ചെറുതുരുത്തി: കടുത്ത ചൂടും റമദാനും എത്തിയതോടെ ഔഷധക്കഞ്ഞി കുടിക്കാൻ വൻതിരക്കാണ് തൊഴുപ്പാടം ഗ്രാമത്തിൽ. കോവിഡ് കാലത്തെ റമദാൻ മാസത്തിലാണ് പാഞ്ഞാൾ പഞ്ചായത്തിലെ തൊഴുപ്പാടം മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുപ്പക്കാർ കൊണ്ടുവന്ന ആശയം അഞ്ച് വർഷങ്ങൾ ആവുമ്പോഴും പുരോഗതിയിലാണ്.
ഔഷധക്കഞ്ഞി 500ഓളം വീടുകളിൽ എത്തിക്കുന്നുണ്ട്. ഇതര മതസ്ഥരായ സഹോദരി സഹോദരന്മാരും വൈകുന്നേരങ്ങളിൽ ഔഷധക്കഞ്ഞിക്ക് കാത്ത് നിൽക്കുകയാണ്. വൈകീട്ട് നാലുമണിയോടുകൂടി തൊഴുപ്പാടം പള്ളിയങ്കണത്തിൽ ഉണങ്ങല്ലരി, നല്ലജീരകം, ഉലുവ, നാളികേരം, മഞ്ഞൾപൊടി, ചെറിയ ഉള്ളി, ചെറുപയർ, സവാള, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് പ്രത്യേകം തയാറാക്കിയ മരുന്നുകഞ്ഞി രണ്ടു ഗുഡ്സ് വണ്ടിയിൽ വലിയ ചെമ്പിലാക്കിയാണ് കൊണ്ടുപോയി കൊടുക്കുന്നത്.
റമദാനിലെ എല്ലാദിവസവും ഇത് മുടങ്ങാതെ കൊടുക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിൽ വണ്ടി പോയി നിന്നാൽ, സ്ത്രീകളും കുട്ടികളും മുതിർന്നവരും ജാതിഭേദമന്യേ കഞ്ഞി വാങ്ങിച്ചു കൊണ്ടുപോകുന്നുണ്ട്. ഇതുകൂടാതെ പള്ളിയിൽ നോമ്പുതുറക്കാൻ എല്ലാവർക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം പി.എം. മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.