ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരങ്ങൾ വിശുദ്ധ റമദാൻ മാസത്തിന്റെ നിർവൃതിയിലൂടെയാണ് കടന്നുപോകുന്നത്. ആരാധനയുടെയും ഖുർആൻ പഠനത്തിന്റെയും, പ്രാർഥനയുടെയും, ഉപവാസത്തിന്റെയും വിശുദ്ധ മാസത്തിൽ ഓരോരുത്തർക്കും മനസ്സിന് കൂടുതൽ ശാന്തിയും ചിട്ടയായ ജീവിതശൈലിയും ശരീരത്തിന് നല്ല ആരോഗ്യവും കൊണ്ടുവരുവാനും സാധിക്കുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ലാത്തവരുടെ കൂടെ, അവരുടെ ബുദ്ധിമുട്ടുകൾ മറ്റുള്ളവർ മനസ്സിലാക്കുവാനും സഹായ സഹകരണങ്ങൾ ചെയ്തുകൊണ്ട് ഒരു മാതൃകയായി എന്നും ഇതേ ചിട്ടയോടെ ജീവിക്കുവാനും വഴി കാട്ടുന്നു.
ആറ്റൂർ ഗ്രാമത്തിൽ എല്ലാവിധ ജാതിമതത്തിൽ പെട്ട ജനങ്ങളോടൊപ്പം വളർന്ന എനിക്ക് ആദ്യമായി സൗദിയിൽ എത്തിയശേഷം ആണ് റമദാനെ കുറിച്ച് മനസ്സിലാക്കാൻ കഴിഞ്ഞത്. അന്ന് രാസ്തനൂറാ എന്ന പ്രൊജക്റ്റ് സൈറ്റ് ജോലിയിലിരിക്കെയാണ് റമദാനെ കുറിച്ച് കൂടുതൽ പഠിക്കാൻ സാധിച്ചത്. ഒരിക്കൽ എല്ലാവരാലും ഒറ്റപെട്ട ഒരു കൂട്ടുകാരനെ കൂടെ കൂട്ടി ഒരു മാതൃക കാണിക്കാനും അവസരം കിട്ടി. സ്നേഹമാണ് ഏറ്റവും നല്ല വഴി എന്ന് അനുഭവങ്ങൾ പഠിപ്പിച്ചു. സൗദിയിൽ വന്ന് മാസങ്ങൾക്കുള്ളിൽ തലവേദന പിടിപെട്ട് തിരിച്ച് നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. തിരിച്ചു പോകാൻ ദമ്മാമിലേക്ക് വരുമ്പോൾ ഷെരീഫ് എന്ന നല്ലവനായ സുഹൃത്താണ് എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചത്. കുടുംബത്തിൽനിന്ന് വിട്ടു പിന്തിരിഞ്ഞതുമൂലമുണ്ടായ തലവേദന മാറി നീണ്ട ഗൾഫ് ജീവിതം തുടങ്ങി. സുഹൃത്തുക്കളെ നന്ദിയോടെ ഓർക്കാൻ കൂടിയുള്ളതാണ് റമദാൻ എന്ന് എനിക്ക് മനസ്സിലാക്കിത്തരുന്നു.
വർഷങ്ങൾക്കുശേഷം 2008ൽ ഒരു റമദാൻ കാലത്ത് മസ്ക്ത്തിൽ എത്തിയ എനിക്ക് പിന്നീട് നിരവധി ഇഫ്താർ വിരുന്നിൽ പങ്കെടുക്കുവാൻ സാധിച്ചു. 2017ൽ മിസ്ഫാഹ് ഇൻഡസ്ട്രിയൽ ഏരിയയിൽ ലാംപ് ഹൈപ്പർമാർക്കറ്റിനു മുന്നിൽ ജോലിക്കാരുടെ ഒരു വലിയ ജനക്കൂട്ടത്തിനോടൊപ്പം സമൂഹ നോമ്പ് തുറയിൽ പങ്കെടുത്തത് ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. അന്ന് എന്നോടൊപ്പം കൂടെ ഇരുന്ന സൂർ എന്ന സ്ഥലത്തുനിന്നും വന്ന സാമൂഹിക പ്രവർത്തകൻ ഷാജഹാൻ നാട്ടിൽ രണ്ടു ദിവസത്തിനുള്ളിൽ ഒരു അപകടത്തിൽ മരിച്ചു എന്ന വാർത്ത ടെലിവിഷനിൽ കേട്ടപ്പോൾ തളർന്നു പോയി. ആ വാർത്ത എല്ലാവരെയും വളരെ അധികം ദുഃഖത്തിൽ ആഴ്ത്തി. ഇന്നും കണ്ണീരോടെ മാത്രമേ ആ നാളുകൾ ഓർക്കാൻ കഴിയൂ. മരണം ഏവരുടെയും വളരെ അടുത്ത് ഒരു നിഴൽ പോലെ ഉണ്ട് എന്ന കാര്യം മറക്കാതെ അല്ലാഹുവിനെ പ്രാർഥിച്ച് സമൂഹ നന്മക്കുവേണ്ടി മറ്റുള്ളവരെ കൈപിടിച്ച് നടന്ന് സ്നേഹത്തോടെയും സൗഹൃദത്തോടെയും ജീവിക്കാം എന്ന സന്ദേശം നമുക്ക് പിന്തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.