ജീവിതത്തിൽ വെളിച്ചം വളരെ അത്യാവശ്യമാണ്. കാണാൻ കണ്ണുണ്ടെങ്കിലും വെളിച്ചമില്ലെങ്കിൽ കാണാൻ കഴിയില്ല. എന്നാൽ, മനുഷ്യ ജീവിതത്തിൽ ലക്ഷ്യപ്രാപ്തിക്ക് കേവല കാഴ്ച മാത്രം പോരാ. ഉൾക്കാഴ്ചകൂടി വേണം. ‘തീർച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. എന്നാൽ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് യഥാർഥത്തിൽ അന്ധത ബാധിക്കുന്നത്. (വിശു. ഖുർ 22:46)
ജീവിതത്തിൽ സത്യവും അസത്യവും വേർതിരിച്ച് കാണുവാൻ മനസ്സിലെ വെളിച്ചമാണ് ആവശ്യം. മനസ്സിനെ അന്ധത ബാധിക്കുകയാണെങ്കിൽ ജീവിതത്തിൽ അസത്യത്തിന്റെ ഇരുട്ട് സർവത്രികമായി ബാധിക്കുന്നതാണ്. അന്ധവിശ്വാസത്തിന്റെയും അനാചാരങ്ങളുടെയും മാനസികമായ അടിമത്തത്തിന്റെയും ഇരുട്ടുകളിൽനിന്ന് മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കുന്നവയാണ് വേദഗ്രന്ഥങ്ങൾ. അവയിൽ അവസാനത്തേതാണ് പരിശുദ്ധ ഖുർആൻ.
ഖുർആന്റെ അവതരണത്തിന്റെ ആരംഭം കുറിച്ചത് ഒരു റമദാൻ മാസത്തിലായിരുന്നു. മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് നയിക്കുവാൻ വേണ്ടിയാണ് ഈ ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുള്ളത് (വിശു. ഖുർ 14:2).
ഖുർആന്റെ ഈ വെളിച്ചം ജീവിതത്തിന്റെ സകല മേഖലകളെയും പ്രഭാപൂരിതമാക്കുന്നവയാണ്. ദൈവവിശ്വാസം, ദൈവാരാധന, വ്യക്തിജീവിതം, കുടുംബജീവിതം, സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകൾ എന്നിവയിലെല്ലാം ഉള്ള അന്ധകാരങ്ങളിൽനിന്ന് സത്യത്തിന്റെ വെളിച്ചത്തിലേക്കാണ് ഖുർആൻ നയിക്കുന്നത്.
അതുകൊണ്ട് ഖുർആൻ പറയുന്നു ‘നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും നാം അവതരിപ്പിച്ച പ്രകാശത്തിലും വിശ്വസിച്ചു കൊള്ളുവിൻ’ (വിശു. ഖുർ 64:8). ഖുർആനിനെക്കാൾ വെളിച്ചം നൽകുന്ന മറ്റൊരു വേദഗ്രന്ഥമുണ്ടെങ്കിൽ അതും നാം സ്വീകരിച്ചു കൊള്ളാമെന്ന് പ്രഖ്യാപിക്കുവാൻ നബി(സ)യോട് ഖുർആൻ പറഞ്ഞിട്ടുണ്ട്. അഥവാ സത്യത്തിന്റെ പ്രകാശമല്ലാതെ മറ്റൊരു വക്രതയും സ്വീകരിക്കേണ്ടതില്ലെന്നർഥം. അല്ലാഹു പറഞ്ഞു ‘നബിയേ പറയുക അല്ലാഹുവിൽനിന്ന് ഒരു വേദഗ്രന്ഥം നിങ്ങൾ കൊണ്ടുവരൂ. അത് രണ്ടിൽ ഏറ്റവും നേർവഴി കാണിക്കുന്ന ഗ്രന്ഥം ഏതാണോ അത് ഞാൻ പിൻപറ്റിക്കൊള്ളാം; നിങ്ങൾ സത്യവാന്മാരാണെങ്കിൽ (വിശു. ഖുർ 28:49)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.