ഓരോ റമദാൻ കടന്നുവരുമ്പോഴും നാട്ടിലെ പെരുന്നാൾ ദിനത്തിൽ അയൽപക്കത്തെ ആന്‍റി വീട്ടിലെത്തിക്കുന്ന ബിരിയാണിയുടെ മണമുള്ള ഓർമകളാണ് മനസ്സിലേക്ക് വരിക. നാട്ടിലായപ്പോൾ ഈ പുണ്യമാസത്തെ അടുത്തറിയാനുള്ള അവസരമുണ്ടായിരുന്നില്ലെന്നതാണ് സത്യം. എന്നെ സംബന്ധിച്ച് വ്രതമെടുക്കൽ എന്നും ഒരു അത്ഭുതമാണ്. കാരണം കുട്ടികൾ പോലും അന്നപാനീയങ്ങൾ വർജിച്ച് നോമ്പെടുക്കുന്നത് ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്.
പ്രവാസലോകത്ത് പലരും അത്താഴംപോലും കഴിക്കാതെ നോമ്പെടുക്കുന്നത് കണ്ടിട്ടുണ്ട്. എന്താണ് ഇവരെ സ്വാധീനിക്കുന്ന ഘടകമെന്ന് പലപ്പോഴും ആലോചിക്കാറുണ്ട്. വ്രതം മനുഷ്യന്‍റെ ശരീരത്തെയല്ല, ആത്മാവിനെയാണ് സ്വാധീനിക്കുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. നാട്ടിൽ സ്കൂളിലും കോളജിലും മുസ്ലിം സഹപാഠികളായി ഏറെ ഉണ്ടായിരുന്നെങ്കിലും നോമ്പിനെക്കുറിച്ച് കൃത്യമായ ധാരണയൊന്നും അന്നുണ്ടായിരുന്നില്ല.
പഠന ശേഷം ദുബൈയിലെത്തിയപ്പോഴാണ് കൂടുതൽ അടുത്തറിഞ്ഞത്. അന്ന് യു.എ.ഇയിൽ നിയമം കൂടുതൽ കർശനമായിരുന്നു. എന്നാൽ, ഇപ്പോൾ കൂടുതൽ ലിബറലായി; പ്രത്യേകിച്ച് ദുബൈ. വ്രതമെടുക്കാത്തവർക്ക് റസ്റ്റാറന്‍റുകളിൽ പോയി സ്വതന്ത്രമായി ഭക്ഷണം കഴിക്കാം. നാട്ടിലുള്ളതിനേക്കാൾ കൂട്ടുകാർക്കൊപ്പമുള്ള ഇഫ്താർ വിരുന്നുകൾ ഏറെ നടക്കുന്ന ഇടമാണ് ദുബൈ. റമദാൻ വന്നെത്തുമ്പോൾ ഓർമകളിൽ നിറയുന്നതും രുചിഭേദങ്ങളുടെ ഇഫ്താർ തന്നെയാണ്. സുഹൃത്തുക്കൾക്കൊപ്പവും ലേബർ ക്യാമ്പിലുമുള്ള നോമ്പുതുറ വലിയ ഒരു അനുഭവമാണ്.
ഒരിക്കൽ ഓഫിസിലെ സുഹൃത്തിനൊപ്പം വ്രതമെടുക്കാനും സാധിച്ചു. വിശപ്പും ദാഹവും ശരീരത്തെ എന്തുകൊണ്ട് ബാധിക്കുന്നില്ലെന്ന് മനസ്സിലായത് അപ്പോഴാണ്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. കുട്ടികളെ നോമ്പുദിനങ്ങൾ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ് എന്നെ ആകർഷിച്ച മറ്റൊരു കാര്യം. അവരുടെ അച്ചടക്കത്തോടെയുള്ള പെരുമാറ്റവും റമദാനിന്‍റെ ഭംഗിയായി തോന്നിയിട്ടുണ്ട്. ഒരുപക്ഷേ, കേരളത്തിലേക്കാൾ പ്രവാസ ലോകത്തായിരിക്കും റമദാനിന്‍റെ ചൈതന്യം കൂടുതൽ പ്രകടമാകുന്നതെന്നാണ് അനുഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.