നല്ല ഉറക്കം പിടിച്ചു വരുന്ന വേളയിലാവും ഉമ്മാന്റെ വിളി. ‘മോനെ എണീക്ക്, അത്താഴം കഴിച്ചു കിടന്നോ..’ വിളിച്ചുണർത്തി ഉമ്മ ഞങ്ങളെ ചോറ് കഴിപ്പിച്ചിട്ടില്ലെങ്കിൽ നോമ്പ് പിടിക്കാനാവില്ല. തളർച്ചയും ക്ഷീണവും കൂടും. വേഗം എഴുന്നേറ്റ് റെഡിയായി ഭക്ഷണത്തിനു മുന്നിലെത്തിടും. ചോറും കറിയും ഉപ്പേരിയും കൂട്ടത്തിൽ ചിലപ്പോൾ ഒന്നു രണ്ട് ചെറുപഴങ്ങളും ചോറിനോടൊപ്പം ചേർക്കാൻ കാണും. അതായിരുന്നു പ്രഭാതം മുതൽ പ്രദോഷം വരെ നീളുന്ന സഹനത്തിന്റെ കരുത്ത്. സ്കൂളുള്ള ദിവസമാണെങ്കിൽ വിശപ്പറിയുകയുമില്ല. നാലുമണി വരെ എങ്ങിനെയോ പോയിക്കിട്ടും. വന്നു കഴിഞ്ഞാൽ രണ്ടര മണിക്കൂർ വീണ്ടും കാണും മഗ്രിബ് ബാങ്ക് കൊടുക്കാൻ.
നമസ്കാരത്തിനു പള്ളിയിലെ ഹൗളിൽനിന്ന് വുദുവിനുവേണ്ടി വായിൽ വെള്ളം കൊള്ളുന്ന നേരം വല്ലാത്തൊരു രുചിയാണ്. അപ്പോൾ ഇത്തിരി ഒന്ന് ഇറക്കാൻ മനസ്സ് വെമ്പും. ഇല്ല പാടില്ല. കൊച്ചു മനസ്സിൽ നോമ്പിന്റെ ഭയം വന്നുനിറയും. അസർ നമസ്കാരത്തിനുശേഷം വീട്ടിൽ അടുക്കള സജീവമായിടും. പലഹാരങ്ങളുടെ മണം പിടിച്ചു പരിസരത്തുചുറ്റി ത്തിരിയും. അത് മനസ്സിലാക്കി, ഉമ്മ എന്നെ ആശ്വസിപ്പിക്കും.
‘ഇനി കുറച്ചുനേരം കൂടിയല്ലേയുള്ളൂ മോനെ, അവിടെ പുറത്തു എവിടെയെങ്കിലും പോയി ഇരുന്നു കളിച്ചോളീട്ടാ..’
ഒന്നും ചെയ്യാനില്ലാത്ത നേരം. സമയം ഒച്ചിനേക്കാൾ മെല്ലെ നീങ്ങുന്നതായാണ് തോന്നിയിട്ടുള്ളത്. നേരം അറിയാൻ ഘടികാരമോ വാച്ചോ ഇല്ല. എങ്കിലും വീടിനുമുന്നിലൂടെ പോകുന്നവരെ ആരെയും വെറുതെ വിടാതെ ‘സമയം എത്രയായി’ എന്ന് ചോദിച്ചു കൊണ്ടേയിരിക്കും. ചിലർ എന്നെ കാണുമ്പോഴൊക്കെ മുഖത്ത് പുഞ്ചിരി വിടർത്തി പറയും. ‘സമയം ആയിട്ടില്ലല്ലോ കുട്ടിയെ, ഇനിയുണ്ട് ഒരു മണിക്കൂർ’.
അവർക്കറിയാം, നോമ്പ് തുറക്കുന്ന സമയത്തിന് ക്ഷമയില്ലാതെ കാത്തിരിക്കയാണ്. അതുകൊണ്ടാണ് ഈ സമയം ചോദിക്കലെന്ന്..
കൂട്ടത്തിൽ പരിചിത മുഖം ചാത്തുണ്ണി ചെട്ടിയാരുടെ ദാസേട്ടനാണ്. പിന്നീട് പൊലീസിൽ ചേർന്ന അവരുടെ കുടുംബം കുട്ടിക്കാലം മുതൽക്കേ വീടിന്റെ മുന്നിലൂടെയുള്ള വഴിയാത്രക്കാരാണ്.
