ജീവിതത്തിൽ പലതും തിരിച്ചറിയാനെടുക്കുന്ന സമയം പലപ്പോഴും നമ്മൾ മനസ്സിലാക്കാൻ വൈകിപ്പോകുമെന്നതാണ് സത്യം. ജീവിതം ഒരു സഞ്ചാരിക്ക് സമം. തുടക്കംമുതൽ അവസാനംവരെ നീളുന്ന യാത്രയിൽ പലതും അറിയുകയും അനുഭവിക്കുകയും എല്ലാം പിന്നീട് ഓർമകളുമായി തീരുമ്പോൾ ഏകദേശം യാത്രയുടെ ദൂരവും കുറയും. ബാക്കി അവശേഷിക്കുന്നത് ലക്ഷ്യത്തിലേക്കുള്ള മാർഗമാണ്.
റമദാനിലെ നിശ്ശബ്ദമായ പകലുകൾ സാക്ഷിയാകുന്നത് പരിശുദ്ധിയിലെങ്കിൽ പിന്നീട് എത്തുന്ന രാവുകൾ പൂക്കുന്നത് സന്തോഷത്തിന്റെയും കരുതലിന്റെയും സ്നേഹത്തിന്റെയും വലിയൊരു സന്ദേശവുമായാണ്. നീണ്ട ഒരുമാസത്തെ വ്രതത്തിന്റെ പവിത്രത എത്രയെന്ന് മനസ്സിലാക്കാൻ കടലുകൾ കടക്കേണ്ടിവന്നു എന്ന് പറയുമ്പോൾ അത് തമ്പുരാന്റെ കിതാബിൽ എന്റെ നിമിത്തമായിരിക്കാമെന്ന് ഞാൻ വിശ്വസിക്കുന്നതിൽ തെറ്റില്ല.
കഴിഞ്ഞുപോയ ദിനങ്ങളിലെ അറിഞ്ഞും അറിയാതെയും ചെയ്തുപോകുന്ന പല അവസ്ഥകൾക്കും ഒരു പ്രായശ്ചിത്തം. അതാണ് മുഖ്യമായതെങ്കിലും പല സഹോദരങ്ങളുടെയും സംസാരത്തിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് നോമ്പ് തുടങ്ങിക്കഴിഞ്ഞാൽ ഒരു വലിയ കാരുണ്യം എല്ലാവരോടും കാണിക്കാൻ സന്നദ്ധരായിരിക്കണം. അതൊരു മുൻകരുതലായാണ് ഒരുങ്ങേണ്ടത്.
പണ്ടുകാലങ്ങളിൽ ഭൂമിയിൽ പട്ടിണിയുടെ ഒരു വലിയ ലോകം മനുഷ്യനു മുന്നിൽ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ, ഇന്ന് പട്ടിണി തെരുവുകളിലേക്ക് പറിച്ചെറിയപ്പെട്ടു. അവിടെ നല്ലതും തീയതുമെല്ലാം മുളച്ചു. അവിടെനിന്ന് നാശവും മുളപൊട്ടി തുടങ്ങി. ഇന്ന് ദാരിദ്ര്യമുണ്ടെങ്കിലും ദരിദ്രരായ മനുഷ്യർ കുറവാണ്. എന്നാലും റമദാൻ മാസത്തിൽ ഈ വലിയൊരു കരുതൽ കാണാൻ സാധിക്കും.
നോമ്പ് എപ്പോഴും വിശപ്പും ദാഹവും സഹിക്കൽ മാത്രമല്ല. മനുഷ്യന്റെ നോട്ടവും സംസാരവും കേൾവിയും ചിന്തകളും വികാരങ്ങളുമെല്ലാം ദൈവത്തിന്റെ ഹിതം അനുസരിച്ചായിരിക്കണം. കാരുണ്യവും സഹാനുഭൂതിയും എവിടെയും നിറഞ്ഞുനിൽക്കുന്ന നല്ല മാസമാണ് റമദാൻ. മനുഷ്യരിൽ ഇവയൊക്കെ ഉണ്ടാകുമ്പോൾ പരിശുദ്ധനായ തമ്പുരാനും മനുഷ്യനോട് കാരുണ്യമുള്ളവനായി തീരുന്നു. അവിടെ ദൈവവും മനുഷ്യനുമായുള്ള ബന്ധം വിശ്വാസമുള്ളതും വളരെ സത്യവുമായി തീരുന്നു.
