക്കുള്ളതല്ലോ...’നീണ്ട ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസി തിരിച്ചറിയുന്നതും ഊട്ടിയുറപ്പിക്കുന്നതും ഈ യാഥാർഥ്യമാണ്. അതിന്റെ ആഹ്ലാദമാണ് ഈദുൽ ഫിത്ർ.
ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവസരവും അനുവാദവും നൽകിയാണ് പടച്ചവൻ മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. ഒറ്റക്കാര്യമേ കൽപിച്ചുള്ളൂ; ഈ സ്വാതന്ത്ര്യവും ഒരുക്കിത്തന്ന ജീവിതവിഭവങ്ങളും ഉപയോഗിക്കേണ്ടത് ദൈവഹിതമായിരിക്കണമെന്നുമാത്രം. അത് പഠിപ്പിക്കാനവൻ പ്രവാചകന്മാരെ നിയോഗിക്കുകയും ചെയ്തു. ദൗർഭാഗ്യവശാൽ ആ കൽപന ലംഘിച്ച് മനുഷ്യരിലേറെപ്പേരും തന്നിഷ്ടങ്ങളിൽ ആമഗ്നരായി ദൈവധിക്കാരികളായി മാറി. എന്നാൽ എല്ലാകാലത്തും ദൈവഹിതങ്ങൾ പിൻപറ്റാമെന്നും അതംഗീകരിച്ച് ജീവിക്കാമെന്നും ദൃഢപ്രതിജ്ഞയെടുത്ത സമൂഹങ്ങളുണ്ടായിരുന്നു. അവരെ ദൈവം തമ്പുരാൻ മുസ്ലിം എന്ന് പേരിട്ടു. ദൈവത്തിന് വിധേയരായ ജനതകളെ പ്രവാചകൻ മുഹമ്മദിനു മുമ്പും അവൻ വിളിച്ചത് മുസ്ലിം എന്നുതന്നെയായിരുന്നുവെന്ന് ഖുർആൻ വ്യക്തമാക്കുന്നുണ്ട്. ആ ദൈവ സമർപ്പണത്തിന്റെ പ്രകടനമാണ് നോമ്പ്. അത് വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷപ്പെരുന്നാളാണ് ഈദുൽ ഫിത്ർ.
പ്രപഞ്ചത്തിന് ഒരു താളവും ലയവുമുണ്ട്. അത് ഉത്ഭൂതമാകുന്നത് ദൈവിക വിധിക്കനുസരിച്ചവ ചരിക്കുന്നതുകൊണ്ടാണ്. മനുഷ്യരും ആ താളത്തിൽ ലയിച്ചുചേരണമെന്നാണ് ദൈവാഭിലാഷം. പ്രപഞ്ചത്തിന്റെ ഈ താളത്തിൽ വിശ്വാസികളെ ചേർത്തുനിർത്താനുള്ള പരിശ്രമമാണ് റമദാന് വ്രതാനുഷ്ഠാനം. ആത്മപീഡയല്ല, ജീവിതത്തിന്റെ സര്‍ഗാത്മകമായ ആവിഷ്കാരമാണ് നോമ്പ്.
അതിന്റെ വിജയപ്രഖ്യാപനമാണ് ചെറിയ പെരുന്നാള്‍. ദൈവത്തിന് മാത്രമേ വിധേയപ്പെടാനാവൂ എന്ന പ്രഖ്യാപനമാണ് പെരുന്നാളിന്റെ കാതല്‍. മറ്റാരുടെ മുന്നിലും തലകുനിക്കാനാവില്ല എന്നാണ് തക്ബീറിലൂടെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ജീവിതത്തില്‍ സംഭവിച്ചുപോയ ധിക്കാരങ്ങളും അരുതായ്മകളും ഏറ്റുപറഞ്ഞ് റമദാനിൽ വിശുദ്ധി കൈവരിക്കുകയായിരുന്നു വിശ്വാസി. പാപങ്ങൾ കൈവെടിഞ്ഞ് ദൈവസാമീപ്യത്തിലേക്ക് തിരിച്ചുവരാനുള്ള മനുഷ്യരുടെ ഉത്സാഹത്തിനുള്ള അവന്റെ സ്നേഹസമ്മാനമാണ് പെരുന്നാൾ.
