റമദാനിലെ 14മത്തെ ദിനമാണ് ഖത്തറിലും മറ്റും കുട്ടികളുടെ നോമ്പാഘോഷമായ ഗരങ്കാവൂ. മധുരവും കളിപ്പാട്ടങ്ങളും സമ്മാനമായെത്തുന്ന ഗരങ്കാവൂ വിശേഷങ്ങൾ
കുട്ടികളുടെ നോമ്പ് എല്ലായിടത്തും ആഘോഷമാണ്. വ്രതവിശുദ്ധിയുടെ റമദാനിൽ മുതിർന്നവരെല്ലാം നോമ്പെടുത്ത് ആരാധനാകർമങ്ങളിൽ മുഴുകുമ്പോൾ അവരെ പിന്തുടർന്ന് നോമ്പെടുക്കുന്ന കുട്ടിക്കാലം എല്ലാവരുടെയും ഗൃഹാതുരമായ ബാല്യകാല സ്മരണകളാവും. വാശിപിടിച്ച് അത്താഴത്തിന് എഴുന്നേറ്റും, രാവിലെ സ്കൂളിലെത്തി കൂട്ടുകാരോട് നോമ്പിന്റെ ഗമ പറഞ്ഞും, സമപ്രായക്കാരോട് നോമ്പെണ്ണം പറഞ്ഞ് മത്സരിച്ചും, വൈകുന്നേരം കടുത്ത ദാഹത്തിനിടയിൽ ഒളിഞ്ഞും പതുങ്ങിയും വെള്ളം കുടിച്ചും ഒപ്പിച്ച നോമ്പിന്റെ ഓർമകളില്ലാത്തവർ കുറവായിരിക്കും. കുട്ടികളുടെ നോമ്പ് ഓരോ വീട്ടിലും ഉത്സവാന്തരീക്ഷമാവും. അവർക്ക് വിശേഷപ്പെട്ട പലഹാരങ്ങളും ഭക്ഷണവുമൊരുക്കാൻ വീട്ടുകാർ മത്സരിക്കുമ്പോൾ, മുതിർന്നവർ സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കും. ഇസ്‍ലാം മത വിശ്വാസികളുള്ള എല്ലാ നാട്ടിലുമുണ്ടാകും കുട്ടിനോമ്പിന്റെ പറഞ്ഞുതീരാത്ത കഥകൾ. അതുപോലെതന്നെയാണ് അറബ് നാടുകളിൽ കുട്ടികളുടെ നോമ്പിനെയും വരവേൽക്കുന്നത്.
റമദാനിലെ പതിനാലാമത്തെ ദിവസം കുട്ടികൾക്കായി മാറ്റിവെച്ച് ‘ഗരങ്കാവൂ’ ആഘോഷമാക്കി മാറ്റുന്നതാണ് ഖത്തറിലെ സ്വദേശികളുടെ രീതി. ഇവിടെ മാത്രമല്ല, ഒമാൻ, സൗദി ഉൾപ്പെടെ അയൽരാജ്യങ്ങളിലുമുണ്ട് പലപേരുകളിലായി കുട്ടിനോമ്പിന്റെ ഉത്സവം.
‘ഗരങ്കാവൂ’
‘ഗരങ്കാവൂ, ഗിർഗാവൂ... അതൂനല്ലാഹ് യഅ്തീക്കും... ബൈത് മക്ക യാ വദീക്കും... യാ മക്ക യാൽ മമൂറ...’ എന്നു തുടങ്ങുന്ന ഗാനവുമായി കുട്ടിപ്പട ഇറങ്ങുയാണ്. ‘ഞങ്ങൾക്ക് തരൂ, ദൈവം നിങ്ങൾക്ക് തരും..’ എന്ന അർഥമുള്ള വരികളുമായി പുള്ളിക്കുപ്പായവും പുതുവസ്ത്രങ്ങളുമണിഞ്ഞ്, സഞ്ചിയുമായി ആൺകുട്ടികളും പെൺകുട്ടികളും കൂട്ടമായി നീങ്ങുന്ന കാഴ്ച റമദാനിലെ 14ന് ഖത്തറിലെ സ്വദേശി താമസ ഇടങ്ങളിലും കതാറ ഉൾപ്പെടെ പൈതൃക സ്ഥലങ്ങളിലും ഹൃദ്യമായ കാഴ്ചയാണ്. ഇത്തവണ, ഞായറാഴ്ചയാണ് കുട്ടിനോമ്പായ ‘ഗരങ്കാവൂ’.
