മനുഷ്യർക്കിടയിൽ അതിർവരമ്പുകൾ തീർക്കുന്ന ഈ കാലത്തും സ്നേഹമൂട്ടുകയാണ് പ്രവാസലോകം. ജാതിയും മതവും വർണവും വർഗവും ഇവിടെ പടിക്കുപുറത്താണ്. മനുഷ്യരെന്ന തിരിച്ചറിവും കൂടെപ്പിറപ്പെന്ന ഹൃദയവിശാലതയും മാത്രം. സൗദി അറേബ്യയുടെ എല്ലാ ഭാഗത്തും പ്രവാസ സംഘടനകൾ സ്നേഹ നോമ്പുതുറകൾക്ക് സുപ്ര അഥവാ പരവതാനി വിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി.
സാമൂഹിക സാംസ്കാരിക കലാ രാഷ്ട്രീയ സംഘടനകൾ ഇവക്ക് ചുക്കാൻ പിടിക്കുന്നു. ഈ സുപ്രകളിൽ തുറക്കപ്പെടുന്നത് നോമ്പ് മാത്രമല്ല. ആരൊക്കെയോ കൊട്ടിയടക്കാൻ ശ്രമിക്കുന്ന ഹൃദയബന്ധങ്ങൾകൂടിയാണ്. ആഴ്ചകൾക്ക് മുമ്പുതന്നെ പ്രിയപ്പെട്ടവരെ ക്ഷണിച്ചും വിഭവങ്ങൾ സ്വരൂപിച്ചും ഇവർ നോമ്പുതുറകൾ ഒരുങ്ങും.
നിശ്ചയിച്ച ദിവസം രാവിലെ മുതൽ ഇസ്തിറാഹകളിൽ ഇവർ ഒത്തുകൂടും.പഴവർഗങ്ങൾ കട്ട് ചെയ്തും നോമ്പുപിടിച്ചു ക്ഷീണിച്ച കൂടപ്പിറപ്പുകളുടെ ക്ഷീണമകറ്റാൻ നോമ്പുകഞ്ഞി പാകം ചെയ്തും ഭക്ഷണം വിളമ്പിയും ഇവർ മഗ്രിബിന്റെ ബാങ്കൊലി കാതോർത്തിരിക്കും. പള്ളിമിനാരങ്ങളിൽനിന്ന് ബാങ്കൊലി മുഴങ്ങുന്നതോടെ റഹീമിനും അബ്ദുൽ റഷീദിനും ഒപ്പം ഷൈജുവും റിജോഷും എൽദോയും ഹരിയുമൊക്കെ നോമ്പ് തുറക്കും.
ഇവർക്കിടയിൽ ആരൊക്കെയോ അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന അതിർവരമ്പുകൾ ഇല്ല. തന്റെ പ്രിയപ്പെട്ടവരെ നോമ്പ് തുറപ്പിച്ചും തറാവീഹ് നമസ്കാരങ്ങൾക്ക് പള്ളിവരെ ഒപ്പംകൂടിയും പ്രവാസലോകം സ്നേഹം പരസ്പരം കൈമാറ്റം ചെയ്തു മുന്നേറും, കണ്ണുള്ളവർക്ക് കാണാനും ചെവികൾ തുറന്നുപിടിച്ചവർക്ക് കേൾക്കാനും ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാനും പാകത്തിൽ.
സുലൈമാൻ വിഴിഞ്ഞം, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.