ദശരഥന്റെ മന്ത്രിമാരിൽ ഒരാളായിരുന്നു ജാബാലി. ദശരഥന്റെ മരണശേഷം രാമന്റെ വനവാസ സന്ദർഭത്തിൽ ഭരതാദികൾ രാമനെ സന്ദർശിക്കുമ്പോൾ ജാബാലിയും കൂടെയുണ്ടായിരുന്നു. ഈ അവസരത്തിൽ ജാബാലി രാമനോട് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. പരേതാത്മാക്കളെ സങ്കല്പിച്ച് അഷ്ടകാ ശ്രാദ്ധം മുതലായവ ചെയ്യുന്നത് അന്നത്തിന്റെ വ്യർഥമായ വ്യയമാണെന്ന് ജാബാലി രാമനോട് പറയുന്നു - ‘‘അഷ്ടകാ പിതൃദേവത്യ മിത്യയം പ്രസൃതോ ജന:/ അന്ന സ്യോപദ്രവം പശ്യ മൃതോ ഹി കിമശിഷ്യതി’’ (വാ . രാ. അയോധ്യാ കാണ്ഡം, 108. 14). മരണപ്പെട്ടവർ എങ്ങനെയാണ് ആഹാരം ഭുജിക്കുന്നതെന്നും, ഒരുവൻ ഭക്ഷിച്ചത് അന്യന്റെ ശരീരത്ത് ചെല്ലുമെങ്കിൽ ദേശാന്തരം യാത്രപോയ ഒരുവന് ഇവിടെ ശ്രാദ്ധം നടത്തിയാൽ അത് പൊതിച്ചോറായി തീരുമല്ലോ എന്നും ജാബാലി ചോദ്യം ഉന്നയിച്ചു (യദി ഭുക്തമി ഹാന്യേന ദേഹമന്യസ്യ ഗച്ഛതി / ദദ്യാത് പ്രവസതാം ശ്രാദ്ധം ന തത് പഥ്യശനം ഭവേത് , വാ . രാ. അയോധ്യാ കാണ്ഡം, 108. 15). ദാനം ചെയ്യുക , യാഗം ചെയ്യുക , തപസ്സു ചെയ്യുക , ദീക്ഷയനുഷ്ഠിക്കുക എന്നെല്ലാം നിർദേശിക്കുന്ന ഗ്രന്ഥങ്ങൾ ദാനാദികളിൽ തൽപരരായ മേധാവികൾ എഴുതി തയാറാക്കിയവയാണെന്നും ജാബാലി രാമനോട് പറയുന്നു (ദാന സംവനനാ ഹ്യേതേ ഗ്രന്ഥാ മേധാവിഭി: കൃതാ / യജസ്വ ദേഹി ദീക്ഷസ്വ തപസ്തപ്യസ്യ സംത്യജ , വാ . രാ. അയോധ്യാ കാണ്ഡം, 108. 16). പരലോകവും മറ്റും ഇല്ലാത്തതാണെന്നും ഇന്ദ്രിയ പ്രത്യക്ഷമായതിനെ സ്വീകരിക്കാനും ജാബാലി രാമനോട് ആഹ്വാനം ചെയ്യുന്നു (ന നാസ്തി പരമിത്യേതത് കുരു ബുദ്ധിം മഹാമതേ / പ്രത്യക്ഷം യത് തദാതിഷ്ഠ പരോക്ഷം പൃഷ്ഠത : കുരു, വാ . രാ. അയോധ്യാ കാണ്ഡം, 108. 17).
ഇത് തെളിയിക്കുന്നത് ഇന്ത്യയുടെ പാരമ്പര്യത്തിൽ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന ഒരു പാരമ്പര്യം കൂടി നിലീനമായിരുന്നു എന്നാണ്. സർവദർശന സംഗ്രഹത്തിൽ മാധവാചാര്യർ വിവരിക്കുന്ന ചാർവാക ദർശനത്തിലും ജാബാലി പങ്കുവെക്കുന്ന ആശയങ്ങളുടെ വിപുലീകൃത രൂപം കാണാം. ഖണ്ഡന മണ്ഡനങ്ങളുടെ സംവാദ പാരമ്പര്യത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. ചോദ്യം ചെയ്യാൻ കഴിയാത്ത ഒന്നായല്ല വിശ്വാസവ്യവസ്ഥ ഇന്ത്യയിൽ നിലനിന്നിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.