അവധി അവസാനിച്ച്, കഴിഞ്ഞ ആഴ്ചയാണ് ബഹ്റൈനിൽ എത്തിയത്. ടിക്കറ്റ് ചാർജ് കുറവുണ്ടായത് കൊണ്ട് തന്നെ മുംബൈ വഴിയാണ് ഇങ്ങോട്ട് എത്തിയത്. അന്നേ ദിവസത്തെ ഇഫ്താർ മുംബൈ എയർപോർട്ടിൽ വെച്ചായിരുന്നു. അതിന്റെ മധുരം കുറിക്കാം ഒപ്പം പങ്കുവെപ്പിന്റെയും, ആർദ്രതയുടെയും വിശേഷങ്ങളും പറയാം. ഉച്ചയോടെ മുംബൈയിൽ എത്തി. ഇനി രാത്രി 9.30 നാണ് ബഹ്റൈനിലേക്ക് വിമാനം.
പരിശുദ്ധ റമദാനിൽ ഉംറക്കായി പുറപ്പെടുന്ന പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള യാത്രക്കാർ മുംബൈ എയർപോർട്ടിലെ പ്രാർഥന മുറിയിലും പരിസരത്തുമായി ഇരിക്കുന്നത് കണ്ടു. പലരും തസ്ബീഹ് മാലയും പിടിച്ച് സ്രഷ്ടാവിനെ പതിഞ്ഞ സ്വരത്തിൽ വാഴ്ത്തുന്നു. ചിലർ ഖുർആൻ പാരായണം ചെയ്യുന്നു. തികഞ്ഞ പ്രതീക്ഷയോടെ പരിശുദ്ധ ഭൂമിയിലേക്ക് പറക്കാൻ വിമാനം കാത്തിരിക്കുകയാണവർ. അവരുടെ ശരീരഭാഷയും മുഖവുമൊക്കെ ശ്രദ്ധിച്ചപ്പോൾ എനിക്ക് തോന്നിയത് നോമ്പ് അവരെ തെല്ലും തളർത്തിയിട്ടില്ലെന്നാണ്. മാത്രമല്ല ആവേശം കൂട്ടിയിട്ടേയുള്ളൂ. ഇടക്ക് നിസ്കരിച്ച് പോകുന്ന എയർ ലൈൻ സ്റ്റാഫുകളുമുണ്ട്. വിശുദ്ധ മാസത്തിന്റെ ചൈതന്യം ജോലിയിലും യാത്രയിലുമൊക്കെ കാത്തുസൂക്ഷിക്കുന്ന ഒരുപാട് മനുഷ്യർ.
ഇഫ്താർ സമയമായപ്പോൾ പലതരം വിഭവങ്ങൾ വിതരണം ചെയ്യുന്നുണ്ട് ഈ ഉംറക്കായി പോകുന്ന യാത്രികർ. ഒഡീഷ്യൻ സംഘത്തിലെ ഒരുമ്മ ഒരു ബോക്സ് മുന്തിയയിനം ഈത്തപ്പഴം എന്റെ കൈയിൽ തന്ന് എല്ലാവർക്കും വിതരണം ചെയ്യാൻ പറഞ്ഞു. സ്നേഹത്തിൽ പൊതിഞ്ഞുതന്ന ആ ഈത്തപ്പഴങ്ങൾ അവിടെയുള്ള ആവശ്യക്കാരിലേക്ക് ഞാൻ കൈമാറി.
മറ്റൊരു സംഘം അവരുടെ സുപ്രയിൽ നിന്നും ഭക്ഷിക്കാൻ ക്ഷണിച്ചു. ഒരു നിമിഷത്തെ മുൻ പരിചയം പോലും ഇല്ലെങ്കിലും ഈ നോമ്പ് കാലത്തെ അവർണനീയ സ്നേഹം ദേശ-ഭാഷ വ്യത്യാസമില്ലാതെ മനുഷ്യർ തമ്മിലുണ്ടെന്ന് അനുഭവിച്ചറിഞ്ഞു.
ഈ പുണ്യമാസം പങ്കുവെപ്പിന്റേതു കൂടിയാണ്. പട്ടിണിയുടെ സ്വാദ് ധനികരടക്കം എല്ലാവർക്കും അനുഭവിക്കാനുള്ള അവസരം കൂടിയാണ് നോമ്പുകാലം. ഉള്ളതിൽ നിന്നും ആവശ്യക്കാരിലേക്ക് ഉള്ളുനിറഞ്ഞ് കൊടുക്കാൻ വ്രതം നമ്മെ പ്രേരിപ്പിക്കുന്നു. മനുഷ്യനെ സ്ഫുടം ചെയ്തെടുക്കാനാണ് വ്രതമെന്ന ആരാധന പടച്ചവൻ നിശ്ചയിച്ചതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.