റമദാൻ ഒരാഴ്ച പിന്നിടുമ്പോഴേക്കും സൂഖുകളിലും ഹൈപ്പർ മാർക്കറ്റുകളിലും മാളുകളിലുമായി ഗരങ്കാവൂ തിരക്കിനാൽ സജീവമാകും. ഇത്തവണ, കൂടുതൽ വിപുലമായി സാംസ്കാരിക മന്ത്രാലയം നേതൃത്വത്തിൽ ഉം സലാലിലെ ദർബ് അൽ സാഈ മാർക്കറ്റുതന്നെ പ്രത്യേക ‘ഗരങ്കാവൂ’ വിപണിയാക്കി മാറ്റിയാണ് ഖത്തർ ഈ ആഘോഷത്തെ വരവേൽക്കുന്നത്. 80ഓളം കടകൾ തുറന്ന്, ഉടുപ്പുകളും സമ്മാനങ്ങളും മധുരങ്ങളുമായി ഈ മാർക്കറ്റ് നേരത്തേതന്നെ സജീവമായിക്കഴിഞ്ഞു. അറബ് കുടുംബങ്ങളിലെ ആഘോഷം, ഇപ്പോൾ പ്രവാസികളും ഏറ്റെടുത്ത് സ്കൂളുകളിലും എത്തിക്കഴിഞ്ഞു. കുഞ്ഞു നോമ്പ് നോൽക്കലും വൈകുന്നേരം ഇഫ്താറിനുശേഷം, ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ള മുതിർന്നവരിൽനിന്ന് സമ്മാനങ്ങൾ വാങ്ങുകയും ചെയ്യുന്നതാണ് ‘ഗരങ്കാവൂ’വിലെ പ്രധാന ആകർഷണം.
നോമ്പ് പത്തിലെത്തിയപ്പോൾതന്നെ രക്ഷിതാക്കളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ കുട്ടികൾക്ക് സമ്മാനങ്ങളും മധുരങ്ങളും വാങ്ങാനായി കടകളിൽ തിരക്ക് തുടങ്ങി. മതവിശ്വാസത്തിന്‍റെ ഭാഗമല്ലെങ്കിലും സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ നോമ്പുനോൽക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഗരങ്കാവൂ ആഘോഷം വർണാഭമാണ്. ആൺകുട്ടികൾ പരമ്പരാഗത വസ്ത്രമായ തൗബും ഖഫിയ്യയും പെൺകുട്ടികൾ അൽ സരിയ്യ് എന്ന വർണവസ്ത്രവും അൽ ബഖ്നഖ് എന്ന പ്രത്യേക തലപ്പാവുമണിഞ്ഞാണ് ആഘോഷത്തെ വരവേൽക്കാറ്. കുട്ടികൾക്ക് അറബി പൈതൃകവും സംസ്കാരവും ആചാരങ്ങളും സംബന്ധിച്ച് അവബോധമുണ്ടാക്കുകയാണ് ഗരങ്കാവൂ ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ഗരങ്കാവൂ ആഘോഷങ്ങൾ പലയിടങ്ങളിൽ
ശനിയാഴ്ച രാത്രിയിൽതന്നെ ഗരങ്കാവൂ ആഘോഷത്തിന് തുടക്കമാകും. ദോഹ ഫയർ സ്റ്റേഷൻ (രാത്രി എട്ടു മുതൽ 11 മണി വരെ), നാഷനൽ മ്യൂസിയം (രാത്രി 9.30 മുതൽ 11.30), അൽ ഷഖാബ് (രാത്രി എട്ടു മുതൽ 12 വരെ), ദർബ് അൽ സാഇ (ഞായർ വരെ, രാത്രി എട്ടു മുതൽ 12 വരെ), ലുസൈൽ ബൊളെവാഡ് (ഞായർ രാത്രി എട്ടു മുതൽ 12 വരെ), കതാറ കൾചറൽ വില്ലേജ് (ഞായർ രാത്രി 8.30 മുതൽ), മുശൈരിബ് ഡൗൺ ടൗൺ (ഞായർ രാത്രി 8.30 മുതൽ 1.30 വരെ), ദോഹ ഓൾഡ് പോർട്ട് (ഞായർ വൈകു ആറു മുതൽ 11 വരെ), അബു സിദ്ര മാൾ (രാത്രി ഏഴു മുതൽ ഒമ്പതു വരെ), മാൾ ഓഫ് ഖത്തർ (രാത്രി ഏഴു മുതൽ 12 വരെ), ദോഹ എക്സ്പോ (വൈകു. ആറു മുതൽ രാത്രി 12 വരെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.