ഗാന്ധിയെ സംബന്ധിച്ച് രാമരാജ്യം ആദർശാത്മകമായ സുവർണ രാഷ്ട്രമായിരുന്നു. വാല്മീകി രാമായണത്തിൽ അയോധ്യ എന്ന രാമരാജ്യം മുഴുവൻ യാജ്ഞികരാണെന്നും ദുർവൃത്തരോ വർണ സങ്കരക്കാരോ നാസ്തികരോ ഇല്ലെന്നും കവി വർണിക്കുന്നു. ( കശ്ചിദാസീദയേധ്യായാം ന ചാവൃത്തോ ന സങ്കര: , വാ .രാ. ബാലകാണ്ഡം, 6.12). കൃത്യമായ ചാതുർവർണ്യ സാമൂഹിക വ്യവസ്ഥയുടെ സൂചനയാണിത്.
വാല്മീകി രാമായണത്തിൽ വിവരിക്കുന്ന രാമരാജ്യം ചാതുർവർണ്യ ബദ്ധമായ അസമത്വ സാമൂഹിക ക്രമത്തെയാണ് സിദ്ധാന്തവത്കരിക്കുന്നത്. "സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം " എന്ന നാരായണ ഗുരുവിന്റെ നീതിവാക്യം ചാതുർവർണ്യ ബദ്ധമായ രാജ്യ സങ്കൽപത്തോടുള്ള വിമർശന വിചാരമായും ദർശിക്കാവുന്നതാണ്.
ചാതുവർണ്യ ബദ്ധമായ സാമൂഹിക ക്രമത്തോടുള്ള പ്രതി ഭാവനയായാണ് പ്രതി രാമായണങ്ങൾ രചിക്കപ്പെടുന്നത്. പലപ്പോഴും ബ്രാഹ്മണ്യ പാഠം സൃഷ്ടിച്ച മേൽക്കോയ്മ ക്രമത്തെയാണ് ഗോത്ര രാമായണങ്ങൾ ഉൾപ്പെടെ വിമർശ വിധേയമാക്കിയത്. ഇന്ത്യയിലെ ഒരു പ്രത്യേക സ്ഥലമാണ് അയോധ്യ എന്ന വാദത്തെതന്നെ മറ്റൊരു പുരാണ പാഠം രചിച്ചു കൊണ്ടാണ് തായ്ലൻഡിലെ രാമായണ പാഠം ചോദ്യം ചെയ്യുന്നത്.
തായ്ലൻഡിലും അയോധ്യയെ അനുസ്മരിപ്പിക്കുന്ന ‘‘അയുതിയ’’ എന്ന സ്ഥലം കാണാൻ കഴിയും. ജൈന പാഠങ്ങൾ അനുസരിച്ച് തീർഥങ്കരനായ ഋഷഭനാഥന്റെ ജന്മസ്ഥലമാണ് അയോധ്യ. ബൗദ്ധ ഗ്രന്ഥങ്ങളിൽ സാകേതമെന്ന അയോധ്യയെ സംബന്ധിച്ച സൂചനകളുണ്ട്. ഇങ്ങനെ നോക്കിയാൽ ബഹുസംസ്കാര നിമഗ്നമായ സാംസ്കാരിക സ്ഥലി കൂടിയായിരുന്നു അയോധ്യ എന്ന് ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.