ഭാരതീയസംസ്കാരത്തിൽ ഭാവശുദ്ധി, പാതിവ്രത്യം, ഹൃദയാർപ്പണം, സഹനം, വിവേകം, ത്യാഗം തുടങ്ങിയ മൂല്യങ്ങളുടെയെല്ലാം മൂർത്തിമദ്ഭാവമാണ് സീതാദേവി. 'സത്തും പവിത്രവും പുണ്യവുമായ എന്തിനും ഭാരതത്തിലുള്ള നാമമാണ് സീത. സ്ത്രീയിലുള്ള എല്ലാത്തിനെയും ഞങ്ങൾ സീതയെന്ന് പറയുന്നു' എന്നാണ് വിവേകാനന്ദസ്വാമികൾ അരുളുന്നത്. ലങ്കയിലെ അശോകവനികയിൽ, ശിംശിപാവൃക്ഷച്ചുവട്ടിൽ ഘോരരൂപിണികളായ രാക്ഷസികളുടെ കാവലിൽ പരിക്ഷീണിതയായിരുന്ന സീതക്ക്, നിരന്തരമായ പ്രീണനവും ഭീഷണിയുമാണ് ഓരോ ദിവസവും അനുഭവിക്കേണ്ടിവന്നത്.
തന്റെ പുത്രനായ മേഘനാദൻ (ഇന്ദ്രജിത്ത്) വധിക്കപ്പെട്ടതറിഞ്ഞ രാവണൻ അതിതീവ്രമായ കോപതാപങ്ങളോടെ സീതയെ കൊന്ന് ചോരകുടിക്കുമെന്ന് ആേക്രാശിച്ച് അശോകവനികയിലേക്ക് പാഞ്ഞടുക്കുന്നുണ്ട്. പട്ടമഹിഷിയാക്കാൻ പലപാട് ശ്രമിച്ച് പരാജയപ്പെട്ട രാവണൻ രാക്ഷസന്മാരുടെ അകമ്പടിയോടെ തന്റെ നേർക്ക് വരുന്നതു കണ്ട സീതക്ക് ഉള്ളിൽ വലിയ ഭയമുണ്ടാക്കി. രാമലക്ഷ്മണന്മാരെ പരാജയപ്പെടുത്തിയാകുമോ അദ്ദേഹം കടന്നുവരുന്നതെന്ന് ഭയപ്പാടോടെ അവർ ചിന്തിച്ചു.
മന്ത്രിമാരിലൊരാളായ സുപാർശ്വൻ രാവണനെ തടഞ്ഞ് സ്ത്രീവധം സാമവേദനായ ലങ്കാധിപന് ദുഷ്ക്കീർത്തിയുണ്ടാക്കുമെന്നും ശ്രീരാമാദികളിലേക്കാണ് അദ്ദേഹത്തിന്റെ കോപം തിരിച്ചുവിടേണ്ടതെന്നും അനുനയിപ്പിച്ച് മടക്കിയയക്കുകയാണുണ്ടായത്. രാവണനെ വധിച്ച് വിഭീഷണനെ ലങ്കാധിപനായി അഭിഷേകം ചെയ്തശേഷം സീതയോട് നടന്ന സംഭവങ്ങളെല്ലാം വിവരിച്ച് അവരുടെ ഭാവവും വാക്കുകളും എത്രയും പെട്ടെന്ന് അറിയിക്കാനാണ് ഹനുമാനോട് ശ്രീരാമൻ ആവശ്യപ്പെടുന്നത്. സീതയെക്കുറിച്ചുള്ള സന്ദേഹത്തിന്റെ തീപ്പൊരികൾ വെളിപ്പെടുന്നത് അവിടം മുതൽക്കാണ്.
