വാല്മീകിരാമായണത്തിന്റെ ഭിന്നപാഠങ്ങളും ആയിരക്കണക്കായ മറ്റ് രാമായണകഥകളും ഉളവായതിന്റെയും പ്രചരിച്ചതിന്റെയും ചരിത്രം ഇന്ത്യൻ ജാതി അസമത്വത്തിന്റെ ചരിത്രത്തെയും അനാവരണം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ വൈവിധ്യപൂർണമായ സാംസ്കാരിക ബഹുസ്വരതയുടെ അടയാളംകൂടിയായി രാമായണം മാറിത്തീരുന്നു. ക്ഷത്രിയന്മാർ ബ്രാഹ്മണരിൽനിന്ന് കേൾക്കേണ്ട കഥയായാണ് രാമായണത്തിന്റെ ഫലശ്രുതിയിൽ വാല്മീകി വിവരിക്കുന്നത് (പ്രണമ്യ ശിരസാ നിത്യം ശ്രോതവ്യം ക്ഷത്രിയൈർ ദ്വിജാത് / വാ.രാ. യുദ്ധകാണ്ഡം, 128. 118). രാമായണകഥ സംസ്കൃതത്തിൽ രചിക്കപ്പെടുന്നതോടെയാണ് അത് ബ്രാഹ്മണരിൽനിന്ന് കേൾക്കേണ്ട ഒന്നായി രൂപംമാറുന്നത്. ബൗദ്ധ രാമായണ കഥകൾ സൂചിപ്പിക്കുന്നത് ബ്രാഹ്മണ്യ പാരമ്പര്യങ്ങൾ പിൽക്കാലത്ത് സ്വാംശീകരിച്ചതാണ് രാമകഥ എന്നാണ്. കേരളത്തിൽ രചിക്കപ്പെട്ട എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് ഉൾപ്പെടെ അടിത്തട്ട് സമൂഹത്തിൽ പാരായണം ചെയ്തിരുന്നില്ല. രാമഭക്തിയുടെ വഴക്കങ്ങളിലേക്ക് പ്രാചീന-മധ്യകാല കേരളത്തിൽ അടിത്തട്ട് സമൂഹം പരിവർത്തിച്ചിരുന്നില്ല എന്നതിനാൽതന്നെ. വാല്മീകിരാമായണത്തിന്റെ ഭിന്നപാഠങ്ങൾ രാമകഥയെ ബ്രാഹ്മണ്യ പാരമ്പര്യകേന്ദ്രിതമായി അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആ പാരമ്പര്യത്തെ അകമേ അഴിക്കുന്ന പ്രതിപാഠങ്ങളും സർഗാത്മകമായി ഉരുവംകൊണ്ടിരുന്നു. മാംസം കഴിക്കുന്നത് പാപമാണെന്നും അശുദ്ധമാണെന്നുമുള്ള വ്യവഹാരം ഉദയം ചെയ്തുവരുന്ന ഘട്ടത്തിൽതന്നെയാണ് രാമനും സീതയും ഉൾപ്പെടെ മാംസം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ വാല്മീകി അവതരിപ്പിക്കുന്നത് (താം തദാ ദർശയിത്വാ .. സീതാം മാംസേന ഛന്ദയൻ, വാ.രാ. അയോധ്യാകാണ്ഡം, 96. 1-2) എന്നത് ഇതിന്റെ നിദർശനമാണ്. രാമായണകഥയെ യുദ്ധത്തെ മുൻനിർത്തി പ്രകീർത്തിക്കുന്ന പാരമ്പര്യത്തെ വിച്ഛേദിച്ച് പ്രണയകാവ്യമായി രാമായണത്തെ വിരചിച്ച മസിഹ് പാനി പതിയുടെ കൃതിയും ഇതിന്റെ പ്രത്യക്ഷ ദൃഷ്ടാന്തമാണ്. പ്രബല രാമായണപാഠത്തെ സർഗാത്മകമായി അപനിർമിക്കുന്ന ഗോത്രജനതകളുടെ രാമായണങ്ങളും ഇതിന്റെ സാക്ഷ്യമാണ്. രാമനെ വിമർശിക്കാൻ വാല്മീകി മടിക്കുമ്പോൾ കാളിദാസന് അതിന് മടിയില്ലാതെവരുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നത് രാമകഥയുടെ അപനിർമാണ പാരമ്പര്യമാണ്. ചിലർക്കുമാത്രം കേൾക്കാവുന്ന ഒന്നായി, ചിലർക്കുമാത്രം ചൊല്ലാവുന്ന ഒന്നായി പാഠവത്കരിക്കപ്പെട്ട ഒരു ഗ്രന്ഥം അത്തരം എല്ലാ ഏക കേന്ദ്രിത ശാസനകളെയും മറികടന്ന് വ്യത്യസ്ത ജനതതികളിലേക്ക് ഒഴുകിയിറങ്ങിയതിന് കാരണം ഇന്ത്യയുടെ ബഹുസ്വരതയാണ്. ജനായത്ത വ്യവസ്ഥയുടെ സുസ്ഥിരതക്കായി ബഹുസ്വരതയെ ഉയർത്തിപ്പിടിക്കുക എന്നതായിരിക്കട്ടെ രാമായണപഠനങ്ങളുടെ ഫലശ്രുതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.