റമദാൻ നോമ്പ് വരുമ്പോൾ ഒരുപാട് കുഞ്ഞ് ഓർമകൾ അയവിറക്കാതെ ഓരോ ദിവസവും എന്നിൽനിന്നും മറഞ്ഞു പോകാറില്ല. ആധുനിക സജ്ജീകരണങ്ങളും വാർത്ത മാധ്യമങ്ങളും ഒന്നുമില്ലാതിരുന്ന ആ കാലത്ത് റമദാൻ നിലാവ് കണ്ടെന്ന് അറിയാൻ പള്ളിയിലെ മുക്രി (മുഅദിൻ) കാൽനടയായും അല്ലെങ്കിൽ ബസിലുമൊക്കെ നമ്മുടെ സ്വന്തം അറക്കൽ കൊട്ടാരത്തിലേക്കൊരു യാത്ര. അവിടന്നായിരുന്നു റമദാൻ നോമ്പും പെരുന്നാളുമൊക്കെ പ്രഖ്യാപിക്കൽ. നിലാവ് കണ്ടതായി അറിഞ്ഞാൽ പൊട്ടിപ്പൊളിഞ്ഞ ചെമ്മൺ പാതയിലൂടെ ആവും നമ്മുടെ മുക്രിക്ക ഒരു ചൂട്ടയോ പെൻ ടോർച്ചോ പിടിച്ച് നാട്ടിലേക്ക് വരുക.
വരുന്ന വഴിയിൽ ചിലർ കാര്യമറിയാൻ റോഡുവക്കിൽ കാത്തു നിൽക്കുന്നുണ്ടാവും. അങ്ങനെ റമദാൻ പിറന്ന വാർത്തകൾ കൈമാറി നാടറിയുമ്പോൾ രാത്രി ഏറെ വൈകിയിരിക്കും. ഓരോ നാട്ടിലും അപ്പോൾ തുടങ്ങും പള്ളികളിലെ മൈക്കിലൂടെ തക്ബീർ ധ്വനികൾ. അന്ന് ഇങ്ങനെയൊക്കെ ആയിരുന്നു നാട്ടുകാരെ റമദാന്റെ പിറവി അറിയിച്ചിരുന്നത്. അത്താഴത്തിന് ആളുകളെ ഉണർത്താൻ വേണ്ടി ഏതെങ്കിലും ചില പള്ളികളിലെ മൈക്കിൽ കൂടി ഉസ്താദ് ഓതുന്ന അർറഹ്മാൻ സൂറത്തിന്റെ ശബ്ദമാധുര്യവും, ചുമരിൽ തൂക്കിയ ചാവി തിരിച്ച് പ്രവർത്തിക്കുന്ന പെൻഡുലം ഘടികാരത്തിന്റെ (നീളൻ) നാലു മണിമുട്ടുമൊക്കെയാണ് അന്ന് അത്താഴത്തിന് ഉണർത്താനുള്ള ചില ഉപകരണങ്ങൾ. ഉമ്മ ഉണർന്നാൽ ഉടനെ മറ്റുള്ളവരെ വിളിച്ചുണർത്താൻ ശ്രമിക്കും.