അവസാനം, കാത്തിരിപ്പിന് അറുതി വരുത്തി,, അതാ മുനിസിപ്പാലിറ്റിയുടെ ഉം...ഉം...ഉം... എന്ന സൈറൺ മുഴക്കം.
അപ്പോൾതന്നെ അവറാൻ പള്ളിയിലെ ബാങ്കും വന്നു. ഒരു മത്സരമെന്ന പോലെ, ജമാഅത്ത് പള്ളിയിലെയും മിസിരിപ്പള്ളിയിലേയുമൊക്കെ ബാങ്കിന്റെ അലയൊലികളാൽ ശബ്ദ മുഖരിതമാണപ്പോൾ. പിന്നെ, കാരക്കയും വെള്ളവും എടുത്തു സഹോദരിമാരോടൊത്തു നോമ്പ് തുറക്കലായി.
പഴ വർഗങ്ങളും പൊരി വകകളും പലവിധ പാനീയങ്ങളുമൊന്നും തീൻമേശ നിറയുന്ന നാളുകളല്ല കുട്ടിക്കാലത്തെ നോമ്പ്. രാവിലത്തെ ചായയും കടിയും കിട്ടുന്നത് തുറക്കുന്ന നേരത്തേക്ക് കിട്ടുന്നു നോമ്പ് നാളിൽ. അത് കുറച്ചുകൂടി സുഭിക്ഷമായിരിക്കും എന്നു മാത്രം. വയർ ഫുള്ളായ വിളി വന്നാൽ നിർത്തും.
അതിനുശേഷം ഉടൻ പള്ളിയിലേക്ക് നമസ്കാരത്തിനു വേണ്ടിയുള്ള പാച്ചിൽ. അവിടെ നോമ്പിന് മാത്രം പുറത്തിറങ്ങുന്ന പുതിയ കൂട്ടുകാർ, ഒരു മടിയുമില്ലാതെ ആവശ്യത്തിന് എന്ത് കുസൃതികളും കൊണ്ട് പള്ളിയിലും പ്രാർഥന വേളകളിലും സജീവമാകും. തറാവീഹ് നമസ്കാരം കഴിഞ്ഞാലും വീട്ടിലെത്താതെ പുറത്തു ചുറ്റിയടിക്കൽ, പുണ്യനാളിൽ മാത്രം അനുവദിച്ചു കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുന്ന സമപ്രായക്കാരായവർ.
അപ്പോഴാണ് തൃക്കാവ് ജങ്ഷനിൽ സ്ഥിരമായി എത്താറുള്ള അന്യസംസ്ഥാനക്കാരന്റെ ഫുട്പാത്ത് കച്ചവടം എണ്ണ വിളക്കിന്റെ വെട്ടത്തിൽ പൊടിപൊടിക്കുന്നത്. ബെഡ് ഷീറ്റുകൾ, വലിയ പുതപ്പുകൾ ഇവകളുടെ ലേലം വിൽപന. മലയാളവും തമിഴും കലർന്ന അയാളുടെ സംസാരം കേട്ടിരിക്കാൻ കൗതുകമാണ്. തറാവീഹ് നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയാൽ അപ്പോഴേക്കും മുത്താഴക്കഞ്ഞി എന്ന് വിളിക്കുന്ന ആ ചൂടുകഞ്ഞി തയാറാകും. ആ സമയത്ത് മിക്കവാറും അടുത്ത വീടുകളിൽനിന്നും മുത്താഴ വെടിയൊച്ചകൾക്ക് കാതോർക്കാം. വീടിന്റെ പിന്നിലുള്ള അമ്മാട്ടിക്കന്റെ വീട്ടിലാവും അത് പൊട്ടിക്കുന്നത്. മുളം കുറ്റിയിൽ മണ്ണെണ്ണ ഒഴിച്ച് ഒരറ്റത്ത് തീ കാണിക്കുമ്പോൾ നല്ലൊരു ശബ്ദമുള്ളതാണ് ആ മുത്താഴ വെടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.