എല്ലാ കാലഘട്ടത്തിലും മനുഷ്യർ ആയാസരഹിത ജീവിതത്തെ എന്നും കാംക്ഷിക്കുന്നു. എല്ലാവിധ സുഖ സൗകര്യത്തോടെ ജീവിക്കാനും അതിൽ തുടരാനും ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഇന്നത്തെ കാലത്തിൽ സ്വന്തം കാര്യത്തിന് ഊന്നൽ നൽകി സ്വാർഥത കലർന്ന ജീവിതരീതി തുടരാനുള്ള ഒരു ത്വര ഭൂരിഭാഗം ആളുകൾക്കും ഉണ്ടെന്നുള്ള ഒരു പരമാർഥം നിലനിൽക്കുന്ന ലോകത്തിലാണ് റമദാൻ വ്രതത്തിന്റെ കാലികപ്രസക്തി. ആത്മീയ പരിശുദ്ധി ആർജിക്കുന്ന ഈ മാസത്തിൽ സ്വന്തം ശരീരത്തെയും സാമൂഹിക ജീവിതത്തെയും ശുദ്ധീകരിക്കുന്ന വ്രതാനുഷ്ഠാനം സ്വയം അനുഷ്ഠിക്കുന്നു. ലഭ്യമായ എല്ലാ സൗകര്യങ്ങളിൽനിന്നും സ്വയം മാറി, സദ്ചിന്തകൾ മനസ്സിൽ നിറച്ച്, മറ്റുള്ളവരെ പരിഗണിക്കാൻ പ്രാപ്തമാക്കാനുള്ള തയാറെടുപ്പ് കൂടിയാണ് റമദാൻ.
ഭക്ഷണം, ആഡംബരങ്ങൾ, എന്തിന് ജലപാനം പോലും പ്രഭാതം മുതൽ പ്രദോഷം വരെ ഉപേക്ഷിച്ച് ആത്മീയവും ഭൗതികവുമായ ശുദ്ധീകരണത്തിന് വിധേയമാക്കുന്ന വിശ്വാസികൾ മറ്റുള്ളവർക്ക് നന്മ പകരുകയും ചെയ്യുന്നു. റമദാൻ വ്രതം വർഷത്തിന്റെ വിവിധ കാലങ്ങളിലൂടെ കടന്നുപോകുന്ന, അതായത് വസന്തത്തിലും വേനലിലും ശരത് കാലത്തും ശൈത്യ കാലത്തും അനുഷ്ഠിക്കാനുള്ള അവസരം ലഭിക്കുന്നു. ഒരു പക്ഷേ ലോകത്ത് റമദാനിൽ മാത്രമായിരിക്കും ഈ പ്രത്യേകത.
ആഗ്രഹങ്ങൾക്ക് അതിരുകളില്ലാത്ത, സുഖലോലുപത മടുക്കാത്ത, സ്വാർഥതക്ക് പ്രാധാന്യം കൽപിക്കുന്ന മനുഷ്യഗണത്തിന് നിസ്വാർഥമായ സഹായങ്ങളുടെ പ്രസക്തി, വിശപ്പിന്റെ വേദന, അയൽപക്കക്കാരുടെ ദുരിതങ്ങൾ, കാരുണ്യത്തിന്റെ വിശാലമായ അർഥതലങ്ങൾ, ഇല്ലായ്മയുടെ കാഠിന്യം തുടങ്ങിയ യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ മാനസികമായ തയാറെടുപ്പുകൾ എടുക്കാൻ ലഭിക്കുന്ന സുവർണാവസരം കൂടിയാണ് റമദാൻ.
മതഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്ന ആശയങ്ങളുടെ സാരാംശങ്ങൾ പുണ്യമാസത്തിൽ ദിവസവും വായിക്കുകയും അതിലെ മഹത്തായ സന്ദേശങ്ങൾ ജീവിതത്തിലേക്ക് പകർന്ന്, അതിലൂടെ ലഭിക്കുന്ന വീക്ഷണങ്ങൾ മറ്റുള്ളവർക്ക് നന്മ ലഭിക്കുന്നതിനായി പങ്കുവെക്കുകയും ജീവിതത്തിലേക്ക് ഉൾക്കൊള്ളിക്കുകയും ചെയ്യുമ്പോഴാണ് റമദാൻ വ്രതം അർഥപൂർണമാകുന്നത്. തിരിച്ചറിവുകൾ ലഭിക്കുന്ന ഒരു മാസംകൂടിയാണ് റമദാൻ.
സാമൂഹിക ജീവിതത്തിന്റെ പ്രസക്തി വിളിച്ചോതുന്ന ഒരു മാസംകൂടിയാണ് റമദാൻ. എല്ലാവരും സമമാണെന്ന സാമൂഹിക മൂല്യത്തെ ഇഫ്താർ ഊട്ടിയുറപ്പിക്കുന്നു. ഒരുമിച്ചിരുന്ന് ഒരേ ഭക്ഷണം എല്ലാവർക്കും തുല്യമായി ലഭ്യമാക്കുന്ന ഇഫ്താർ നൽക്കുന്ന സന്ദേശം അവർണനീയമാണ്. അതിലൂടെ ലഭിക്കുന്ന സന്തോഷവും സമാധാനവും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. ഈ റമദാനിൽ ലോകത്ത് ശാന്തിയും സമാധാനവും നൽകുമാറാകട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.