ഗംഗാനദിയുടെ തീരത്തുള്ള ശൃംഗിവേരപുരം എന്ന നിഷാദരാജ്യത്തിന്റെ ഭരണാധികാരിയാണ് ഗുഹൻ. വനവാസത്തിനിറങ്ങിയ രാമലക്ഷ്മണന്മാരും സീതയും ഗുഹന്റെ ആതിഥ്യം സ്വീകരിക്കുന്നുണ്ട്. രാമനെപ്പോലൊരു വിശിഷ്ടാതിഥിയെ ലഭിച്ച ഗുഹൻ അതിസന്തുഷ്ടനായി ഈ ഭൂമി മുഴുവൻ രാമന്റേതാണെന്നും അയോധ്യയെപ്പോലെ തന്റെ രാജ്യത്തെയും കാണണമെന്നും ഉണർത്തിച്ചു. ശ്രീരാമനെ യഥാവിധി പൂജിച്ച് ഫലമൂലാദികളും സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങളും കാഴ്ചവെച്ചു. വിശ്രമിക്കുവാൻ പൂമെത്തയൊരുക്കി.
ശ്രീരാമൻ അതെല്ലാം സ്നേഹപൂർവം നിരസിച്ച് വെള്ളം മാത്രം കുടിച്ച് മരച്ചുവട്ടിൽ വിശ്രമിച്ചു. ഈ കാഴ്ച കണ്ട ഗുഹൻ അവിടെ കാവൽനിന്ന ലക്ഷ്മണനോട് തന്റെ ഹൃദയവേദന പങ്കുവെച്ചു. അപ്പോൾ വിജ്ഞാനികളുടെ മനോനിലയെക്കുറിച്ചും അവരുടെ ലോകവ്യവഹാരത്തെക്കുറിച്ചും കർമത്തിന്റെ ഗതിവിഗതികളെക്കുറിച്ചുമെല്ലാം ലക്ഷ്മണൻ വിവരിച്ചു. ഒരിക്കൽ പ്രവാചകനായ നബിതിരുമേനിയുടെ വീട്ടിൽവന്ന ഉമറിനു കാണാനായത് കയറുകൊണ്ടുള്ള കട്ടിൽ, വെള്ളം കുടിക്കാനൊരു പാത്രം, ഒരു പിടി ധാന്യം എന്നിവ മാത്രമായിരുന്നു.
തിരുമേനിയുടെ പുറത്ത് പതിഞ്ഞ ഈന്തപ്പനയോലയുടെ പാടുകണ്ട ഉമർ വിതുമ്പിക്കരഞ്ഞപ്പോൾ ഉമറേ, ഐഹിക ജീവിതത്തിൽ നാം നേടിയെടുക്കുന്ന വിഭവങ്ങൾ നമുക്ക് ശാന്തിയും സമാധാനവും നൽകില്ല. അവ ലഘൂകരിച്ചുകൊണ്ടുവരലാണ് അഭികാമ്യം. സത്യത്തിന്റെ മാർഗവും അതുതന്നെയെന്ന് തിരുദൂതർ അരുളിയത് നമുക്കിവിടെ അനുസ്മരിക്കാം. ദേശകാലാതീതമായി ഈ ലോകജീവിതത്തെ മഹാത്മാക്കൾ എങ്ങനെ വിലയിരുത്തുന്നു എന്നതിനുള്ള മികച്ച ദൃഷ്ടാന്തമാണിത്. പിന്നീട് ശ്രീരാമനെ അന്വേഷിച്ചുവരുന്ന ഭരതന് മാർഗദർശനമേകുകയും തന്റെ ദാശസൈന്യങ്ങളെ അയച്ചുകൊടുക്കുകയും ചെയ്തു.
വർണാശ്രമധർമവ്യവസ്ഥക്ക് പുറത്തുനിൽക്കുന്ന നിഷാദവംശത്തിൽ പിറന്ന ഗുഹനെ രാമലക്ഷ്മണന്മാർ എങ്ങനെ ഉൾക്കൊണ്ടു എന്നതിനുള്ള നിദർശനമാണ് ഗുഹചരിതം. പശുക്കളുടെയും ബ്രാഹ്മണരുടെയും സുഖസമൃദ്ധിയും ക്ഷേമൈശ്വര്യങ്ങളും ഉറപ്പാക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന സാമൂഹികസംവിധാനത്തിന്റെ സംരക്ഷകരിൽനിന്നുണ്ടായതാണ് ഇത്തരമൊരു പ്രവർത്തനം എന്നതിനാലാണ് ഗുഹചരിതം എന്നും വാഴ്ത്തപ്പെടുന്നത്.
രാമലക്ഷ്മണന്മാർ വനവാസികളായതുകൊണ്ടും ഗുഹൻ നിഷാദരാജനായതുകൊണ്ടുമാണ് വിഭാഗീയതകൾക്കതീതമായി അവർ ഗുഹനെ ഉൾക്കൊണ്ടത്. മറ്റൊരർഥത്തിൽ ജീവിതാനുഭവങ്ങളെ സമത്വബുദ്ധിയോടെ ആന്തരികമായി സ്വാംശീകരിച്ചതിന്റെ സഫലമായ തുടർച്ചതന്നെയാണ് സമൂഹം അനേകം വ്യത്യാസങ്ങളാരോപിച്ച് വിവിധ തട്ടുകളിലാക്കിയവരോടുള്ള, ഹൃദ്യവും വിവേചനരഹിതവുമായ പെരുമാറ്റം.
മനുഷ്യരെന്നുപോലും പരിഗണിക്കാതെ മാറ്റിനിർത്തിയ വലിയൊരു വിഭാഗം ജനതയെ സൃഷ്ടിച്ചതും നിലനിർത്തിയതും പുസ്തകത്തിലും മസ്തകത്തിലും മാത്രം തടുത്തുനിർത്തിയ, പ്രയോഗസന്നദ്ധമല്ലാത്ത നീതിബോധമാണെന്ന് ഈ അവസരത്തിൽ നമുക്ക് മറക്കാതിരിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.