ആറാട്ടുപുഴ: റമദാനിൽ നോമ്പ് ഉപേക്ഷിക്കുകയെന്നത് ഉഷാകുമാരിയെ സംബന്ധിച്ച് വിഷമകരമായ കാര്യമാണ്. കടുത്ത വേനലിൽ വ്രതാനുഷ്ഠാനം പ്രയാസകരമാണെന്ന് മനസ്സിലായിട്ടും 15 വർഷത്തിലേറെയായി മുടക്കമില്ലാതെ നോമ്പെടുക്കൽ തുടരുകയാണ്. ചിങ്ങോലി തുറവശ്ശേരിൽ ഹരിലാലിന്റെ ഭാര്യ ഉഷാകുമാരി (45) വിവാഹശേഷമാണ് നോമ്പിനോട് ഇഷ്ടംകൂടിയത്. ഭർത്താവിന്റെ വീടായ ആറാട്ടുപുഴയിൽ താമസിക്കുമ്പോൾ അവിടെ കയർപിരിക്കായി എത്തുന്ന മുസ്ലിം സ്ത്രീകൾക്ക് ഭർതൃമാതാവ് വിശേഷദിവസങ്ങളിൽ നോമ്പുതുറ നടത്തുമായിരുന്നു. അവരുമായുള്ള സൗഹൃദത്തിൽനിന്നാണ് നോമ്പിനെക്കുറിച്ച് അറിഞ്ഞത്.
കൂടാതെ ഉഷാകുമാരിയുടെ ജനനം നബിദിനത്തിലായിരുന്നു. ആ ദിവസത്തിന്റെ പ്രത്യേകതയിൽ മുസ്ലിങ്ങളുടെ പുണ്യകർമങ്ങൾ എന്തെങ്കിലും ചെയ്യണമെന്ന് മനസ്സിൽ ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് നോമ്പ് പരീക്ഷിക്കാമെന്ന് തീരുമാനിച്ചത്. തുടക്കത്തിൽ ആദ്യത്തെ മൂന്ന് നോമ്പുകൾ എടുക്കാനായിരുന്നു ശ്രമം. എന്നാൽ, അത് 14 നോമ്പെടുത്താണ് അവസാനിപ്പിച്ചത്. നിയ്യത്തും ചൊല്ലേണ്ട മന്ത്രങ്ങളുമെല്ലാം അയൽവാസികളായ മുസ്ലിം സുഹൃത്തുക്കളിൽ നിന്ന് എഴുതിവാങ്ങി. പിന്നീടിങ്ങോട്ട് റമദാനിലെ നോമ്പുകളൊന്നും ഉഷ ഉപേക്ഷിച്ചിട്ടില്ല. ആർത്തവകാലത്ത് നഷ്ടപ്പെടുന്ന നോമ്പുകൾ പിന്നീട് വീടാറുണ്ട്. ചൊല്ലേണ്ടതെല്ലാം ഉഷക്ക് ഇപ്പോൾ മനഃപാഠമാണ്. ആറാട്ടുപുഴയിൽ താമസിക്കുമ്പോൾ അയൽക്കാരും മുസ്ലിം സുഹൃത്തുക്കളും നോമ്പ് തുറക്കാനുള്ള വിഭവങ്ങളുമായി എത്തുമായിരുന്നു. റമദാനിൽ ഖുർആന്റെ ആശയങ്ങൾ പഠിക്കാൻ കൂടുതൽ സമയം കണ്ടെത്താറുണ്ടെന്ന് ഉഷാകുമാരി പറഞ്ഞു. നോമ്പ് അനുഷ്ഠിക്കുന്നത് മൂലം ആത്മീയമായും ആരോഗ്യപരമായും ഏറെ ഗുണമുണ്ടെന്ന് ബോധ്യമുണ്ട്. ഇക്കാര്യത്തിൽ സാധ്യമാകുന്ന പഠനങ്ങളും ഉഷാകുമാരി നടത്തിയിട്ടുണ്ട്. പട്ടിണി കിടക്കുന്നവരുടെ കഷ്ടത മനസ്സിലാക്കാൻ വ്രതാനുഷ്ഠാനത്തിലൂടെ സാധിക്കും. ഇത് മനസ്സിലാക്കി കൊടുത്തിട്ടാണ് ദുർബലരെ സഹായിക്കാൻ ദൈവം സക്കാത്ത് നിർബന്ധമാക്കിയത്. ഭർത്താവ് ഹരിലാലിന്റെയും മക്കളായ ജയസേനന്റെയും ഘൃയ വ്രതന്റെയും പൂർണപിന്തുണ ഉഷാകുമാരിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.