കാലം കടിഞ്ഞാൺ നഷ്ടപ്പെട്ട കുതിരയെ പോലെ നമ്മെയും വലിച്ചു മുന്നോട്ട് പായുമ്പോൾ പിന്നിട്ട വഴികളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക എന്നത് സുഖദായകമായ അനുഭൂതിയത്രേ. അസർ നമസ്കാരം കഴിഞ്ഞ് വീട്ടിലേക്കെത്തുമ്പോൾ എല്ലാ നോമ്പ് കാലങ്ങളിലും ഉമ്മ അടുക്കളയിൽ തിരക്കിട്ടു ജോലിയിലായിരിക്കും. കുടുംബത്തിന് വേണ്ടി പല വിധങ്ങളായ രുചികൾ തയാറാക്കുന്നതിൽ വല്ലാത്തൊരു ആനന്ദം അവർ അനുഭവിച്ചിരുന്നു എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. കുട്ടികളായിരുന്ന ഞങ്ങൾ നോമ്പെടുത്തും എടുക്കാതെയും ഉള്ള ആ കാലം ഇപ്പോഴും ഓർമകളിലൂടെ മിന്നിമായുന്നു. മഗ്രിബ് ബാങ്ക് വിളിക്ക് മുമ്പ് പള്ളിയിലേക്ക് പോകുമ്പോൾ ഒരു തൂക്ക്പാത്രത്തിൽ നാരങ്ങവെള്ളം കൊണ്ടുപോകാറുണ്ട്.
ഇന്നത്തെ പോലെ സുലഭമായി വിഭവങ്ങളൊന്നുമില്ലാത്ത ആ കാലം. മുക്രി കുഞ്ഞിമുഹമ്മദ്ക്ക ബാങ്ക് വിളിക്കായി മൈക്കിൽ കൊട്ടുമ്പോൾ പള്ളിയുടെ കോണിൽ വെച്ചിരുന്ന തൂക്ക് പാത്രത്തിലെ നാരങ്ങ വെള്ളത്തിനടുത്തേക്ക് ഓടിയടുക്കുന്ന കുട്ടികളായ ഞങ്ങൾ. ഉണങ്ങിയ കാരക്കയും മൺകൂജയിലെ പച്ചവെള്ളവുംകൊണ്ട് നോമ്പ് തുറക്കുന്ന ഞങ്ങളും പിന്നെ പ്രയമായവരും-_!!
ആ കാലം ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു അനുഭൂതി ആത്മാവിനെ കോരിത്തരിപ്പിക്കുന്നുണ്ട്. തറാവീഹ് നമസ്ക്കാര ശേഷം വീട്ടുമുറ്റത്ത് റാന്തൽ വിളക്കു വെളിച്ചത്തിൽ ജീര കഞ്ഞി കുടിച്ചും തമാശകൾ പറഞ്ഞും വല്ല്യുപ്പയുമായി സൗഹൃദം പങ്കിടുന്ന വേലായുധേട്ടനും മറ്റ് സുഹൃത്തുക്കളും. നാട്ടുവർത്താനം മുതൽ അന്താരാഷ്ട്ര കാര്യങ്ങൾ വരെ ചർച്ച ചെയ്യപ്പെടുന്ന ഈ സദസ്സിൽ ഞങ്ങൾ കുട്ടികൾ സ്ഥിരം കേൾവിക്കാരായിരിക്കും. അത്താഴത്തിനായി മൊയ്തു മുസ്ലിയാരുടെ വരവും കാത്തിരിക്കുന്നു വീട്ടുകാർ. ചോറും ചമ്മന്തിയുമാണ് മുസ്ലിയാർക്കുള്ള അത്താഴ വിഭവം.
പരിമിതമായ ഭക്ഷണസൗകര്യങ്ങൾക്കിടയിലും വിശാലമായ മാനുഷിക ബന്ധങ്ങൾ ആ കാലത്തിന്റെ പ്രത്യേകതയായി പലപ്പോഴും തോന്നാറുണ്ട്. വർത്തമാനകാലത്ത് മനുഷ്യർ ഓരോ തുരുത്തുകളിൽ ഒതുങ്ങിപ്പോവുന്നു എന്നതൊരു നഗ്ന യഥാർഥ്യമാണ്.
അന്ന് കണ്ട നല്ല മനുഷ്യർ മിക്കവരും മണ്ണറയിലേക്ക് മാറിപ്പാർത്തു കഴിഞ്ഞു. പകരം വന്ന തലമുറകൾക്ക് അവർ കൈമാറിത്തന്ന നന്മകളുടെ ദീപശിഖ കെട്ടുപോവാതെ മുന്നോട്ടു കൊണ്ടുപോവാൻ കഴിഞ്ഞില്ല എന്നതാണ് പരമാർഥം. സ്നേഹനിധിയായ ഉമ്മയും ആറു മാസങ്ങൾക്കു മുമ്പ് യാത്രയായതോടെ ഓർമകളിലേക്കുള്ള വലിയ പാലമാണ് തകർന്നത്. നടുക്കടലിൽവെച്ചു തുഴ മുറിഞ്ഞു പോകുന്ന അവസ്ഥയാണ് പ്രിയപ്പെട്ടവരുടെ വേർപാടുകൾ നമ്മുടെ ജീവിതത്തിലുണ്ടാക്കുക. എങ്കിലും മരണമെന്ന തടയാനും തിരുത്താനും കഴിയാത്ത നഗ്ന സത്യത്തെ ഉൾക്കൊണ്ടുകൊണ്ട് അവരുമായി ബന്ധപ്പെട്ട ഓർമകളെ നെഞ്ചോട് ചേർത്തു പിടിച്ചു മുന്നോട്ടു പോവുക മാത്രമാണ് ആ ശൂന്യതയെ മുറിച്ചു കടക്കാനുള്ള ഏക വഴി. ഓരോ വ്രതകാലവും വിരുന്നു വരുന്നത് ഓർമകളുടെ കടന്നൽ കൂടിന് കല്ലെടുത്തെറിഞ്ഞു കൊണ്ടാണ്. അങ്ങനെ ചിതറി വീണ നിനവുകളിൽ അൽപം മാത്രമാണ് ഇവിടെ പങ്കുവെച്ചത്. എല്ലാ വിശ്വാസ ആചാരങ്ങളും, മനുഷ്യരെ ഒന്നിപ്പിക്കുന്ന സ്നേഹപ്പുതപ്പായി മാറട്ടെ എന്നു ആത്മാർഥമായി പ്രാർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.