കണ്ണൂർ ജില്ലയിലെ വളപട്ടണത്തുള്ള കടവ് റോഡിലെ മയ്യിൻക്കാരൻ ബാവക്കാന്റെവിട നാസിലയുടെയും സ്വന്തം തറവാടിന്റെ പേരിൽ പള്ളിയുള്ള പുഴയരുവത്ത് തറവാടംഗമായ സുബൈറിന്റെയും മകളായാണ് ജനനം. രണ്ടര വയസ്സുള്ളപ്പോൾ ഉപ്പ പ്രവാസജീവിതം നയിക്കുന്ന ബഹ്റൈനിലെത്തിയതാണ്. ഇരുപത് വർഷത്തോളം ജീവിച്ച ബഹ്റൈനിലെ നോമ്പനുഭവം ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ്. കല്യാണത്തിന് ശേഷം ഇപ്പോൾ ജീവിക്കുന്ന യു.കെയുടെ ഭാഗമായുള്ള നോർതേൺ അയർലൻഡിലെ നോമ്പനുഭവം മറ്റൊന്നാണ്.
ഉപ്പയുടെ സാമൂഹിക സംഘടനാ ജീവിതം മൂലം ഓരോ നോമ്പുതുറകളും ഓർമകളാൽ സമൃദ്ധമായിരുന്നു. ഉപ്പയുടെയും ഉമ്മയുടെയും കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും ബഹ്റൈൻ പ്രവാസികളായതുകൊണ്ട് തന്നെ നോമ്പുകാലത്ത് നാട്ടിലില്ലാത്തത് ഒരിക്കലും പ്രശ്നമായി തോന്നിയിട്ടില്ല. വർഷങ്ങളോളം താമസിച്ച മനാമ ജൂഫ്രി ഗല്ലിയിലെ വീട്ടിൽ നോമ്പ് ഒന്നുമുതൽ സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ളവർ നോമ്പ് തുറക്കാനെത്താറുണ്ട്. ഉപ്പയുടെ അനുജന്റെ കുടുംബവും ഞങ്ങളും ഒരു സ്ഥലത്ത് 18 വർഷത്തോളം ഒരുമിച്ചാണ് താമസിച്ചത്. എല്ലാവരും ചേർന്നുള്ള ആ നോമ്പനുഭവങ്ങൾ വളരെ ആഹ്ലാദകരമായിരുന്നു. എനിക്ക് ഓർമവെച്ച കാലം തൊട്ടേ ഉപ്പയെ നോമ്പ് തുറക്കാനൊന്നും കൂടെ കിട്ടാറില്ല.
നോമ്പിന്റെ മഹത്തായ സന്ദേശമായ സഹജീവിയുടെ വയറ്റിലെ വിശപ്പിന്റെ പ്രയാസം മനസ്സിലാക്കാൻ, ഉപ്പയുടെയും ഉമ്മയുടെയും നല്ല ഇടപെടൽ കണ്ടുവളർന്നത് കൊണ്ടുതന്നെ ചെറുപ്പത്തിലേ കഴിഞ്ഞിട്ടുണ്ട്. റമദാനിലും അല്ലാത്തപ്പോഴും വീട്ടിൽ അതിഥികളെ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഉപ്പയും ഉമ്മയും ഒരേ മനസ്സുകാരായിരുന്നു.
അതുപോലെ തന്നെ മറ്റു മതസ്ഥർക്കും സകാത് കൊടുക്കുന്ന ശീലം ചെറുപ്പത്തിലേ ഉപ്പ പഠിപ്പിച്ചിരുന്നു. എല്ലാ മതക്കാരെയും മനുഷ്യരായി കണ്ട് അവരുടെ പ്രയാസത്തിനാണ് സഹായം. അല്ലാതെ പേരിനല്ല സകാതും മറ്റ് സഹായങ്ങളും കൊടുക്കേണ്ടത് എന്ന് ഉപ്പ എപ്പോഴും പറഞ്ഞ് പഠിപ്പിക്കാറുണ്ട്. ഇത്രയും വർഷത്തെ നോമ്പനുഭവത്തിൽ ഉപ്പയുടെ പാർട്ടി നേതാക്കളായ പിണറായി വിജയൻ, ഇ.പി. ജയരാജൻ, എം.വി. ജയരാജൻ, പി. ശശി, എം.വി. ഗോവിന്ദൻ മാഷ്, സജീവൻ തേനായി, സി.വി. നാരായണേട്ടനടക്കമുള്ളവരും മറ്റ് പ്രവർത്തകരും എന്റെ നിക്കാഹിന് ബഹ്റൈനിൽ നേതൃത്വം നൽകിയ ഫക്രുദ്ദീൻ തങ്ങളടക്കമുള്ള മറ്റ് സാംസ്കാരിക സംഘടന പ്രവർത്തകരും കുടുംബസമേതം എത്രയോ തവണ വീട്ടിൽ അതിഥികളായിട്ടുണ്ട്.
ഇപ്പോൾ കുറച്ച് വർഷങ്ങളായി നോർതേൺ അയർലൻഡിലാണ് ഞാൻ. ഇവിടത്തെപോലെ ബാങ്കൊന്നും കേൾക്കില്ലെങ്കിലും സമയത്തിന്റെ അപ്ഡേഷൻ അവിടത്തെ ഇസ് ലാമിക് ഓർഗനൈസേഷൻ പ്രസിദ്ധീകരിക്കുന്നതു കൊണ്ട് വലിയ പ്രയാസമില്ല. സമൂഹ നോമ്പുതുറയൊക്കെ വളരെ കുറവാണ്. തണുപ്പ് പ്രദേശമായതുകൊണ്ട് നോമ്പ് സമയം നീണ്ടുപോയാലും ശരീരത്തിനെ വലിയതോതിൽ ബാധിക്കാറില്ല. ഈ തവണ അവിടത്തെ ഇസ് ലാമിക് ഓർഗനൈസേഷൻ ഇഫ്താർ സംഗമമൊക്കെ കുറച്ച് സകാതടക്കം അതിജീവനത്തിനായി പൊരുതുന്ന ഫലസ്തീനികൾക്കാണ് എത്തിക്കുന്നത്.
അത്തരം കൂട്ടായ്മയുടെ കൂടെ ചെറിയ പങ്കാളിത്തം വഹിക്കാൻ കഴിയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായാണ് കാണുന്നത്. സഹോദരങ്ങൾ പ്രവാസജീവിതം നയിക്കുന്ന ലണ്ടൻ ടൗണിൽ ബഹ്റൈനിലേത് പോലെതന്നെ പള്ളികളിലൊക്കെ വിപുലമായ സമൂഹ നോമ്പുതുറ ഉണ്ടാവാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.