യുദ്ധം ഒഴിവാക്കുന്നതിനുള്ള പരിശ്രമങ്ങൾ ഇരുപക്ഷത്തുനിന്നുമുണ്ടായി. മാതാമഹനായ മാല്യവാൻ രാവണനെ യുദ്ധത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതിന് നടത്തിയ ഇടപെടലുകൾ പരാജയപ്പെട്ടു. തുടർന്ന് ഇരുവിഭാഗവും സേനാവിന്യാസം തുടങ്ങി. കിഴക്കേക്കോട്ട വാതിൽക്കൽ പ്രഹസ്തനും പശ്ചിമദ്വാരത്തിൽ മായാവിയായ മേഘനാദനും തെക്കേക്കോട്ടയിൽ മഹാപാർശ്വമഹോദരന്മാരും വടക്കേക്കോട്ടയിൽ ശുകസാരണന്മാരോടൊപ്പം രാവണനും നടുവിലെക്കോട്ടയിൽ വിരൂപാക്ഷനും തങ്ങളുടെ സൈന്യങ്ങളോടൊപ്പം നിലയുറപ്പിച്ചു.
നീലൻ, ഹനുമാൻ, അംഗദൻ, സുഗ്രീവൻ, ജാംബവാൻ, വിഭീഷണൻ എന്നിവർ രാമലക്ഷ്മണന്മാരുടെ നേതൃത്വത്തിൽ അണിനിരന്നു. രാജധർമമനുസരിച്ച് ശ്രീരാമൻ, വിഭീഷണൻ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ചശേഷം അവസാനശ്രമം എന്ന നിലയിൽ ബാലിപുത്രനായ അംഗദനെ ദൂതിനയച്ചു.
സീതയെ കൊണ്ടുവന്ന് തന്നെ ശരണം പ്രാപിച്ചില്ലെങ്കിൽ താൻ രാക്ഷസകുലം നശിപ്പിക്കുമെന്ന സന്ദേശമാണ് അദ്ദേഹം കൈമാറിയത്. ക്രുദ്ധനായ രാവണന്റെ നിർദേശമനുസരിച്ച് ബന്ധിക്കാനിറങ്ങിയ ഭടന്മാരെ എടുത്തെറിഞ്ഞ് രാജമന്ദിരത്തിന്റെ മകുടവും തകർത്ത് അംഗദൻ തിരിച്ചു വരുകയാണുണ്ടായത്. അനുരഞ്ജന ശ്രമങ്ങൾ വിഫലമായതോടെയാണ് യുദ്ധം തുടങ്ങിയത്.
ഒന്നാം ദിവസത്തെ യുദ്ധത്തിൽ രാക്ഷസനേതാക്കൾ വലിയ സേനയോടൊപ്പം വധിക്കപ്പെട്ടു. രണ്ടാംദിവസം വടക്കേ ഗോപുരത്തിൽനിന്ന് പുറപ്പെട്ട രാവണന്റെ പുത്രൻ അതികായൻ ലക്ഷ്മണന്റെ ബ്രഹ്മാസ്ത്രമേറ്റ് മരിച്ചു. മേഘനാദന്റെ നാഗാസ്ത്രമേറ്റ് ബോധംമറഞ്ഞ ലക്ഷ്മണസുഗ്രീവാദികളെയും വാനരസേനയെയും രാമന്റെ നിർദേശമനുസരിച്ച് ഗരുഡൻ നേരിട്ടിറങ്ങിവന്ന് വിമോചിപ്പിച്ചു. ഉറക്കത്തിൽനിന്നുണർത്തി യുദ്ധത്തിനിറക്കിയ രാവണ സഹോദരൻ കുംഭകർണനെ ശ്രീരാമൻ വധിച്ചു.
ഹനുമാന്റെ കരുത്ത് യുദ്ധത്തിെന്റ ഗതിവിഗതികളിൽ വലിയ സ്വാധീനം ചെലുത്തി. തന്റെ വേലേറ്റുവീണ ലക്ഷ്മണന്റെ ശരീരമെടുത്തുയർത്താൻ രാവണൻ പരിശ്രമിച്ചെങ്കിലും ഹനുമാൻ രാവണനെ മർദിച്ചവശനാക്കി ലക്ഷ്മണന്റെ ശരീരം അനായാസേന രാമസന്നിധിയിലെത്തിക്കുന്ന രംഗം അവിസ്മരണീയമാണ്. വാനര സൈന്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും രാമലക്ഷ്മണന്മാരെ ശരപീഡയിൽനിന്ന് മോചിപ്പിക്കുന്നതിനും ഹിമാലയത്തിൽനിന്ന് മൃതസഞ്ജീവനി, വിശല്യകരണി, സുവർണകരണി, സന്ധാനകരണി എന്നിവ കൊണ്ടുവരുന്നതിനുള്ള നിയോഗം ഹനുമാനായിരുന്നു.
ഔഷധികളെ തിരിച്ചറിയാതെ വന്നപ്പോൾ പർവതം പൊക്കിക്കൊണ്ടുവന്നു ആ മഹാവീരൻ. അതിലെ ഔഷധങ്ങൾ പ്രയോഗിച്ചാണ്, ലക്ഷ്മണാദികളെ പുനരുജ്ജീവിപ്പിക്കുന്നത്. യുദ്ധവിജയത്തിനുള്ള ഹോമം മുടങ്ങി പോരിനിറങ്ങിയ മേഘനാദനെ വധിക്കുന്നത് ലക്ഷ്മണനാണ്. ഒടുവിൽ എല്ലാം നഷ്ടപ്പെട്ടിട്ടും അടിപതറാതെ സർവസന്നാഹങ്ങളോടെ യുദ്ധത്തിനിറങ്ങിയ രാവണനെ ശ്രീരാമൻ കഥാവശേഷനാക്കുന്നു.
യുദ്ധങ്ങളെല്ലാം ബാക്കിവെക്കുന്നത് നിരപരാധികളും അംഗവൈകല്യംവന്നവരും അനാഥരുമായ മനുഷ്യജന്മങ്ങളുടെ ചോരയും കണ്ണീരും പ്രാണാഹുതികളുമാണ്. എല്ലാം നേടിയെടുക്കുന്നതിനും അവ നിലനിർത്തുന്നതിനും അതിന് വെല്ലുവിളിയുയർത്തുന്നവരെ നിലംപരിശാക്കുന്നതിനുമുള്ള മനുഷ്യന്റെ എക്കാലത്തെയും പരിശ്രമങ്ങളാണ് യുദ്ധത്തിലേക്ക് നയിക്കുന്നത്.
വ്യക്തികളിലൂടെ സമൂഹത്തിലേക്കും ലോകത്തിലേക്കും അത് ക്രമമായി പടരുന്നു. യുദ്ധത്തെ ലാഘവബുദ്ധ്യാ വിലയിരുത്തുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളും അധികാരം നിലനിർത്തുന്നതിനും യഥാർഥ പ്രശ്നങ്ങളെ വഴിതിരിച്ചുവിടുന്നതിനും യുദ്ധത്തെ എടുത്തുപയോഗിക്കുന്ന ഭരണാധികാരികളുടെ നിലപാടുകളും വീണ്ടുവിചാരത്തിന് വിധേയമാക്കേണ്ടതാണെന്ന് ഇതിഹാസകൃതികളെല്ലാം ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.