പരസ്പരം പറഞ്ഞുതീർന്നാൽ തീരാവുന്ന പ്രശ്നങ്ങളേ മനുഷ്യരുടെ ഇടയിലുള്ളൂ എന്ന് എല്ലാ മതപണ്ഡിതന്മാരും പറഞ്ഞു പോകുമ്പോൾ പലപ്പോഴും കേൾക്കാതെ ആ വാക്കുകളെ മറികടക്കുന്നവരാണ് ഭൂമിയിൽ തോറ്റുപോകുന്നത്. അതുപോലെ തന്നെയാണ് ഈശ്വരനും മനുഷ്യനും തമ്മിലെ ബന്ധം. അനുസരണ അവസാനിക്കുമ്പോൾ ദോഷം കൈമുതലാകുന്നു. ദൈവത്തെ മറന്നുള്ള പ്രവൃത്തി നാശത്തിന് തിരികൊളുത്തുന്നു.
പുണ്യമാസമാണ് മാർച്ച് മാസം. നാനാമതസ്ഥരിലും അനുഗ്രഹത്തിന്റെ മാസമാണിത്. വിശ്വാസികൾ ദൈവത്തോട് കൂടുതൽ അടുക്കുകയും തന്റെ പ്രയാസങ്ങളെ തമ്പുരാനോട് പറയുകയും ചെയ്യുന്ന നോമ്പിന്റെ മാസം. എന്നാൽ, റമദാൻ വ്രതം കഠിനവ്രതം തന്നെ. ജോലിയും നോമ്പും ഒപ്പം മറ്റുള്ളവർക്കുവേണ്ടി സേവനവും ചെയ്യുന്ന പ്രിയപ്പെട്ടവരുടെ മുഖം പ്രകാശപൂരിതമാണ്. അത് തമ്പുരാന്റെ നേരിട്ടുള്ള കൃപയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
പുണ്യങ്ങളുടെ പൂക്കാലമെന്ന് പറയുന്നത് എന്താണെന്ന് പ്രിയ സഹോദരനോട് ചോദിച്ചപ്പോൾ അത് വാക്കുകൊണ്ട് ചെറുതും കർമം കൊണ്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതുമായിരിക്കണം എന്നാണ് പറഞ്ഞത്. ആ കർമമാണ് ജീവിതത്തിന്റെ വിശുദ്ധിയെന്ന് പറയുന്നത്. നോമ്പ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ദൈവവും മനുഷ്യനും, മനുഷ്യനും മനുഷ്യനും തമ്മിൽ പരസ്പര ബഹുമാനവും സ്നേഹവും തമ്മിൽ ക്ഷമിക്കാനും സഹിക്കാനുമുള്ള ധാരണ ഉണ്ടാകണം. എങ്കിൽ മാത്രമേ തെറ്റുകളെ പൊറുത്ത് തമ്പുരാന്റെ പ്രീതിക്ക് പാത്രമാകുകയുള്ളൂ. നോമ്പ് എല്ലാവർക്കും നോൽക്കാം. എന്നാൽ, നോമ്പിന്റെ പരിശുദ്ധി നോക്കുന്ന വ്യക്തിയുടെ മനസ്സിലാണ്, അനുഗ്രഹം അവർ ചെയ്യുന്ന നല്ല പ്രവൃത്തിയിലുമാണ്.
സകാത് എന്ന വാക്ക് ജീവിതത്തിൽ പലപ്പോഴും കേട്ടിരുന്നെങ്കിലും അതിന്റെ മൂല്യം ഇപ്പോഴാണ് മനസ്സിലാകുന്നത്. പോരായ്മകളും പരാജയങ്ങളും ജീവിതത്തിൽ വന്നുപോകാം. ആരെയും തരം താണവരായി കാണാതെ മാനവസ്നേഹം, പ്രതീക്ഷ, ആത്മവിശ്വാസം, മനസ്സിന്റെ നിയന്ത്രണം, ഉപയോഗിക്കുന്ന പദങ്ങൾ ഇവയൊക്കെ കാത്തുസൂക്ഷിക്കുമ്പോഴേ ജീവിതം അർഥപൂർണമാകുകയുള്ളൂ. ആരാധിക്കാനും പരസ്പരം അറിയാനും കഴിഞ്ഞാൽ ജീവിതം വിശുദ്ധിയുള്ളതും ഹൃദയം നന്മയുള്ളതുമായിത്തീരും. അവിടെ മനുഷ്യൻ വിജയിക്കും. തമ്പുരാൻ അവനെ വഴി നടത്തും നിശ്ചയം.
നോമ്പിനെക്കുറിച്ച് അറിയാൻ തുടങ്ങിയപ്പോൾമുതൽ പരസ്പര സംസാരത്തിൽനിന്നും ഞാൻ അറിഞ്ഞതും അനുഭവിച്ചതുമായ കുറേ വാക്കുകൾ വീണ്ടുമെഴുതാൻ കഴിഞ്ഞ ഈ പുണ്യറമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും പടച്ചതമ്പുരാൻ എല്ലാ ദിവസവും കാത്തുപരിപാലിക്കട്ടെ, അനുഗ്രഹിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.