സ്കൂളിൽ പഠിക്കുന്ന കാലത്ത് മിക്കപ്പോഴും എന്റെ നോമ്പ് കാലം കുടക് ജില്ലയിലെ പൊന്നം പേട്ട എന്ന സ്ഥലത്തായിരുന്നു. ഇന്ത്യയുടെ സ്കോട്ട്ലൻഡ് എന്നറിയപ്പെടുന്ന കൂർഗിലെ കാപ്പിയും ഓറഞ്ചും സമൃദ്ധമായി തഴച്ചുവളരുന്ന, പ്രകൃതി രമണീയമായ ആ പ്രദേശം ഒരിക്കലെങ്കിലും സന്ദർശിക്കുക എന്നത് ആരും കൊതിക്കുന്ന കാര്യമാണ്. എന്നാൽ അവധിക്കാലത്ത് കൂട്ടുകാരോടൊത്ത് പന്ത് കളിച്ചാലും ഗോട്ടി കളിച്ചാലും കിട്ടുന്ന സംതൃപ്തി വേറെത്തന്നെയാണെന്ന് കരുതുന്ന എനിക്ക് അതിലൊന്നും ഒരു പുതുമയും അനുഭവപ്പെട്ടിരുന്നില്ല..! കൂട്ടുകാരുടെ കൂടെ കളിച്ചു നടക്കുന്നതിന് പകരം എന്നെയും കൊണ്ട് ഉപ്പ പൊന്നംപേട്ടയിലേക്ക് തിരിക്കുമ്പോൾ എനിക്ക് ഉണ്ടാവുന്ന നഷ്ടബോധത്തിന്റെ കണക്ക് ഇന്നും ഓർമയിലുണ്ട്. ഞാൻ പഠിക്കുന്ന കാലത്ത് റമദാനിൽ ഞങ്ങളുടെ സ്കൂൾ പൂട്ടുന്ന പതിവുണ്ടായിരുന്നു. പകരം ഏപ്രിൽ മാസം ക്ലാസ് ഉണ്ടാവും.
മദ്റസയും സ്കൂളും ഒന്നിച്ച് പൂട്ടിയ അവസ്ഥയിൽ കൂട്ടുകാരൊക്കെ ത്രില്ല് അടിച്ചു നടക്കുമ്പോൾ എന്നെയും കൊണ്ട് ഉപ്പ പൊന്നംപേട്ടയിലേക്ക് ബസ് കയറും. കണ്ണൂർ ടു കുട്ട എന്ന ബോർഡ് വെച്ച ലക്ഷ്മി ബസ് വലിയന്നൂർ എന്ന സ്ഥലത്ത് ഉച്ചക്ക് ഒരു മണിയോടെ എത്തും. അതിലാണ് പൊന്നം പേട്ടയിലേക്കുള്ള യാത്ര. ആ ബസ് ഇപ്പോഴും അതേപേരിൽ യാത്ര തുടരുന്നുണ്ട്...!
കൂട്ടുകാരെ വിട്ട്, വീട്ടുകാരെ വിട്ട് ബസ് അകന്നുപോകുമ്പോൾ അന്ന് അനുഭവിച്ച വേദന ഒരു കുട്ടിക്കളി മാറാത്തവന്റേതാണ്. എങ്കിലും, പിന്നീട് മുതിർന്ന് ജോലി തേടി ബഹ്റൈനിലേക്ക് വരുമ്പോഴും തനിയാവർത്തനം പോലെ അത് എന്നെ പിന്തുടരുന്നുണ്ടായിരുന്നു. അല്ലെങ്കിലും ജനിച്ച വീടും, നാടും വിട്ട് അന്യസ്ഥലത്തേക്ക് പോകുമ്പോൾ എല്ലാവരും ഇതുപോലെ അനുഭവിക്കുന്നുണ്ടാവില്ലേ.....?
പൊന്നംപേട്ടയിലെ ആ നോമ്പ് കാലത്ത് പരിചയപ്പെട്ടതായിരുന്നു, ഉപ്പയുടെ കടയുടെ പിന്നിലുള്ള റൈസ് മില്ലിൽ ജോലിചെയ്തിരുന്ന കൂത്തുപറമ്പുകാരനായ വാസു ഡ്രൈവറെ. ജോലി ഇല്ലാത്ത സമയത്ത് അദ്ദേഹം കടയിൽ വന്നിരിക്കും. കൂട്ടുകാരെ പിരിഞ്ഞ് ഏകാന്തനായിരിക്കുന്ന എനിക്ക് അദ്ദേഹത്തിന്റെ സരസമായ സംഭാഷണം വലിയ ആശ്വാസമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാൻ എന്റെ ഒരാഗ്രഹം പറഞ്ഞു. എനിക്ക് അദ്ദേഹം ഓടിക്കുന്ന ലോറി ഓടിക്കണം. കേട്ടാൽ നിരസിക്കും എന്നായിരുന്നു ഞാൻ കരുതിയത്. എന്നാൽ അദ്ദേഹം സമ്മതിച്ചു. ഞായറാഴ്ചകളിൽ റൈസ് മില്ല് അവധിയാണ്, അന്ന് നോക്കാം എന്ന് ഉറപ്പ് തന്നു. പക്ഷേ, ആ ഞായറാഴ്ച എത്തുന്നതിനു മുമ്പെ ഒരു മരക്കൊമ്പിൽ അദ്ദേഹം ജീവിതം അവസാനിപ്പിച്ചു. അവസാനിപ്പിച്ചതാണോ അല്ല, മറ്റാരോ ആണോ അതിനുപിന്നിൽ എന്നകാര്യം അന്ന് പലരും സംശയം ഉന്നയിച്ചിരുന്നു. പക്ഷേ അന്നോ അതിനു ശേഷമോ ഒരു തുടരന്വേഷണമോ മറ്റോ ആ മരണത്തെ കുറിച്ച് ഉണ്ടായില്ല എന്നാണ് എന്റെ ഓർമ. പിന്നീട് ഗൾഫിലെത്തിയതിന് ശേഷവും പലപ്പോഴും പൊന്നംപേട്ടയെ കുറിച്ച് ഓർക്കുമ്പോഴൊക്കെ വാസുവേട്ടന്റെ മരണത്തിന്റെ പിന്നിൽ ആരായിരിക്കും എന്ന സംശയം മനസ്സിനെ അലട്ടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.