കർക്കിടകം ഒന്ന് മുതൽ ഒരു മാസം ഹൈന്ദവ ക്ഷേത്രങ്ങളിലും വീടുകളിലും തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പാട്ടിന്റെ മാധുര്യം നിറയും. ക്ഷേത്രങ്ങളില്‍ രാവിലെയും വൈകീട്ടും രാമായണ പാരായണം നടക്കും. ഓരോ ദിവസവും നിശ്ചിതഭാഗം വായിക്കുന്നതാണ് മാസാചരണത്തിന്റെ രീതി. ഒരുമാസം കൊണ്ട് രാമായണം മുഴുവൻ വായിച്ചുതീര്‍ക്കും. അവസാനനാളില്‍ അഹോരാത്ര പാരായണവും ശ്രീരാമപട്ടാഭിഷേകവും നടത്താറുണ്ട്. രാമന്‍റെയും സഹോദരങ്ങളായ ലക്ഷ്മണൻ, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവരുടെയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതും കര്‍ക്കടകത്തില്‍ പതിവാണ്. എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങളുടെ തിരക്കേറും. 'രാമന്‍റെ വഴി' എന്ന തലക്കെട്ടിൽ ഡോ. ഒ. രാജേഷ് എഴുതുന്ന രാമായണ പരമ്പര വായിക്കാം...
ഭാരതം ലോകത്തിനു സമ്മാനിച്ച വൈശിഷ്ട്യമാർന്ന രണ്ട് ഇതിഹാസകൃതികളാണ് രാമായണവും മഹാഭാരതവും. പാരമ്പര്യോപദേശ രൂപേണ ഇപ്രകാരം ഇവിടെ സംഭവിച്ചിരിക്കുന്നു എന്നനിലയിൽ ആഖ്യാനം ചെയ്യുന്ന കൃതിയാണ് ഇതിഹാസം. ചരിത്രത്തിെന്‍റ അംശങ്ങളും നഖചിത്രങ്ങളും ഇതിഹാസകൃതികളിൽ കണ്ടേക്കാമെങ്കിലും അവ ഒരിക്കലും ചരിത്രരേഖകളല്ല. അതിലെ പരാമർശങ്ങളെ വർത്തമാന യാഥാർഥ്യങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടുത്താനാകില്ല.
രാമന്‍റെ അയനം (രാമന്‍റെ വഴി, യാത്ര) എന്നാണ് 'രാമായണ'ത്തിെന്‍റ അർഥമെങ്കിലും അത് സീതയും ലക്ഷ്മണനും ഉൾപ്പെടെ എല്ലാവരുടെയും യാത്രയാണ്. ഒരർഥത്തിൽ സ്ഥലകാലങ്ങളിലൂടെ, ജീവിതാനുഭവങ്ങളിലൂടെ മുഴുവൻ ചരാചരങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന അനന്തസഞ്ചാരം. മനുഷ്യസമൂഹം കൈവരിച്ച അറിവുകളുടെയും അനുഭവങ്ങളുടെയും കാവ്യാത്മകമായ സാക്ഷാത്കാരമാണ് രാമായണം. ജീവിതമേൽപ്പിക്കുന്ന നൊമ്പരങ്ങളുടെയും മുറിവുകളുടെയും ഉള്ളുരുക്കത്തിൽനിന്ന് അടരുന്ന വെട്ടിത്തിളങ്ങുന്ന കണ്ണീർക്കണം.
തമസാനദിയിൽ കുളിക്കാൻ ശിഷ്യനായ ഭരദ്വാജനോടൊപ്പം എത്തിയതാണ് വാല്മീകി മഹർഷി. പരസ്പരം കൊക്കുരുമ്മി നിൽക്കുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ ലക്ഷ്യമാക്കി ഒരു വേടൻ വില്ലുകുലച്ച് നിൽക്കുന്നത് അദ്ദേഹത്തിെന്‍റ കണ്ണിൽപ്പെട്ടു. അതുകണ്ട് 'മാ നിഷാദാ' (അരുത് കാട്ടാളാ) എന്ന് തടഞ്ഞു. പറഞ്ഞു തീരുമ്പോഴേക്കും അയാൾ അമ്പയച്ചുകഴിഞ്ഞിരുന്നു. അമ്പേറ്റ ആൺപക്ഷി നിലംപതിച്ചു. ചോരയിൽ കുളിച്ച് ചിറകിട്ടടിക്കുന്ന അതിെൻ്റ ചുറ്റും പറന്ന് പെൺപക്ഷി കരൾകീറി കരഞ്ഞുകൊണ്ടിരുന്നു. ഇത് വാല്മീകി മഹർഷിയുടെ ഹൃദയം ഇളക്കി മറിച്ചു. കടുത്ത ആ ശോകം മുനിയിൽനിന്നും പുറപ്പെട്ടത് തന്ത്രീലയസമന്വിതമായ, തുല്യ അക്ഷരങ്ങളോടും നാലുവരികളോടും കൂടിയ ശ്ലോകമായാണ്.
മാ നിഷാദഃ പ്രതിഷ്ഠാം ത്വ–മഗമശ്ശാശ്വതീ സമാഃ
യത് ക്രൗഞ്ചമിഥുനാദേക–മവധീഃ കാമമോഹിതം
(അരുത് കാട്ടാളാ, കാമമോഹിതരായ ഇണക്കിളികളിലൊന്നിനെ കൊന്ന നീ ഭൂമിയിൽ ശാശ്വതമായ പ്രതിഷ്ഠ നേടാതെ പോകട്ടെ!) എന്നാണത്. മുനിയിലുണർന്ന നൊമ്പരത്തിെൻ്റ പിടച്ചിൽ രാമേതിഹാസത്തിലുടനീളം കാണാം. കൊള്ളയും പിടിച്ചുപറിയും ഉപജീവനമാക്കിയ രത്നാകരൻ എന്ന കാട്ടാളൻ വലിയൊരു പരിവർത്തനം സംഭവിച്ചാണ് വാല്മീകി മഹർഷിയായത്. നിസ്സാരമെന്ന് വിലയിരുത്തുന്നൊരു കിളിയുടെ ജീവനെടുത്തവനോടുപോലും അപ്പോൾ അദ്ദേഹത്തിന് പൊറുക്കാനാകുന്നില്ല. അകാരണമായി നടത്തിയ അറുകൊലയോടുള്ള കടുത്ത ധാർമികരോഷവും വേദനിക്കുന്നവരോടും അടിച്ചമർത്തപ്പെട്ടവരോടുമുള്ള ജീവകാരുണ്യവുമാണ് അവസാനമില്ലാത്ത വേദനയും കരച്ചിലും പിന്തുടരുന്ന രാമകഥയുടെ ആത്മാവ്.
ജീവിതത്തിന് വ്യക്തവും കൃത്യവുമായ ദിശാബോധമരുളുന്നു രാമായണമുൾപ്പെടെ വിശ്വോത്തര കൃതികളെല്ലാം. തിന്മയുടെ സംഹാരശക്തി ആവേശിച്ച പടപ്പുറപ്പാടിനെ നന്മയുടെ 'അരുത്' എന്ന ധാർമികവും നൈതികവും ആധികാരികവുമായ ഉറച്ച ശബ്ദത്തിലൂടെ തടയാൻ സദാ ജാഗരൂകമാണവയെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.