‘‘തീർച്ചയായും അസ്തിത്വത്തെ സംസ്കരിച്ചവൻ വിജയം കൈവരിച്ചു, അതിനെ മലീമസമാക്കിയവൻ നിർഭാഗ്യവാനാകുകയും ചെയ്തിരിക്കുന്നു’’ എന്ന് ഖുർആനിൽ കാണാം. ഈ ലോകത്ത് പിറന്ന് വീഴുന്ന ഓരോ വ്യക്തിയുടെയും സംസ്കരണമാണ് ഇവിടെ പരാമർശിക്കുന്നത്. സംസ്കരണത്തിന് വിധേയമാകുന്ന നിലയിലാണ് ഇസ്ലാം നിഷ്കർഷിച്ചിട്ടുള്ള വിശ്വാസ അനുഷ്ഠാന കർമങ്ങളെല്ലാം തന്നെയും. ഉയർന്നാൽ മാലാഖയോളം ഉയരാനും അധഃപതിച്ചാൽ മൃഗത്തേക്കാൾ അധഃപതിക്കാനും കഴിയുന്ന പ്രകൃതമാണ് മനുഷ്യന്റേത്.
ദൈവത്തിന്റെ സൃഷ്ടികളിൽ മറ്റൊരു ജന്തുവർഗത്തിനും കഴിയാത്ത നിരവധി നേട്ടങ്ങൾ നേടിയെടുക്കാൻ പാകത്തിലുള്ള സവിശേഷ ഘടനയും മറ്റൊരു ജന്തുവിനും സാധിക്കാത്തവിധം അത്യന്തം ദുഷ്കരവും ഹീനവുമായ നിലവാരത്തിലേക്ക് അധഃപതിക്കാനുള്ള സാധ്യതയുമാണ് മനുഷ്യഘടന. ഔന്നത്യത്തിലേക്കുള്ള പാത കണ്ടെത്തി അതിലൂടെ സഞ്ചരിച്ച് വ്യക്തിത്വത്തെ സംസ്കരിക്കാനുള്ള അനവധി മാർഗങ്ങളിൽ അതിപ്രധാനമായ ആരാധനാ കർമമാണ് റമദാനിലെ വ്രതാനുഷ്ഠാനം. മണിക്കൂറുകളെ നമസ്കാരം കൊണ്ടും ദിവസങ്ങളെ വെള്ളിയാഴ്ച കൊണ്ടും മാസങ്ങളെ റമദാൻ കൊണ്ടും ആയുസ്സിനെ ഹജ്ജ് കൊണ്ടും സമ്പത്തിനെ സകാത്ത് കൊണ്ടും സംസ്കരിച്ച്, ശുദ്ധീകരിച്ച് സ്ഫുടം ചെയ്തെടുത്ത് വ്യക്തിത്വത്തെ ഔന്നത്യത്തിലെത്തിക്കുകയാണ് മതം നിർവഹിക്കുന്ന ദൗത്യം. അതിൽ ഏറ്റവും മഹിതമായ വ്യക്തിത്വരൂപീകരണ കളരിയാണ് റമദാനിലെ വ്രതാനുഷ്ഠാനം.
ശാസ്ത്രത്തിന്റെയും നാഗരികതയുടെയും സാങ്കേതിക വിദ്യകളുടെയും ഉച്ചിയിലെത്തിയ മനുഷ്യൻ, അവന്റെ അസ്തിത്വവും വ്യക്തിത്വവും കളഞ്ഞുകുളിച്ച് ഭൗതികാസ്കതികളുടെ പിറകെയാണ്. ആത്മാവിന്റെ ആഹ്വാനങ്ങൾ അവഗണിക്കുന്നു. ആത്മാവാണല്ലോ അവനെ ചൈതന്യവാനാക്കുന്നത്. അത് ആഹ്വാനം ചെയ്യുന്നത് ‘‘ഹേ! മനുഷ്യാ! പരിചിതമായ അഭിരുചികളിൽനിന്ന് അൽപ്പം വിട്ടുനിൽക്കൂ’’ എന്നാണ്. ആമാശയത്തിന് വിശ്രമം, ആത്മസായൂജ്യം, ആഗ്രഹങ്ങളിൽനിന്ന് മോചനം എന്നിവയിലൂടെ വ്യക്തികളിൽ സൗഭാഗ്യത്തിന്റെ കവാടങ്ങൾ തുറക്കുന്നു.
ഇസ്ലാം ആത്മീയ-ഭൗതിക ആവശ്യങ്ങളുടെ അനന്യ പൂരണമാണെന്ന വിളംബരമാണ് നോമ്പ് വെളിപ്പെടുത്തുന്നത്. ആത്മീയഭാവത്തിന് പോറലേൽക്കുന്ന എല്ലാ ചെയ്തികളിൽനിന്നും വിട്ടുനിന്നാലേ നോമ്പ് ശരിക്കും നോമ്പാകൂ. സഭ്യേതര സംസാരങ്ങളും ശണ്ഠകളും കലഹങ്ങളും ദുഷ് പ്രവൃത്തികളും ഒഴിവാക്കാതെ നോമ്പ് പരിപൂർണതയിലെത്തുകയില്ല. പാപങ്ങളോട് വിമുഖത, പശ്ചാത്താപ മനഃസ്ഥിതി, ഹൃദയ നൈർമല്യം, വിനയം, അരുതായ്മകളിൽ ജീവിതം ഹോമിച്ചതിലുള്ള നെടുംഖേദം, നിരന്തര ജാഗ്രത, സത്കർമാനുഷ്ഠാന തൽപരത...എല്ലാ സദ്ഗുണങ്ങളും സമ്മേളിപ്പിച്ച് വ്യക്തിത്വത്തെ അതിന്റെ ഏറ്റവും ഔന്നത്യത്തിലെത്തിക്കുകയാണ് നോമ്പ് ചെയ്യുന്നത്. നോമ്പ് വിടപറഞ്ഞാലും ആ മഹിത വ്യക്തിത്വം നിലനിർത്താനാകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.