ഒരു ശാപമോചനത്തിന്‍റെ കഥ

രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം ജനകരാജധാനിയിലേക്കു പോകുന്ന സന്ദർഭം. വഴിയിൽക്കണ്ട പഴയൊരു ആശ്രമത്തെ മുനി കുമാരന്മാർക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. ഗൗതമമഹർഷിയുടെയും ഭാര്യയായ അഹല്യയുടെയും വാസസ്ഥലം. ഒരിക്കൽ ദേവരാജാവായ ഇന്ദ്രന് അഹല്യയുടെ സൗന്ദര്യംകണ്ട് മോഹമുണ്ടായി. മഹർഷി ഇല്ലാത്ത നേരംനോക്കി ഗൗതമമുനിയുടെ വേഷത്തിൽ ഇന്ദ്രൻ വന്നു. വേഷപ്രച്ഛന്നനായി വന്ന ഇന്ദ്രനെ തിരിച്ചറിഞ്ഞ അഹല്യ അദ്ദേഹത്തെ പ്രാപിക്കാനുള്ള ഉത്സാഹത്തിൽനിന്ന് പിന്മാറിയില്ല.

അവിടെനിന്ന് എത്രയും പെട്ടെന്ന് മടങ്ങണമെന്നും ഗൗതമനിൽനിന്ന് ഇരുവരും രക്ഷപ്പെടണമെന്നുമാണ് സംഗമത്തിൽ സംതൃപ്തയായ അഹല്യ ഇന്ദ്രനോട് ആവശ്യപ്പെട്ടത് (അധ്യാത്മരാമായണം ഉൾപ്പെടെയുള്ള പിൽക്കാല രാമായണങ്ങളിൽ ഗൗതമനെന്ന് തെറ്റിദ്ധരിച്ചാണ് അഹല്യ ഇന്ദ്രനെ പ്രാപിച്ചത് എന്നാണ് കാണുന്നത്). ആശ്രമത്തിന് പുറത്തിറങ്ങിയ ഇന്ദ്രൻ തീർഥസ്നാനം കഴിഞ്ഞ് ചമതയും ദർഭയും ശേഖരിച്ച് തിരിച്ചുവരുന്ന മഹർഷിയുടെ മുന്നിൽപെട്ടു.

തന്റെ രൂപംധരിച്ച് അകൃത്യത്തിലേർപ്പെട്ട ഇന്ദ്രന്റെ ലൈംഗികശേഷി മുനി ശപിച്ച് ഇല്ലാതാക്കി. അനേകായിരം വർഷങ്ങൾ ആഹാരമില്ലാത്തവളായി, തപസ്സു ചെയ്യുന്നവളായി, ചാരത്തിൽ കിടക്കുന്നവളായി, മറ്റാർക്കും കാണാനാകാതെ ഘോരവനത്തിൽ ഏകാകിയായി കഴിയാൻ ഇടവരട്ടെ എന്നാണ് ഗൗതമൻ അഹല്യയെ ശപിച്ചത്. ശ്രീരാമൻ ഈ ഘോരവനത്തിലേക്ക് വരുമ്പോൾ ശാപമോക്ഷം കിട്ടുമെന്നും അറിയിച്ചു. അഹല്യയെ ശപിച്ച് ശിലയാക്കിയെന്നാണ് അധ്യാത്മരാമായണത്തിലുള്ളത്. ഒടുവിൽ രാമന്റെ പാദസ്പർശമേറ്റാണ് അഹല്യക്ക് തന്റെ പഴയരൂപം തിരിച്ചുകിട്ടിയത്.

ശാപതാപങ്ങളുടെ നീണ്ട രാത്രിക്കുശേഷം പകലിൽ (അഹസ്സിൽ), വെളിച്ചത്തിൽ ലയിച്ചവൾ എന്നൊരർഥം അഹല്യയിൽ കണ്ടെത്താം. പ്രകൃത്യാലുള്ള വാസനകളും ചോദനകളും എല്ലാ ജീവജാലങ്ങളിലുമുണ്ട്. ഉദ്ദേശ്യങ്ങളറിഞ്ഞ് യാഥാർഥ്യബോധത്തോടെ അതിനെ കൈകാര്യംചെയ്യുകയാണ് വേണ്ടത്. അതിന്റെ അടിച്ചമർത്തൽ എപ്പോൾ വേണമെങ്കിലുമുള്ള പൊട്ടിത്തെറിക്ക് ഇടയാക്കും.

നിയന്ത്രണങ്ങളേതുമില്ലാതെ വിവേചനരഹിതമായി തുറന്നുവിട്ടാൽ ആവാസവ്യവസ്ഥയെ അത് താറുമാറാക്കും. അത്തരം ഭോഗവാസനകളെ, ഇന്ദ്രിയകാമനകളെ കുശലതയോടെ എടുത്തുപയോഗിക്കുന്നതിനുള്ള വിവേകത്തിന്റെ വെളിച്ചമാണ് ശാപമോചനത്തിലൂടെ രാമൻ അവൾക്ക് പ്രദാനംചെയ്തത്. അഹല്യക്ക് കൃഷിയോഗ്യമല്ലാത്ത നിലം എന്നൊരർഥം പുരാവൃത്തപാഠമനുസരിച്ച് എടുത്താൽ ഗൗതമൻ അവിടെ ഉഗ്രസൂര്യനാണ്. ആ ഭൂമിയിൽ മഴപെയ്യിച്ച് കൃഷിയോഗ്യമാക്കിയവനാണ് ഇന്ദ്രൻ. സമൃദ്ധിയുടെ വിളനിലമാക്കി അതിനെ മാറ്റിയെടുത്തതാകട്ടെ ശ്രീരാമനെന്ന ഋതുവും!

വ്യക്തിയുടെയും സമൂഹത്തിന്റെയും പരമ്പരാഗതവും പൗരാണികവുമായ വിശ്വാസപ്രമാണങ്ങളിൽപെട്ടതാണ് ശാപവും അതിൽനിന്നുള്ള വിമോചനവും. വ്യക്തികളുടെ പാകപ്പിഴകളും കുറവുകളും പരിഹരിക്കുന്നതിനുള്ള സംസ്കരണപ്രക്രിയയുടെ തലംകൂടി അതിലുണ്ട്. എല്ലാവരിലും കുടികൊള്ളുന്ന അനന്തമായ സാധ്യതകളെ തുച്ഛവും സങ്കുചിതവുമായ ഇടുക്കുകളിൽ തളച്ചിടുന്നത് മനുഷ്യരാശിക്ക് അഭികാമ്യമല്ല.

പുരുഷാർഥങ്ങളിൽപെടുന്ന അർഥകാമങ്ങൾ ധർമാനുസൃതമായിരിക്കണം എന്നാണ് ഭാരതീയ മതം. അയൽക്കാരന്റെ (മറ്റൊരാളുടെ) ഭാര്യയെ ആഗ്രഹിക്കരുത് എന്ന പത്തു കൽപനകളിൽപെടുന്ന നിർദേശത്തെയും ഇവിടെ സ്മരിക്കാം. ഇങ്ങനെ നിരന്തരമായ സാധനകളിലൂടെയും ഉപാസനകളിലൂടെയും അനേക കാലം സംസ്കരണപ്രക്രിയക്ക് വിധേയമായതുകൊണ്ടാണ് പഞ്ചകന്യകമാരിൽ ഒരാളായി അഹല്യയെ മാനിക്കുന്നത്.

Tags:    
News Summary - A story of redemption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.