ഈ ലോകത്തിൽ ഗുണവാനും വീര്യവാനും ധർമനും കൃതനും സത്യവാക്കും ദൃഢവ്രതനും ചാരിത്യ്രയുക്തനും എല്ലാവർക്കും ഹിതനും വിദ്വാനും സമർഥനും ഏവർക്കും പ്രിയപ്പെട്ടവനും ആത്മവാനും േക്രാധത്തെ ജയിച്ച അനസൂയകനും യുദ്ധത്തിൽ കോപം പൂണ്ടുനിൽക്കെ ദേവന്മാർകൂടി പേടിക്കുന്നവനുമായ മഹാൻ ആരാണ് എന്ന വാല്മീകിമുനിയുടെ ചോദ്യത്തിന് ഉത്തരമായാണ് നാരദമഹർഷി രാമകഥ അവതരിപ്പിക്കുന്നത്.
പ്രശ്നോത്തരരൂപത്തിൽ സംഭവപരമ്പരകളെ ആഖ്യാനം ചെയ്യുമ്പോൾ അതിൽ സംവാദങ്ങൾക്കുള്ള സാധ്യതകൾ വളരെയേറെയാണ്. ഇത് അധ്യാത്മരാമായണത്തിൽ ഉമാമഹേശ്വരസംവാദമെന്ന ശീർഷകത്തിൽ പരമേശ്വരൻ പാർവതീദേവിക്ക് രാമതത്ത്വം പറഞ്ഞുകൊടുക്കുകയാണ്. ശ്രദ്ധയും വിശ്വാസവും ഭക്തിയുമെല്ലാം ഊട്ടിയുറപ്പിക്കുന്നത് ഇത്തരം പരാമർശങ്ങൾക്കും നിലവാരപ്പെടുത്തലുകൾക്കും വലിയ പങ്കുണ്ട്.
ലിംഗവ്യത്യാസമെന്യേ സംവാദങ്ങളിലും കൂടിയാലോചനകളിലും സ്ത്രീകൾക്കും ഇടമുണ്ടെന്നും ഇതിലൂടെ വ്യക്തമാകുന്നു. മാത്രമല്ല വിഷ്ണുവിന്റെ അവതാരമായ രാമകഥ സാക്ഷാൽ ശ്രീപരമേശ്വരൻ തന്റെ പത്നി പാർവതീദേവിക്ക് പറഞ്ഞു കൊടുക്കുന്നത് പ്രബലവിഭാഗങ്ങളായ വൈഷ്ണവ–ശൈവ മതങ്ങൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനും രാമകഥക്ക് ശൈവവിഭാഗങ്ങൾക്കിടയിലെ സ്വീകാര്യത വർധിപ്പിക്കാനുമിടയാക്കുന്നു.
വാല്മീകിരാമായണത്തിൽ കൈകേയിയോട് തന്റെ ധർമനിഷ്ഠയെക്കുറിച്ച് ''ദേവീ, ഞാൻ അർഥവരനായി ലോകത്തിൽ വസിപ്പാൻ ഇച്ഛിക്കുന്നവനല്ല. ഋഷികളെപ്പോലെയാണെന്ന് എന്നെപ്പറ്റി അറിഞ്ഞാലും. പരമധർമത്തിൽ ഉറച്ചുനിൽക്കുന്നവനാണ് താൻ'' എന്നാണ് സ്വന്തം ധർമനിഷ്ഠയെക്കുറിച്ച് രാമൻ പ്രഖ്യാപിക്കുന്നത്. ''രാമൻ ധർമവിഗ്രഹം പൂണ്ടവനാണ്. സൽപുരുഷനാണ്. സത്യവാനാണ്. വീരനാണ്. ദേവേന്ദ്രൻ ദേവന്മാർക്കെന്നപോലെ സമസ്തലോകത്തിന്റെയും അധിപനാണ്'' (വാല്മീകി രാമായണം–3–37–13) എന്ന് രാവണനോട് മാരീചൻവരെ പറയുന്നുണ്ട്.
ഇവിടെ സൂചിപ്പിക്കുന്ന ധർമത്തിന്റെ മാനവും തലങ്ങളും അവസ്ഥാന്തരങ്ങളും അർഥവ്യാപ്തിയും അന്വേഷിക്കേണ്ടി വരുന്നതും അതുകൊണ്ടാണ്. അത് രാമനിലൂടെമാത്രം രാമായണം വായിക്കുമ്പോൾ, രാമതത്ത്വം അന്വേഷിക്കുമ്പോൾ ലഭ്യമാകില്ല. അതിന് സീതയും ലക്ഷ്മണനുമുൾപ്പെടെയുള്ള എല്ലാ കഥാപാത്രങ്ങളുടെയും കൂടെ സഞ്ചരിക്കേണ്ടിവരും. അതിനുള്ള സാധ്യത ഒരളവോളം വാല്മീകി രാമായണം തുറന്നിടുന്നുണ്ട്. തെറ്റുകുറ്റങ്ങളും കുറവുകളും പോരായ്മകളും കൈപ്പിഴവുകളും മനുഷ്യർക്ക് ജന്മസിദ്ധമാണ്.
അതു സംബന്ധിച്ച ആലോചനകൾക്കും വിധിന്യായങ്ങൾക്കും സംവാദങ്ങളിൽ സ്ഥാനമുണ്ട്. കേവലതത്ത്വമെന്ന നിലയിൽ ഒരിക്കലും തെറ്റുപറ്റാത്ത ഒരു വ്യക്തിത്വമെന്ന് പരിചയപ്പെടുത്തുമ്പോൾ അവിടെ സംവാദങ്ങൾക്കിടമില്ല. സ്ഥലകാലസംബന്ധമായ ഇടപെടലുകളിലും ഇടപാടുകളിലുമൊക്കെ ഉണ്ടായേക്കാവുന്ന കൈക്കുറ്റപ്പാടുകളും ന്യൂനതകളുമെല്ലാം വ്യാഖ്യാനങ്ങളിലൂടെ പരിഹരിച്ചു മുന്നേറേണ്ടി വരും. സർവോപരി വിവിധ കാലയളവുകളിൽ ഇതിഹാസകൃതികളെ സമീപിക്കുന്നവരുടെ ഉദ്ദേശ്യങ്ങളും അതിൽ പ്രതിഫലിക്കും. ഇത്തരം അനേകം വഴികളിലൂടെയാണ് രാമകഥ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.