ബാല്യകാലത്തെ നോമ്പുകൾ ഇന്നും മനസ്സിൽ ഒരു ഉണർത്തു പാട്ടാണ്. തിരിച്ചു വരാത്ത കുട്ടിത്തത്തിന്റെ നൊമ്പരം. അതും ഇന്ന് കാണുന്ന സൗകര്യവും പൊലിപ്പൊന്നുമില്ലാത്ത ഒരു ഗ്രാമാന്തരീക്ഷത്തിൽ... അടുപ്പിലെ തിളച്ചു മറിയുന്ന ജീരക ഗന്ധമുള്ള കഞ്ഞി..മറ്റൊരടുപ്പിൽ കപ്പയും നേന്ത്രക്കായയും ചെറുപയറും ചേർന്ന പുഴുക്ക് കറി.. മണ്ണിന്റെ ഓട്ടു പാത്രത്തിൽ ഒരേ അളവിൽ വട്ടത്തിൽ പരത്തി എണ്ണയില്ലാതെ ചുട്ടെടുക്കുന്ന നമ്മുടെ സ്വന്തം കോഴിക്കോടൻ പത്തിരി..മഴ പെയ്യുമ്പോൾ പുര കെട്ടിയ ജീർണിച്ച ഓലയുടെ നടുവിലൂടെ അടുപ്പ് മൂടിയ ചെറു പാത്രത്തിലേക്കു ഇറങ്ങി വരുന്ന മഴത്തുള്ളികൾ.. വൈകീട്ട് സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിലുണ്ടാക്കിയ കറികളൊക്കെ നോമ്പ് തുറക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേ വല്യുമ്മച്ചിയുടെ സ്നേഹ വിളിയിൽ ഒന്നു ടേസ്റ്റ് നോക്കാതിരിന്നിട്ടില്ല!.
നോമ്പ് മുറിഞ്ഞാലും ഇല്ലെങ്കിലും!. പറമ്പിൽ തേങ്ങ വലിക്കുന്ന ദിവസവും സ്കൂൾ അവധിയുടെ ഞായറുമൊക്കെ വീട്ടിൽ നോമ്പ് അത്ര നിർബന്ധമില്ല. അത്തരം ദിവസങ്ങളിൽ അത്താഴ ഭക്ഷണത്തിനു എഴുന്നേൽക്കാതെ പിറ്റേ ദിവസം രാവിലെ ഒച്ചയുണ്ടാക്കാതെ അവ കഴിക്കും. തണുപ്പ് ബാധിച്ചു കിടക്കുന്ന പൊരിച്ച പപ്പടത്തെ കൂട്ടിപ്പിടിച്ചു ചേനയും മോരും ചേർത്തുള്ള ഒരു കയ്പ്പുണ്ടപ്പാ..ഒടുക്കത്തെ ഒരു ടേസ്റ്റ്..അന്ന് ഫ്രിഡ്ജ്നു പകരം ഉറി കെട്ടി അടുക്കി വെച്ച് വേവിച്ച ഭക്ഷണം സൂക്ഷിക്കുമായിരുന്നു..
വലിയ വീടുകളിലൊക്കെ കഞ്ഞിക്കു പകരം തരിയും അവിൽ മിൽക്ക് ജ്യൂസും!.. മത്തിക്കറിക്ക് പകരം അയക്കൂറ മുളകിട്ടതിലേക്കും പത്തിരി മാറ്റി പൂരിയിലേക്കും മൈദ കലർന്ന മറ്റു പൊരി വർഗങ്ങളിലേക്കും മെല്ലെ രൂപമാറ്റം വന്നുകൊണ്ടിരുന്നു. എന്നാലും മീനും ഇറച്ചിയും കൂട്ടി കഴിക്കുന്ന ശീലമില്ലായിരുന്നു. ഒരു കോഴിക്കറി അയൽവാസികൾ ക്കടക്കം കൊടുത്താലും ബാക്കി...ഷുഗർ രോഗികളോട് നോമ്പ് നോൽക്കാൻ ഡോക്ടർമാർ ഉപദേശിക്കുമായിരുന്നു. പൊതുവെ മെലിഞ്ഞ പ്രകൃതമുള്ളവരായിരുന്നു അന്നുള്ളവരിൽ അധികവും..
എല്ലാവരും മണ്ണിന്റെ ഗന്ധമുള്ള പച്ച മനുഷ്യർ..കാല പ്രവാഹത്തിൽ പെട്ടെന്നായിരുന്നു പിന്നീടുള്ള നോമ്പിന്റെ ഭക്ഷണ രീതിയിലെ മാറ്റം..പാചകകലയുടെ സൂത്രവാക്യങ്ങൾ ഉപയോഗിച്ചു റിസർച്ച് ചെയ്തും അല്ലാതെയും ഭക്ഷണം ഇന്ന് ജീവിതത്തിന്റെ വില്ലൻ ആയി മാറിക്കഴിഞ്ഞിരിക്കുന്നു!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.