ദേവതകൾക്ക് മാംസം നിവേദിക്കുന്നത് സ്വാഭാവികമായി കരുതിയിരുന്ന സംസ്കാരത്തിന്റെ ചരിത്രത്തിലേക്ക് വാല്മീകി വിരൽചൂണ്ടുന്നുണ്ട്. വനവാസം കഴിഞ്ഞ് മടങ്ങിയെത്തിയാൽ ഗംഗാദേവിക്ക് ആയിരം മദ്യകുംഭങ്ങളും മാംസഭക്ഷണവും നൽകാമെന്ന് സീത പ്രാർഥിക്കുന്നുണ്ട് (സുരാ ഘട സഹസ്രേണ മാംസ ഭൂതൗദനേന ച/ യക്ഷ്യേ ത്വാം പ്രീയതാം ദേവി പുരം പുനരുപാഗതാ, വാ. രാ. അയോദ്ധ്യാ കാണ്ഡം, 52. 89). ചിത്രകൂടത്തിൽ താമസിക്കാനായി ആദ്യമായി ഒരാശ്രമം നിർമിക്കുമ്പോൾ, ആ ശാലയിലെ സുദീർഘ വാസത്തിനായി രാമലക്ഷ്മണന്മാർ മാനിന്റെ മാംസം ഉപയോഗിച്ചാണ് വാസ്തുശാന്തി ചെയ്യുന്നത് -
" ഐണേയം മാംസമാഹൃത്യ ശാലാം യക്ഷ്യാമഹേ വയം/കർതവ്യം വാസ്തു ശമനം സൗമിത്രേ ചിരജീവിഭി: " (അയോദ്ധ്യാ കാണ്ഡം, 56. 25). നന്നായി വെന്ത കൃഷ്ണമൃഗത്തിന്റെ മാംസം ഉപയോഗിച്ച് ഗൃഹദേവതകൾക്കായി ബലിയർപ്പിക്കാൻ ലക്ഷ്മണൻ രാമനോട് നിർദേശിക്കുകയും ചെയ്യുന്നു (വാ.രാ. അയോദ്ധ്യാ കാണ്ഡം, 56. 27- 31). മയമതം മുതലായ വാസ്തു ഗ്രന്ഥങ്ങളിലും വാസ്തു ശാന്തിക്കായി മാംസബലി നിർദേശിക്കുന്നുണ്ട്. ഇത് തെളിയിക്കുന്നത് പ്രാചീന ഇന്ത്യൻ സംസ്കാരത്തിൽ മാംസം അശുദ്ധ വസ്തുവായി കരുതിയിരുന്നില്ല എന്നാണ്. കൂടാതെ യജ്ഞക്രിയകളിൽ മാംസം നിവേദിക്കുന്നത് ഒഴിവാക്കാനാവാത്ത ഒരാചാരവുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.