1994 മാർച്ച് മാസം കൊച്ചിയിൽ നിന്നും ഈസ്റ്റ് വെസ്റ്റ് എയർലൈൻസിൽ ബോംബെയിലേക്കും അവിടെനിന്നു ഗൾഫ് എയറിൽ മസ്കത്തിലേക്കും ജീവിതത്തിലെ ആദ്യത്തെ വിമാന യാത്ര. ഗൾഫിനെക്കുറിച്ച് അത്ഭുതപ്പെടുത്തുന്ന കേട്ടറിവുകൾ മാത്രമുണ്ടായിരുന്ന ഞാൻ ആ വർഷത്തെ റമദാനിലാണ് മസ്കത്തിൽ എത്തുന്നത്. ഗൾഫിലെ കാലാവസ്ഥയെക്കുറിച്ച് കൊടും ചൂട് എന്നല്ലാതെ ഒരിക്കലും തണുപ്പിനെ കുറിച്ച് കേട്ടിട്ടില്ലായിരുന്നു. പക്ഷേ, എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. നല്ല മിത ശീതോഷ്ണ കാലാവസ്ഥ. (പിന്നീട് ആഗസ്റ്റ് ആയപ്പോഴേക്കും ഗൾഫിലെ യഥാർഥ ചൂടും അനുഭവിച്ചറിഞ്ഞു).
ഗൾഫിൽ കാലുകുത്തിയ തൊട്ടടുത്ത ദിവസം തന്നെ വ്രതം എടുക്കാൻ ആരംഭിച്ചു. വൈകുന്നേരമായപ്പോൾ ഇഫ്താറിനെക്കുറിച്ച് സ്ഥാപനത്തിലെ സഹപ്രവർത്തകരോട് അന്വേഷിച്ചു. അവർക്കൊന്നും വലിയ പിടിപാടില്ലായിരുന്നു. തൊട്ടടുത്തുള്ള വലിയ പള്ളിയിൽ ചെന്നാൽ നോമ്പുതുറ ലഭിക്കുമെന്ന് അറിഞ്ഞതോടെ അവിടേക്കു വെച്ചുപിടിച്ചു. മുൻപരിചയം ഇല്ലാത്തതിനാൽ നാട്ടിലെ ശീലമനുസരിച്ച് ബാങ്കിന് ഏതാനും നിമിഷം മുമ്പാണ് പള്ളിയിൽ എത്തിയത്. അവിടെ എത്തിയപ്പോഴല്ലേ പൂരം. വളരെ നേരത്തെ തന്നെ ആളുകൾ എത്തി തങ്ങളുടെ ഇടം കണ്ടെത്തിയിരിക്കുന്നു. പള്ളിയുടെ നടുത്തളത്തിൽ വിശാലമായ സുപ്ര വിരിച്ചിട്ടുണ്ട്. നിറയെ ആളുകൾ ഇരിക്കുന്നു. അവരുടെ മുന്നിലെ താലങ്ങളിൽ ബിരിയാണിയിൽ നിന്നും ആരെയും ആകർഷിക്കുന്ന ഗന്ധം. ആരെങ്കിലും അൽപം സ്ഥലം തരുമെന്ന പ്രതീക്ഷയോടെ ഞാൻ സുപ്രകളിൽ നിന്ന് സുപ്രകളിലേക്കു മാറിമാറി സമീപിച്ചെങ്കിലും ഒരാൾപോലും തലയുയർത്തി നോക്കുന്നില്ല. അപ്പോഴേക്കും നോമ്പ് തുറക്കാനുള്ള ബാങ്ക് വന്നു.