അസർ ബാങ്ക് വിളി കേട്ടാൽ ഉടനെ കളി നിർത്തി തോട്ടിലേക്ക് കുളിക്കാൻ ഓടും. നോമ്പു നോൽക്കുന്നവർ മുങ്ങിക്കുളിക്കാൻ പാടില്ലെന്നാണ് ഉമ്മൂമ്മ പറഞ്ഞുതന്നത്. മുങ്ങിക്കുളിച്ചാൽ നോമ്പു മുറിയുമത്രെ. സൂക്ഷ്മതക്ക് വേണ്ടിയാകും ഉമ്മൂമ്മ അങ്ങനെ പറഞ്ഞു തന്നത്. അതുകൊണ്ട് തോട്ടിലെ പടിയുടെ മുകളിൽ കുത്തിയിരുന്ന് പാട്ടയിൽ വെള്ളം കോരി ഒഴിച്ചാണ് റദാനിലെ പകലിൽ കുളിക്കാറ്. നോമ്പ് തുറക്കായി ഒരു ബക്കറ്റ് കിണറിലെ വെള്ളത്തിൽ പേരിനൽപം പഞ്ചസാരയും മൂന്നോ നാലോ ചെറുനാരങ്ങയും പിഴിഞ്ഞ് സർബത്ത് കലക്കും. കൂടാതെ പള്ളിയിലെ സ്പെഷൽ ജിരക കഞ്ഞിയും. ഇത്രയും ഒരുങ്ങിയാൽ നോമ്പുതുറ ബഹുകേമമായി. ഇടക്ക് ആരെങ്കിലും പഴവർഗം തന്നാൽ അതൊരു വിശേഷം തന്നെയായിരുന്നു. പത്തിരിയുടെ തുണ്ടും സ്റ്റീൽ ഗ്ലാസ്സിൽ നിറച്ച സർബത്തും ഓരോരുത്തരായി വീതം വെച്ചെടുത്ത് പള്ളി വരാന്തയിലും ഹൗളിന്റെ ഇരുപ്പു കല്ലിലും മറ്റും ചെന്നിരുന്ന് ബാങ്കിനായി കാത്തിരിക്കും. ഈ സമയത്ത് ബാങ്കുവിളിക്കാനുള്ള തയാറെടുപ്പോടുകൂടി കൈയിൽ കാരക്കയും സർബത്ത് ഗ്ലാസും പിടിച്ച് മുക്രി ഉസ്താദ് പള്ളിക്കകത്ത് ഉലാത്തുന്നുണ്ടാവും.
വാച്ചിലെ സമയവും ക്ലോക്കിലെ സമയവും മാറിമാറി നോക്കി മുക്രി ഉസ്താദ് കാരക്കയും തിന്ന് ബാങ്കുവിളിക്കും. പിന്നെ തിന്നലും കുടിക്കലും. എല്ലാം കഴിഞ്ഞ് പാത്രം കഴുകി വെക്കുന്നവർക്ക് ഒരു ഗ്ലാസ് സർബത്തും ഒരു ചീന്ത് കാരക്കയും അധികമായി കിട്ടും. അതിനു വേണ്ടിയും ചിലപ്പോൾ ഞങ്ങൾ മത്സരിച്ചിട്ടുണ്ട്. മഗ്രിബ് നിസ്കാരം കഴിഞ്ഞ് പിന്നെ വീട്ടിലേക്കുള്ള തിരിച്ചോട്ടമാണ്. ഉമ്മ നല്ല കഞ്ഞിയും പത്തിരിയും പാത്രത്തിൽ വെച്ചിട്ടുണ്ടാവും.
എന്തൊക്കെയാ വാരിവലിച്ച് തിന്നണമെന്ന ആവേശവും ആർത്തിയും മനസ്സിലുണ്ടെങ്കിലും അൽപം മാത്രം കഴിക്കാനേ കഴിയൂ. അപ്പോഴേക്കും ഇശാ ബാങ്കിനു സമയമടുക്കും. റേഡിയോയിലുള്ള 7.25ന്റെ വാർത്ത തീർന്നാൽ പിന്നെ ഉപ്പ നേരെ പള്ളിയിലേക്ക് നടക്കും. ഇശാ നമസ്കാരവും സുന്നത്ത് നമസ്കാരവും കഴിഞ്ഞ് നേരിയ ഇടവേളക്ക് ശേഷം തറാവീഹ് നമസ്കാരം തുടങ്ങും. ഏകദേശം ഒരുമണിക്കൂറിൽ കൂടുതൽ സമയം നീണ്ടുനിൽക്കുന്ന തറാവീഹ് നമസ്കാരം കഴിഞ്ഞ് ഖത്വീബ് ഉസ്താദിന്റെ പ്രബോധന പ്രസംഗം തുടങ്ങും. പ്രസംഗാവസാനം പള്ളി പരിപാലനത്തിനുള്ള പിരിവ് നടത്തും. പലരും വീട്ടുമുറ്റത്തോ തോട്ടത്തിലോ ഉള്ള കവുങ്ങോ തെങ്ങോ ഓരോ എണ്ണം പള്ളിക്കു വേണ്ടി ദാനം ചെയ്യും.
അതിൽ നിന്നും കിട്ടുന്ന വിളവ് വർഷാവർഷം പള്ളിക്ക് ലഭിക്കും. ചിലർ വളർത്തുമൃഗങ്ങളെയും നൽകും. അവസാനം ഹൃദയസ്പർശിയായ പ്രാർഥനയോടെ പിരിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.