ആത്മീയത ആർജിച്ചെടുക്കേണ്ട ഓരോ നോമ്പുകാലവും ഒത്തിരി അനുഭൂതികൾകൂടി സമ്മാനിച്ചാണ് വിടപറയാറുള്ളത്. നോമ്പ് പകുതിയാകുമ്പോൾതന്നെ പെരുന്നാളിനുള്ള ദിനങ്ങൾ ബാല്യകാലത്ത് എണ്ണിത്തുടങ്ങും. വാങ്ങിയ വസ്ത്രം നൂറുതവണ എടുത്തുനോക്കുകയും ചെയ്യും. ഓരോ പെരുന്നാളും വന്നുപോകുന്നത് പണ്ടത്തെ പെരുന്നാളുകളുടെ സ്മരണകൾ ഉണർത്തിക്കൊണ്ടാണ്. കുട്ടിക്കാലത്തെ പെരുന്നാളുകൾക്ക് മൈലാഞ്ചിയുടെ, അത്തറിന്റെ നറുമണമുണ്ടായിരുന്നു.
നോമ്പ് 29ൽ അവസാനിക്കുന്നതാണ് കുട്ടികൾക്കിഷ്ടം. മാസം കണ്ടെന്ന വിവരത്തിനായി കുട്ടികൾ ഒരുമിച്ചുകൂടും. ചന്ദ്രപ്പിറവിക്കുവേണ്ടിയുള്ള കാത്തിരിപ്പ് ആനന്ദമാണ്. മാസം കണ്ടെന്ന വിവരം വരുമ്പോഴായിരിക്കും പെൺകുട്ടികൾ കുടവും പാത്രവുമായി വീട്ടുവളപ്പിലെ മൈലാഞ്ചിച്ചെടിയിൽനിന്ന് ഇലകൾ പറിച്ചെടുക്കുക. മൈലാഞ്ചിയിലകളെല്ലാം തണ്ടിൽനിന്നു വേർതിരിച്ച് കഴുകി അമ്മിയിലിട്ട് അരയ്ക്കും. അപ്പോൾ ഒരു
പച്ചമണം പരക്കും. അരച്ച മൈലാഞ്ചി ഈർക്കിൽകൊണ്ട് കൈവെള്ളയിലിട്ട് എത്ര മനോഹരമായി ചുവക്കുമെന്ന ആകാംക്ഷയിൽ ഉറങ്ങാത്ത പെരുന്നാൾ രാവുകൾ. ഫ്ലാഷ് ന്യൂസ് അറിയിക്കാൻ ചാനലുകളോ മറ്റു സംവിധാനങ്ങളോ ഇല്ലാത്ത അക്കാലത്ത് പള്ളിയിലെ മൊല്ലാക്കയുടെ അറിയിപ്പാണ് പ്രതീക്ഷ. ചിലപ്പോൾ 30നുള്ള അത്താഴം കഴിച്ചുകൊണ്ടിരിക്കെയാകും ഇന്ന് പെരുന്നാളാണെന്ന അറിയിപ്പ് ലഭിക്കുക. കാത്തുവെച്ച് കിട്ടിയ പുതുവസ്ത്രങ്ങൾ ധരിച്ച് ഈദിലൊരു ഗമയുള്ള നടത്തമുണ്ട്. ശവ്വാൽപിറ കണ്ട രാത്രി വീട് മുഴുവൻ വെളിച്ചമായിരിക്കും. തറവാടുകളിൽ രാത്രി വീടുറങ്ങാൻ ഏറെ വൈകും. കുട്ടികൾ പടക്കം പൊട്ടിക്കലിൽ തിമിർക്കും.
റമദാൻ 27 കഴിഞ്ഞാൽ വാടകക്ക് സൈക്കിളെടുക്കാൻ പണം സ്വരൂപിച്ചുതുടങ്ങും. പറമ്പിലെ കശുവണ്ടി ആരും കാണാതെ പറച്ച് അരയിെലാളിപ്പിച്ച് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി അങ്ങാടിയിൽ കൊണ്ടുപോയി വിറ്റ് സൈക്കിൾ വാടകക്കുള്ള ഫണ്ട് സമാഹരണം തുടങ്ങും. വലിയുമ്മ നോമ്പിന് വീട്ടിൽ വരുന്നവർക്ക് കൊടുക്കാൻ വേണ്ടി ഒരുക്കിവെച്ച സകാത് പാത്രത്തിൽനിന്നും മിന്നുന്ന പുത്തൻ നാണയങ്ങൾ വാടകയിലേക്ക് മാറ്റും. പെരുന്നാളിനുവേണ്ടി നോമ്പ് 25ന് തന്നെ സൈക്കിൾ ബുക്ക് ചെയ്യണം.