ഭക്തിയുടെ ഗിരിശൃംഖങ്ങള്‍ താണ്ടാന്‍ ഏകാകിയാകുന്നതാണ് ഉത്തമമെങ്കിലും ഇസ്ലാമിലെ ആരാധനകളെല്ലാം സംഘടിതമാണ്. ആരാധനയിലൂടെ സമൂഹത്തിലേക്കിറങ്ങൂ എന്നാണത് പഠിപ്പിക്കുന്നത്. സാമൂഹ്യത എന്ന മനുഷ്യഭാവത്തെ ഇസ്ലാമിന്റെ ആത്മീയ, ഭക്തി സങ്കല്പം നിരാകരിക്കുന്നില്ല. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവനെ ദീനിന് പുറത്തു നിര്‍ത്തിയ പ്രവാചകാധ്യാപനവും ഇതുതന്നെയാണ് അടിവരയിടുന്നത്. അയല്പക്കം എന്നത് അടുത്ത വീട്ടുകാരനെയും സഹയാത്രികനെയും അയല്‍സംസ്ഥാനത്തെയും അയല്രാജ്യത്തെയുമെല്ലാം കവിഞ്ഞുനില്ക്കുന്ന പദമാണ്.
അതിരും പരിധിയുമില്ലാതെ മനുഷ്യസ്നേഹവും ചേര്ത്തുപിടിക്കലുമാണവ ഉദ്ഘോഷിക്കുന്നത്. മാനവികമായ ഈ അടുപ്പമാണ് ചെറിയപെരുന്നാളിന്റെ ആത്മാവ്. നോമ്പുനാളിലെ അനേകം സൽകര്മങ്ങളുണ്ടല്ലോ, അവ ദൈവം സ്വീകരിച്ച് പ്രതിഫലദായകമാകണമെങ്കില് പെരുന്നാൾ ദിനത്തില്‍ ആരും പട്ടിണിയിലമരരുത്. അന്നത്തെ ആവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ളവരൊക്കെ ഭക്ഷ്യവസ്തുക്കളുടെ ദാനം (ഫിത്ർ സകാത്) നിർവഹിച്ചേ പറ്റൂ. എത്രമേല്‍ ബലത്തിലാണ് ഇഹലോകത്തെ സുഭിക്ഷതയെയും പരലോകത്തെ വിജയത്തെയും ദൈവം ഇഴയടുപ്പമുള്ള കണ്ണികളായി ചേര്‍ത്തുവെച്ചിരിക്കുന്നത്!
അനീതി വാഴും ലോകമാണിത്. അക്രമത്തിന്റെയും അനീതിയുടെയും അച്ചുതണ്ടാണ് ലോകം ഭരിക്കുന്നത്. വര്‍ഗീയതയും വംശീയതയും ഊതിക്കാച്ചി ഒരിക്കല്‍കൂടി രാജ്യത്തെ അടക്കിഭരിക്കാനാവുമെന്ന ഉറപ്പിലാണ് സംഘ്പരിവാര്‍. നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് പോലും സാധ്യമാകുമോ എന്ന സന്ദേഹങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഭരണകൂടം വിമതശബ്ദങ്ങളെ മുഴുവന്‍ തുറുങ്കിലടക്കുകയാണ്. ഫലസ്തീനിലാകട്ടെ, രക്തമുറക്കുന്ന ക്രൂരതകളാണ് അരങ്ങേറുന്നത്. ഗസ്സയിൽ ലക്ഷക്കണക്കായ മനുഷ്യരെ പട്ടിണിക്കിട്ട് കൊല്ലുന്നു. ഭക്ഷ്യവസ്തുക്കളുമായെത്തുന്ന ട്രക്കുകള്‍ക്ക് നേരെ ബോംബിടുന്നു. അപ്പോഴും കുറ്റകരമായ മൗനംകൊണ്ട് ഇസ്രായേൽ നിഷ്ഠുരതകളെ പിന്തുണക്കുകയാണ് ലോകം. ഇവയൊന്നും വിസ്മരിച്ചുകൊണ്ട് നമുക്ക് പെരുന്നാൾ ആഘോഷിക്കാനാകില്ല. ദുർബലരോട് ചേർന്നുനിൽക്കാത്ത ഏത് ആഘോഷവും ഇസ്ലാമിന് അന്യമാണ്.
അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന പെരുന്നാള്‍ ധ്വനികളില്‍ ഏകമാനവികതയുടെ സന്ദേശം ഉള്‍ചേര്‍ന്നിട്ടുണ്ട്. മനുഷ്യരെ വിഭജിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന എല്ലാ അധികാരശക്തികളോടുമുള്ള സമരപ്രഖ്യാപനം കൂടിയാണ് പെരുന്നാള്‍. സ്വഛന്ദമായ ജീവിത സഞ്ചാരത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഭയാനക ശക്തികള്‍ ഏതുമാകട്ടെ, ചരിത്രത്തിന്റെ കാവ്യനീതിക്കുമുന്നില് അവ തകര്‍ന്നു വീഴുമെന്ന് മാനവരാശിക്ക് നല്കുന്ന പ്രത്യാശയും സാന്ത്വനവുമാണ് തക്ബീര്‍. ഇച്ഛാശക്തിയും സ്ഥൈര്യവുമാണ് റമദാന് വിശ്വാസിക്ക് സമ്മാനിച്ചത്. അകത്തെ അധര്‍മങ്ങളോട് മാത്രമല്ല, പുറത്തെ അസത്യത്തോടും ഏറ്റുമുട്ടാന്‍ മതം ആവശ്യപ്പെടുന്നുണ്ട്. ‘പക്ഷേ, അവന് ദുര്‍ഘടമായ മാര്‍ഗം താണ്ടാന്‍ തയാറായില്ല. ദുര്‍ഘടമായ മാര്‍ഗമെന്തെന്ന് നിനക്കെന്തറിയാം? അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ പട്ടിണിനാളില്‍ ബന്ധുവായ അനാഥക്ക്, കടുത്ത ദാരിദ്ര്യമുള്ള അഗതിക്ക് ഭക്ഷണം നല്കല്. പിന്നെ അതോടൊപ്പം അവന്, വിശ്വാസം കൈക്കൊണ്ടവരും സ്ഥൈര്യവും കാരുണ്യവും പരസ്പരം ഉപദേശിക്കുന്നവരുമായ ജനത്തില്‍ ഉള്‍പ്പെടുക.( ഖുര്‍ആന്‍ 90:11-17)
പ്രാര്ഥനനിര്ഭരമാണ് പെരുന്നാള്‍. ആഘോഷനിറവിലും നമ്മുടെയും ലോകത്തിന്റെയും മനുഷ്യസമൂഹത്തിന്റെയും നന്മകൾക്കുവേണ്ടിയുള്ള പ്രാർഥനാലയങ്ങളായി മാറണം ഈദ്ഗാഹുകളും പള്ളികളും. ഈദുല്‍ഫിത്റിന്റെ നന്മകൾ എല്ലാ സങ്കുചിതത്വങ്ങളുടെയും വേരറുത്ത് പരസ്പരസ്നേഹത്തിന്റെ മൈലാഞ്ചിച്ചോപ്പുകളായി പരക്കട്ടെ. നല്ല ലോകത്തിന്റെ വരവറിയിച്ചുള്ള, പ്രത്യാശാനിർഭരമായ ശവ്വാലമ്പിളി മാനത്തുദിക്കുന്നതുകണ്ട് എല്ലാ പിഡിതജനതകളും ആഹ്ലാദഭരിതരാകട്ടെ. നമുക്ക് ചുറ്റും നന്മയുള്ള ലോകം വിടരട്ടെ എന്ന് ഈ പുണ്യസുദിനത്തിൽ പ്രാർഥിക്കുന്നു. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.
(ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീറാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.