റിയാദ്: സൗദി സാംസ്കാരിക മന്ത്രാലയം സംഘാടകരായി രാജ്യത്തുടനീളം ഒരുക്കിയ ‘മോസം റിയാദ്’ (റമദാൻ സീസൺ) ആഘോഷവേദികളിലേക്ക് ആളുകളുടെ ഒഴുക്ക്. റിയാദിലെ ബത്ഹയോട് ചേർന്നുള്ള ദീറയിലെ മസ്മക് കോട്ടയുടെ അങ്കണത്തിലും പരിസരത്തും റമദാൻ മുഴുവൻ നീളുന്ന ‘പ്രകാശിക്കുന്ന രാവുകൾ’ എന്ന പേരിലുള്ള എക്സ്പോ നഗരിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എല്ലാവർക്കും ഇവിടേക്ക് സൗജന്യ പ്രവേശനമാണ്.
റമദാൻ രാവുകളെ സമ്പൂർണമായി സർഗാത്മകമാക്കുകയാണ് മോസം റമദാൻ വേദികളെല്ലാം. വർണ വിളക്കുകളും തോരണങ്ങളും കൊണ്ട് മനോഹരമായി അലങ്കരിച്ച ദീറയിലെ മേളനഗരിയിൽ സാംസ്കാരിക വിനിമയമാണ് നടക്കുന്നത്. സാമൂഹിക സാംസ്കാരിക ഐക്യം വിളംബരം ചെയ്യുന്ന പാട്ടുകൾ പാടി പരമ്പരാഗത അറബ് വേഷമണിഞ്ഞ ചെറിയ കുട്ടികളുടെ കരോൾ യാത്ര ഓരോ 15 മിനുട്ടിലും നഗരിയിലൂടെ കടന്നുപോകും. കാഴ്ചക്കാരായ മുതിർന്നവരിൽ ചിലരത് ഏറ്റുപാടും. മറ്റ് ചിലർ കുട്ടികളോടൊപ്പം യാത്രയിൽ അണിചേരും.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പുരാതന അറേബ്യയെ പുനഃസൃഷ്ടിക്കുന്ന കാഴ്ചകളാണ് എക്സ്പോയിൽ. വർണവെളിച്ചത്തിൽ തിളങ്ങിനിൽക്കുന്ന വേദിയിൽ കൗതുകങ്ങൾ നിറച്ച കൂടാരങ്ങൾ പലതുണ്ട്. കരകൗശല നിർമാണത്തിന് പരിശീലനവും മാർഗനിർദേശവും നൽകുന്ന ‘മനാറ ആർട്ട്’ അക്കൂട്ടത്തിൽ ഒരു കൂടാരമാണ്. ‘അൽ സിറാജ്’ എന്ന തമ്പ് അറബിക് കലിഗ്രഫിയുടെയും കൊത്തുപണികളുടെയും പ്രാധാന്യവും സാധ്യതയും പരിചയപ്പെടുത്തുന്നതാണ്. പൗരാണിക കാലത്തെ ഖുർആൻ പതിപ്പുകളുടെ പ്രദർശനവും ടെക്നോളജികൾ വികസിക്കും മുമ്പ് ഖുർആൻ ഏടുകൾ തുന്നിച്ചേർത്തിരുന്ന കരകൗശല വിരുതിന്റെ തത്സമയ പ്രദർശനവും അവിടെയുണ്ട്.
ഇഫ്താറും അത്താഴവും പഞ്ചനക്ഷത്ര സൗകര്യത്തിൽ രുചിക്കാനും ആസ്വദിക്കാനും ‘അൽ തുറയ ഡൈനിങ്’ എന്ന പേരിലൊരു റസ്റ്റാറൻറുമുണ്ട് നഗരിയിൽ. ഇവിടേക്കുള്ള പ്രവേശനം ഓൺലൈൻ വഴി ടേബിൾ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ്. ‘അൽ നൂർ ഗാലറി’ എന്ന കൂടാരം പ്രകാശവിസ്മയങ്ങളുടെ കലവറയാണ്. വിശ്വാസികൾക്ക് അനുഗൃഹീതമായ റമദാന്റെ മൂല്യത്തെയും വിശുദ്ധിയേയും കുറിച്ച ധാരണയും അവബോധവും പകരുന്ന ആകർഷണീയമായ കാഴ്ചകളും രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക പരിസരം പരിചയപ്പെടുത്തുന്ന ദൃശ്യവിരുന്നും അൽ നൂറിനെ ശ്രദ്ധേയമാക്കുന്നുണ്ട്.
മക്ക, അൽ ഖസീം, അൽ അഹ്സ തുടങ്ങി വിവിധ പ്രവിശ്യകളിലെ പ്രാദേശിക റമദാൻ മധുരവിഭവങ്ങൾ നൽകിയാണ് അൽ നൂർ സന്ദർശകരെ യാത്രയാക്കുന്നത്. വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച മത്സരക്കളികൾക്കുള്ള പ്രത്യേക പവിലിയനുകളും ഒരുക്കിയിട്ടണ്ട്. കാരംസ്, ഡോമിനോ, ചെസ് തുടങ്ങി വിവിധ തരം കളികളിലെല്ലാം ആബാലവൃദ്ധം ആളുകളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്. പുലരുവോളം ഉണർന്നിരിക്കുന്ന നഗരിയുടെ തെക്കുഭാഗത്തുള്ള സൂഖ് അൽ സാലിൽ ഭക്ഷണപ്രിയരെ കാത്ത് ലൈവ് ഫുഡ് സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഗഹ്വയും കോഫിയും ഉൾപ്പെടെ അറേബ്യയുടെ ഭക്ഷണവൈവിധ്യങ്ങളുടെ രുചി പകരുന്ന നിരവധി തട്ടുകടകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
webook.com എന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ പ്രവേശനപാസ് നേടാം. ടിക്കറ്റിന്റെ ബാർകോഡ് കവാടത്തിലെ സംഘാടകർ സ്കാൻ ചെയ്താൽ സുരക്ഷാ പരിശോധന പൂർത്തിയാക്കി അകത്തേക്ക് പ്രവേശിക്കാം. മലയാളികൾ ഉൾപ്പെടെ വിദേശികൾ കുടുംബസമേതം എത്തുന്നുണ്ട്. വൈകീട്ട് 5.30 മുതൽ സുബ്ഹി സമയം വരെ പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.