നിരാശയും സങ്കടവും അടക്കാനാവാതെ തിരികെ നടക്കാൻ തുനിഞ്ഞ എന്റെ നേരെ ‘ആവോ ഭായ്’ എന്നൊരു ശബ്ദം വന്നു. കേൾക്കേണ്ട താമസം ആ സുപ്രയിൽ ഞാൻ ചാടിക്കയറി ഇരുന്നു. ഒരു മനുഷ്യൻ കാരക്ക ചീള് എനിക്കുനേരെ നീട്ടി. അത് ആസ്വദിച്ചു തിന്നു, കിട്ടിയ വെള്ളവും കുടിച്ചു. താലയിലേക്കു നോക്കുമ്പോൾ അത് ശൂന്യമായിരുന്നു. ബാങ്ക് കൊടുത്തു രണ്ടു മിനിറ്റിനുള്ളിൽ എല്ലാം സംഭവിച്ചു. മാംസം മുഴുവനും അവർ അകത്താക്കിയെങ്കിലും മജ്ബൂസിന്റെ അൽപം വറ്റ് അവർ എന്റെ നേരെ നീക്കി. എങ്കിലും ഒട്ടും പ്രതീക്ഷ ഇല്ലാതിരുന്നിടത്തു ഇരിക്കാൻ സ്ഥലം ലഭിച്ചതും കഴിക്കാൻ ഭക്ഷണം ലഭിച്ചതും തന്നെ വലിയ കാര്യമായി ഞാൻ കരുതി. അങ്ങനെ പ്രവാസ ലോകത്തെ ആദ്യ ഇഫ്താർ കഴിഞ്ഞ സന്തോഷത്തോടെ മഗ്രിബും നമസ്കരിച്ചു മടങ്ങി. ജോലി സമയം എട്ടു മണിക്കൂറാണെങ്കിലും റമദാനിൽ ആറ് മണിക്കൂർ ജോലിചെയ്താൽ മതിയെന്ന പുതിയ അറിവും ലഭിച്ചു. ആദ്യ നോമ്പിന്റെ അനുഭവം സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അത് സുൽത്താൻ ഖാബൂസ് മസ്ജിദ് ആണെന്നും അവിടെ നോമ്പ് തുറക്കാൻ എത്തുന്നവർ പഠാണി, ബംഗാളികൾ ആണെന്നും പറഞ്ഞു.
റൂവി മാർക്കറ്റിനകത്തു വിഭവസമൃദ്ധമായ നോമ്പുതുറ കിട്ടുന്ന പള്ളികൾ വേറെയുണ്ടെന്ന് അറിഞ്ഞു. പിന്നീട് വർഷങ്ങളോളം വ്രതമാസത്തിൽ ഒമാനിലെ പള്ളികളിൽ മാറിമാറി പരീക്ഷണാടിസ്ഥാനത്തിൽ സുഹൃത്തുക്കളുമായി നോമ്പുതുറക്കു പോകുമ്പോഴും, ഗൾഫിലെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യാൻ അവസരം കൈവന്നപ്പോഴും കുടുംബവുമായി ജീവിതം നയിക്കുമ്പോഴുമൊക്കെ ആദ്യനോമ്പിന്റെ അനുഭവം വേറിട്ടതായി തന്നെയുണ്ട്.
നോമ്പോർമകളുടെ ‘റമദാൻ തമ്പ്’;
ഗൾഫ് മാധ്യമം വായനക്കാർക്ക് നോമ്പോർമകളുടെ വൈവിധ്യങ്ങൾ പങ്കുവെക്കാൻ ‘റമദാൻ തമ്പ്’ വീണ്ടുമെത്തി. കുഞ്ഞുനാളിലെ നോമ്പ്, പഠനകാലം, പ്രവാസത്തിലെ അനുഭവം തുടങ്ങി ഹൃദ്യമായ ഓർമകൾ ഇത്തവണയും പങ്കുവെക്കാവുന്നതാണ്. ചെറു കുറിപ്പുകൾ qatar@gulfmadhyamam.net എന്ന ഇ-മെയിൽ വഴിയോ, 5528 4913 വാട്സ് ആപ്പ് വഴിയോ അയക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.