ഭോഗമൂർത്തിയുടെ സർവനാശം

പലരും പുകഴ്ത്തിയിട്ടുണ്ട്, സീതയുടെ സമ്മതത്തിനുവേണ്ടി ക്ഷമയോടെ കാത്തിരുന്ന രാവണനെ. അദ്ദേഹത്തിന്റെ സ്ഥാനത്ത് രാമനോ മറ്റാരെങ്കിലുമോ ആയിരുന്നെങ്കിൽ എന്നിങ്ങനെ വ്യാകുലപ്പെട്ടിട്ടുമുണ്ട്. ഉൾക്കാഴ്ചയുടെ കുറവും വിശദമായ വിലയിരുത്തലിന്റെ അഭാവവുമാണിതെന്ന് നിശ്ചയമായും പറയാം.

ഒരു ചെയ്തിയെയല്ല അതിന് പിറകിലുള്ള വസ്തുസ്ഥിതിയും കാര്യകാരണങ്ങളും ഉദ്ദേശ്യങ്ങളുമൊക്കെയാണ് വിശകലനം ചെയ്യപ്പെടേണ്ടത്. ശൈവബ്രാഹ്മണനായ രാവണൻ വേദശാസ്ത്രങ്ങളിലും അറുപത്തിനാല് കലകളിലും സംഗീതത്തിലും വൈദ്യത്തിലുമെല്ലാം നിപുണനായിരുന്നു. വരബലവും സിദ്ധിവിശേഷങ്ങളും വേറെ. ശ്രീരാമനുപോലും ഇത്ര മേന്മ അവകാശപ്പെടാനാകുമോ എന്ന് സംശയം.

വ്യക്തിമഹത്വത്തിനും ആർത്തിയിലും ആസക്തിയിലും അധിഷ്ഠിതമായ ഇന്ദ്രിയപരിലാളനത്തിനും സ്വാർഥപൂരണത്തിനും ഭോഗശാന്തിക്കുമായിരുന്നു ഈ ഉപലബ്ധികളുടെ സിംഹഭാഗവും വിനിയോഗിച്ചത്. അതുകൊണ്ടാണ് ബ്രാഹ്മാവ്, അഗ്നി, ബൃഹസ്പതി, നളകൂബരന്മാർ, വേദവതി, നന്ദികേശ്വരൻ, വസിഷ്ഠൻ, അഷ്ടാവക്രൻ, ദത്താേത്രയൻ, ദ്വൈപായനൻ, മാണ്ഡവ്യൻ, അത്രി, നാരദൻ, ഋതുവർമൻ, മൗൽഗല്യൻ, അനരണ്യൻ തുടങ്ങിയവരുടെ ശാപങ്ങൾക്കെല്ലാം ഇടയാക്കിയത്. രാമൻ രാവണനിൽനിന്ന് തീർത്തും വ്യതിരിക്തനാകുന്നതും ഇവിടെയാണ്.

മേല്പറഞ്ഞ ശാപങ്ങളിൽ നളകൂബരന്മാരുടെയും പുഞ്ജികാദേവിയുടെയും ശാപമാണ് സീതയുടെ സമ്മതത്തിന് കാത്തുനിൽക്കാൻ രാവണനെ നിർബന്ധിതനാക്കിയതെന്ന് ഉത്തരരാമായണത്തിലും മഹാഭാരതം വനപർവത്തിലും വായിക്കാം. സഹോദരനായ കുബേരന്റെ പുത്രൻ നളകൂബരന്റെ ഭാര്യയായ രംഭയെ രാവണൻ ഒരിക്കൽ പിച്ചിച്ചീന്തിയെറിയുകയുണ്ടായി (മദയാനയാൽ മഥിക്കപ്പെട്ട താമരപ്പൊയ്കപോലെ എന്ന് കവി).

jeഇതറിഞ്ഞ നളകൂബരൻ വശംവദയാകാത്ത സ്ത്രീയെ സ്പർശിക്കുന്ന മാത്രയിൽ രാവണന്റെ തല ഏഴായി പൊട്ടിത്തെറിക്കുമെന്ന് ശപിച്ചു. സമ്മതമില്ലാത്തവളെ തൊട്ടാൽ പത്തു തലയും പൊട്ടിത്തെറിച്ചുപോകുമെന്ന് ബ്രഹ്മദേവന്റെ മാനസപുത്രിയായ പുഞ്ജികാദേവിയുടെ ശാപവും രാവണന് കിട്ടിയിട്ടുണ്ട്. രാക്ഷസികളുടെ കാവലിൽ അശോകവനികയിൽ ശിംശിപാ വൃക്ഷച്ചുവട്ടിൽ സീതയെ കൊണ്ടിരുത്തിയതും പ്രണയാഭ്യർഥനക്കപ്പുറം കൈയേറ്റത്തിനൊന്നും മുതിരാതിരുന്നതും മറ്റൊന്നുകൊണ്ടുമല്ല.

കഴിവും പ്രാപ്തിയും സാധ്യതകളും ക്രിയാത്മകതയും എത്ര കുടിയിരിക്കുന്നു എന്നതിലല്ല മറിച്ച് അവ ഫലപ്രദമായി, വ്യക്തിക്കും സമൂഹത്തിനും എന്നന്നേക്കുമായ ക്ഷേമവും സുസ്ഥിതിയും ഉറപ്പാക്കുന്നതിന് കാര്യക്ഷമതയോടെ എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് സുപ്രധാനം എന്ന് ഇതിലൂടെ വ്യക്തമാകുന്നു. അമൂല്യമായ ഉപലബ്ധികളെ, ഈടുവെപ്പുകളെ പരിമിതവും തുച്ഛവുമായ കാമനകൾക്കും ചോദനകൾക്കുംവേണ്ടി ബലികഴിക്കുന്നത് നിലനിൽപിന്റെ വേരറുക്കലായിരിക്കുമെന്ന് ലോകോത്തരകൃതികളെല്ലാം സാക്ഷ്യപ്പെടുത്തുന്നു. 

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.