മണിക്കൂറിന് 10 പൈസയാണ്. സൈക്കിൾ ഷോപ്പിൽ ഭയങ്കരം തിരക്കായിരുന്നു. പല നിറത്തിലുള്ള ബലൂണുകൾകൊണ്ട് അലങ്കരിച്ച സൈക്കിൾ അങ്ങാടിയിലും സുഹൃത്തുക്കൾക്കിടയിലുമായി നാല് റൗണ്ട് ചുറ്റിയാൽ കിട്ടുന്ന ഒരു ആനന്ദവും സംതൃപ്തിയുമുണ്ട്. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. കുട്ടിക്കാലത്ത് പെരുന്നാളിന് മാത്രം കിട്ടുന്ന സ്വാതന്ത്ര്യമുണ്ട്. വീടിന് പുറത്തേക്ക് പോകുന്നതിന് ചോദ്യം ചെയ്യപ്പെടാത്ത ദിവസം. വൈവിധ്യമാർന്ന ഭക്ഷണ പലഹാരങ്ങൾ ലഭിക്കുന്ന ദിവസം.
‘ഈദിനെന്തൊരു ഭംഗി, ഊദിന്റെ മണമാണിത്, മൈലാഞ്ചി ചോപ്പുണ്ടല്ലോ, മാരന്റെ ചേലുണ്ടല്ലോ...’ ഗാന ശകലങ്ങൾ ഉയർന്നുപൊങ്ങും. രാവിലെതന്നെ എല്ലാവരും ചാടിയെണീറ്റ് നേരത്തേ കുളിച്ച് പുത്തനുടുപ്പ് ധരിച്ച് അത്തറും പൂശി പള്ളിയിലേക്ക് പോകും. പുത്തനുടുപ്പിന്റെ മണവുമായി എല്ലാവരും ഉണ്ടാകും അവിടെ. സലാം കൊടുത്ത് കെട്ടിപ്പിടിച്ച് ആശംസകൾ കൈമാറും, കൂടെ മിഠായികളും. നിസ്കാരശേഷം ആദ്യം മൂത്താപ്പാന്റെ വീട്ടിലെത്തും. രണ്ട് ഗ്ലാസ് പായസം കുടിച്ച് എളാപ്പാന്റെ വീട്ടിൽചെന്ന് നെയിച്ചോറും ചിക്കൻ കറിയും.
ഉച്ചയാകുമ്പോഴേക്ക് വലിയുമ്മാന്റെ അടുത്ത് എല്ലാവരും ഹാജരാവും. വട്ടത്തിൽ സുപ്രയിട്ട് അതിന് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴുള്ള രുചി പെരുന്നാളിനുമാത്രം അവകാശപ്പെട്ടതാണ്. ഭക്ഷണശേഷം കോലായിലെ സൊറ പറച്ചിൽ. പണ്ടുകാലത്തെ പെരുന്നാളിന് ഇരട്ടി മധുരവും ആനന്ദവുമുണ്ടായിരുന്നു. പുതിയ കാലത്ത് എല്ലാം അന്യമായിത്തുടങ്ങി. മൊബൈൽ ഫോണിലും സെൽഫിയിലുമായി ആഘോഷ വേളകൾ ഒതുങ്ങിക്കഴിഞ്ഞു.
പെരുന്നാൾ തലേന്നത്തെ ഉറക്കത്തിന്റെ ഒരാലസ്യവും മുഖത്തുണ്ടാകാറില്ല. ആഘോഷപ്പൊലിമയിൽ എല്ലാ പ്രയാസവും ആലസ്യവും മറക്കും. ശവ്വാലമ്പിളി മാനത്ത് തെളിഞ്ഞാൽ അന്തരീക്ഷത്തിൽ മുഴങ്ങുന്ന തക്ബീറിന്റെ ധ്വനി മധുരങ്ങൾ കുളിർമയേകുന്ന അനുഭവങ്ങളാണ്. കുട്ടികൾ നോമ്പ് ഒന്നു മുതൽ സ്വരൂപിക്കുന്ന സകാത് പൈസ എണ്ണിത്തിട്ടപ്പെടുത്തി അങ്ങാടിയിലേക്ക് ഓടിപ്പാഞ്ഞ് റോന്തുചുറ്റി വീടുകളിൽ പല സാധങ്ങൾ വാങ്ങി തൂക്കിയിടുന്നത് കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.