പ്രിയന്റെ വിജയവാർത്ത ഹർഷാതിരേകത്തോടെയാണ് സീത ഉൾക്കൊണ്ടത്. പല്ലക്കിൽ എഴുന്നള്ളിയ സീതയെ കാണുവാൻ തിരക്കു കൂട്ടിയ വാനരന്മാരെ തള്ളിമാറ്റുന്നത് തടഞ്ഞ് ഗൃഹങ്ങളും വസ്ത്രങ്ങളും രാജകീയാചാരങ്ങളുമല്ല, ചാരിത്യ്രമാണ് സ്ത്രീക്ക് ആവരണം എന്നും പല്ലക്കിൽനിന്നിറങ്ങി എല്ലാ വാനരന്മാർക്കും കാണത്തക്കവിധത്തിൽ സീത നടന്നു വരട്ടെ എന്നും രാമൻ ആവശ്യപ്പെടുന്നുണ്ട്. സീതയൊഴികെ അവിടെ കൂടിനിന്നവരെല്ലാം രാമന്റെ ഭാവമാറ്റം കണ്ട് അമ്പരന്നു.
ശത്രുവിൽനിന്ന് നേരിട്ട അപമാനം പൗരുഷമുള്ള താൻ ഇല്ലായ്മ ചെയ്തെന്ന് ആമുഖമായി തുടങ്ങി ചാരിത്യ്രസന്ദേഹം വന്നതുകൊണ്ട് തന്റെ മുന്നിൽനിൽക്കുന്ന സീത നേത്രരോഗിക്ക് ദീപമെന്നപോലെ തനിക്ക് അഹിതയായി തീർന്നിരിക്കുന്നു എന്നും ദേവിയെക്കണ്ട് രാവണൻ ഏറെക്കാലം ക്ഷമിച്ചിരിക്കുമെന്ന് കരുതാവതല്ലെന്നും പത്തുദിക്കിൽ ഏതിലേക്കുവേണമെങ്കിലും പോകാമെന്നും ലക്ഷ്മണനെയോ ഭരതനെയോ ശത്രുഘ്നനെയോ സുഗ്രീവനെയോ വിഭീഷണനെയോ ഇഷ്ടംപോലെ സ്വീകരിക്കാമെന്നുമൊക്കെയാണ് അവിടെ കൂടിയിരുന്നവരുടെ മുന്നിൽവെച്ച് ശ്രീരാമൻ നിസ്സങ്കോചം, നിർലജ്ജം പറഞ്ഞത്! കൂടെ ജീവിച്ച രാമന് ഇതുവരെ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും തന്റെ ഹൃദയം അദ്ദേഹത്തിന് വിധേയമാണെന്നും തനിക്ക് അധീനമല്ലാത്തതുകൊണ്ടാണ് ശരീരസ്പർശം ഉണ്ടായതെന്നും മറ്റും സീത അതിന് മറുപടിയേകുന്നുണ്ട്.
കത്തിയെരിയുന്ന സന്ദേഹങ്ങളിൽ ഭർത്താവായ രാമൻ സ്വയമില്ലാതാകുന്നതു കണ്ടാണ് അവർ സതിയാചരിക്കാൻ തയാറായത്. എന്നാൽ, ചോദ്യം ചെയ്യാനാകാത്ത പരിശുദ്ധിയാണ് സീത തന്റെ അഗ്നിപ്രവേശത്തിലൂടെ തെളിയിച്ചത് (വിമണ്ഡലത്തിൽ മറഞ്ഞ യഥാർഥ സീതയാണ് അഗ്നിപരീക്ഷയുടെ സമയത്ത് പുറത്തു വന്നതെന്ന് അധ്യാത്മരാമായണം).
ഒന്നുകൊണ്ടും ദോഷമേശാത്ത സീതയുടെ വിശുദ്ധിയെ അഗ്നി സാക്ഷ്യപ്പെടുത്തുമ്പോൾ സത്പൂരുഷന് കീർത്തിയെ എന്നപോലെ മൂന്നു ലോകത്തിലും വിശുദ്ധയായ മൈഥിലിയെ തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നുപറഞ്ഞ് രാമൻ കൈക്കൊള്ളുകയാണ് ചെയ്തത്. ഒടുവിൽ ഒരിക്കലും കെട്ടടങ്ങാത്ത, വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടാൻ ഇടയുള്ള എല്ലാ സന്ദേഹങ്ങളുടെയും ഭൂതലം പിളർന്ന് മറഞ്ഞുപോകുന്ന സീത സ്ത്രീത്വത്തിന്റെ ഇച്ഛാശക്തിയുടെയും സ്വയംനിർണയാവകാശത്തിന്റെയും സമുജ്ജ്വല പ്രതീകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.