സീതാന്വേഷണത്തിനിറങ്ങിയ വാനരന്മാർ മഹേന്ദ്രപർവതവും കടന്ന് തെക്കോട്ട് സഞ്ചരിച്ച് സമുദ്രതീരത്തെത്തിച്ചേർന്നു. വിശപ്പും ദാഹവുംകൊണ്ട് അവർ ക്ഷീണിച്ചു വലഞ്ഞിരുന്നു. സീതാദേവി എവിടെയുണ്ടെന്നറിയാതെ മടങ്ങിച്ചെല്ലാനാകില്ല. സുഗ്രീവൻ കൊന്നുകളയും. കടൽത്തീരത്തെത്തിയതിനാൽ ഇനി മുന്നോട്ട് യാത്രചെയ്യാനും കഴിയില്ല. സുഗ്രീവന്റെ വാളിനിരയാകുന്നതിനെക്കാൾ നല്ലത് കടൽക്കരയിൽ നിരാഹാരവ്രതമെടുത്ത് മരിക്കുന്നതാണെന്ന് തീരുമാനിച്ച് അവർ നിരന്നു കിടപ്പായി.
മഹേന്ദ്രഗിരിയുടെ ഗുഹയിൽ ചിറകു രണ്ടും നഷ്ടപ്പെട്ട് ആഹാരംശേഖരിക്കാൻ കഴിയാത്ത സമ്പാതി എന്ന വലിയൊരു പക്ഷി താമസിച്ചിരുന്നു. നിരങ്ങിയും ഇഴഞ്ഞും ഗുഹക്ക് പുറത്തുവന്ന് ആ പക്ഷി മരിക്കാൻ കിടക്കുന്ന വാനരപ്പടയെ കണ്ടു. വിശന്നു വലഞ്ഞ അത് ഓരോരുത്തരുടെയും മരണത്തിന് കാത്തിരുന്നു. സമ്പാതിയെ കണ്ട് ഭയന്ന വാനരന്മാർ വിലാപത്തിനിടെ സ്വജന്മത്തെ പഴിക്കുകയും ശ്രീരാമനുവേണ്ടി പോരാടി മരണമടഞ്ഞ ജടായുവിനെ വാഴ്ത്തുകയും ചെയ്തു.
ജടായുവിന്റെ പേര് കേട്ടപ്പോൾ സമ്പാതി അവർക്കരികിലേക്ക് ചെന്ന് വിവരങ്ങളാരാഞ്ഞു. സ്വന്തം സഹോദരനായ ജടായുവിന്റെ മരണവാർത്തയറിഞ്ഞ സമ്പാതി കണ്ണീർ വാർത്തു. സഹോദരനുവേണ്ടി ഉദകക്രിയ നടത്തി. പറക്കൽ മത്സരത്തിനിടയിൽ സൂര്യതാപമേറ്റ് കത്തിക്കരിയാതിരിക്കാൻ ജടായുവിന്റെ ചിറകിന് മുകളിൽ തന്റെ ചിറക് വിടർത്തി സഹോദരനെ രക്ഷിച്ച കഥ സമ്പാതി പറഞ്ഞു തുടങ്ങി.
ചിറകുകൾ കരിഞ്ഞ് വിന്ധ്യപർവതത്തിൽ താൻ വീണതും നിശാകരമുനിയെ കണ്ടതും സീതാദേവിയെ അന്വേഷിച്ചിറങ്ങിയ വാനരന്മാർക്ക് ദേവിയെക്കുറിച്ചുള്ള വിവരങ്ങളേകിയാൽ ദേഹം പൂർവസ്ഥിതിയിലാകുമെന്ന് മുനിയരുളിയതും സൂചിപ്പിച്ചു. സമുദ്രമധ്യത്തിൽ ത്രികൂടപർവതത്തിന് മുകളിലുള്ള ലങ്കാപുരിയിലെ അശോകവനികയിൽ രാക്ഷസികളുടെ നടുവിൽ സീതാദേവി ഇരിക്കുന്നതായി തന്റെ വിഹഗവീക്ഷണത്തിൽ തെളിഞ്ഞ കാര്യം സമ്പാതി വാനരന്മാരുമായി പങ്കുവെച്ചു.
സമുദ്രതരണം ചെയ്ത് തന്റെ സഹോദരനെ കൊന്ന ദുഷ്ടനെ വകവരുത്തി സീതയെ വീണ്ടെടുക്കുന്നതിന് സമ്പാതി ആശംസിച്ചു. ഈ വൃത്താന്തം പറഞ്ഞതോടെ ആരോഗ്യം തിരിച്ചു കിട്ടുകയും ചിറകുകൾ മുളച്ച് പഴയനിലയിലാകുകയും ചെയ്തതോടെ സമ്പാതി പറന്നകന്നു.
സീതാദേവിയെ അന്വേഷിക്കുന്നതിൽ സജീവമായി പങ്കുകൊള്ളുന്ന മനുഷ്യേതര വ്യക്തിത്വങ്ങളായ വാനരന്മാരെയും പക്ഷിയെയും നമുക്കിവിടെ കാണാം. പ്രപഞ്ചത്തോട് ആഴമേറിയൊരു ഇണക്കം ജീവിതംകൊണ്ട് ഊട്ടിയുറപ്പിച്ചവരോട് മാത്രമേ ജീവപ്രകൃതി ഇത്തരത്തിൽ പ്രതികരിക്കൂ. വ്യക്തിയും വിശ്വപ്രപഞ്ചവുമായുള്ള മുറിവില്ലാത്ത ഇഴയിണക്കമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഒരു സത്യത്തിന്റെ അനന്തമായ ആവിഷ്കാരങ്ങളാണ് അറിവിന് വിഷയമായതെല്ലാം.
അതുകൊണ്ട് നിലനിൽപിന്റെ തലം മുതൽ എല്ലാം അഗാധമായി ബന്ധപ്പെട്ടു കിടക്കുന്നു. ഭ്രാതൃസ്നേഹത്തിലുപരി കർമങ്ങളിലൂടെ നമ്മിൽ അടിഞ്ഞുകൂടിയ മദമാത്സര്യങ്ങൾ ഉൾപ്പെടെയുള്ള അനേകവാസനകളെ സംസ്കരിച്ചെടുക്കാൻ നമ്മിലെ പ്രബലമായ നന്മയുടെ കിരണരേഖക്ക് കഴിയും. വിവിധ കഥാപാത്രങ്ങളിലൂടെ ഇതിഹാസം നമ്മുടെ ഹൃദയത്തിൽ ആലേഖനം ചെയ്യുന്നതും ഈ വസ്തുതയെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.