റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുന്നയാളാണ് ഞാൻ. 16 വർഷം മുമ്പാണ് നോമ്പെടുത്തു തുടങ്ങുന്നത്. എല്ലാ മാസവും കഴിയുന്നത്ര നോമ്പെടുക്കും. പക്ഷേ, ഇക്കുറിയൊരു ശസ്ത്രക്രിയ കഴിഞ്ഞതിനാൽ നോമ്പെടുക്കാനായിട്ടില്ല. മനസ്സും ശരീരവും ശുദ്ധമാക്കാനുള്ള പ്രക്രിയയുടെ ഭാഗമായാണ് എന്റെ വ്രതാനുഷ്ഠാനം. സ്വന്തം ജീവിതപരിസരം വൃത്തിയാക്കിയിട്ട് സമൂഹത്തെ നന്നാക്കാമെന്ന ചിന്തയിൽ നിന്നായിരുന്നു ഈ തീരുമാനം. ആത്മസംയമനത്തിന്റെയും ക്ഷമയുടെയും സഹനത്തിന്റെയും പാഠങ്ങൾ വ്രതത്തിലൂടെ സ്വായത്തമാക്കാം. വ്യക്തിജീവിതത്തിൽ ഇതെന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. കാഠിന്യമറിയണമെങ്കിൽ വിശപ്പ് അനുഭവിക്കണം. ഇഫ്താർ വിരുന്നുകൾ എന്നത് സ്നേഹനിലാവ് വിരിയുന്ന അനുഭവങ്ങളാണ്. ഒന്നിച്ചിരിക്കുക വഴി കിട്ടുന്ന കൂട്ടായ്മയുടെ മധുരം വളരെ വലുതാണ്.
മനുഷ്യരാശിക്ക് മുകളിൽ കാരുണ്യത്തിന്റെ ആനന്ദവൃഷ്ടി ചൊരിയുന്ന മാസമാണ് റമദാൻ. അൻപിന്റെയും കനിവിന്റെയും സഹാനുഭൂതിയുടെയും മാസം. ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുക വഴി ജീവിതപരിസരം തന്നെ മാലിന്യമുക്തമാകുന്നെന്നതാണ് വാസ്തവം. വ്രതാനുഷ്ഠാനത്തിന്റെ പുണ്യമാണിത്. ഉപവാസം വഴി ശരീരത്തിന്റെ ആരോഗ്യം ക്രമപ്പെടുത്തുന്നെന്ന് മാത്രമല്ല, മാനസികാരോഗ്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഇവ പരിവർത്തനങ്ങളിലേക്ക് നയിച്ചതിന് ഒട്ടേറെ സാക്ഷ്യങ്ങളുണ്ട്. ഇതൊരു വ്യക്തിയുടെ സാക്ഷ്യമല്ല, സമൂഹത്തിന്റേതാണ്. ഈ പുണ്യമാസത്തിൽ കഷ്ടത അനുഭവിക്കുന്നവന്റെ കണ്ണീരൊപ്പാനും ഹൃദയത്തോട് ചേർത്തുനിർത്താനുമുള്ള പ്രവർത്തനങ്ങളിൽ മുന്നോട്ടിറങ്ങണമെന്നത് വർത്തമാനകാല സംഭവങ്ങൾ ഓർമപ്പെടുത്തുന്നു.
രാജ്യമെങ്ങും മത-ദേശ സ്പർധകൾ വർധിക്കുന്ന കാലയളവിൽ തീർച്ചയായും റമദാന്റെ പുണ്യസന്ദേശങ്ങൾ മനസ്സിലേക്ക് തിരികെ ആവാഹിക്കേണ്ടതാണ്. ഫലസ്തീൻ ജനത അനുഭവിക്കുന്ന കഷ്ട-നരകയാതനകൾക്ക് മധ്യത്തിലാണ് വീണ്ടും റമദാനെത്തുന്നത്. പലായനം ചെയ്യപ്പെട്ടവരും അഭയാർഥികളായവരുമായ ആയിരക്കണക്കിന് കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കുമൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടിയാണ് ഇക്കൊല്ലം റമദാനെ വരവേൽക്കേണ്ടത്. ഒന്നിച്ച് സ്നേഹവും കാരുണ്യവുമുള്ള മനുഷ്യസമൂഹത്തെ കെട്ടിപ്പടുക്കാനാണ് ഓരോ റമദാനും നമ്മെ ഓർമിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.