അവതാരത്തിന്‍റെ യാഥാർഥ്യം

രാവണാദികളായ രാക്ഷസന്മാരുടെ ദുഷ്ചെയ്തികളിൽ വശംകെട്ട ഭൂമീദേവി പശുരൂപമെടുത്ത് ദേവന്മാർക്കും മുനിമാർക്കുമൊപ്പം സൃഷ്ടികർത്താവായ ബ്രഹ്മാവിനരികെ ചെന്ന് പരാതി ബോധിപ്പിച്ചു. ബ്രഹ്മാവ് അവരെയും കൂട്ടി വൈകുണ്ഠത്തിലെത്തി. യോഗനിദ്രയിൽനിന്നുണർന്ന വിഷ്ണുഭഗവാൻ, അവരുടെ ദുരിതങ്ങളെല്ലാം വൈകാതെതന്നെ നിവാരണം ചെയ്യാമെന്ന് വാക്കുകൊടുത്തു. അയോധ്യാധിപനായ ദശരഥന്റെ പുത്രനായി ശ്രീരാമൻ എന്ന പേരിൽ താൻ അവതരിക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നും ആത്മാംശമെടുത്ത് ദേവകളോട് ഭൂമിയിൽ അവതരിക്കുന്നതിനും അദ്ദേഹം ആവശ്യപ്പെട്ടു.

അതിലൂടെ ദുഷ്ടശിക്ഷണവും ശിഷ്ടരക്ഷണവും നിർവഹിച്ചുകൊള്ളാനാകുമെന്നും അറിയിച്ചു. തുടർന്നാണ് മക്കളില്ലാത്ത ദുഃഖം അനുഭവിക്കുന്ന ദശരഥൻ ഋഷ്യശൃംഗമഹർഷിയെ അയോധ്യയിൽ വരുത്തി പുത്രകാമേഷ്ടി യാഗം നടത്തുന്നതും അതിലൂടെ ലഭിച്ച പായസം അദ്ദേഹത്തിന്റെ ഭാര്യമാർക്ക് നൽകി സന്താനലബ്ധിയുണ്ടാകുന്നതും. ശ്രീരാമ–ലക്ഷ്മണ–ഭരത–ശത്രുഘ്നന്മാർ ഭൂമിയിൽ അവതരിക്കുന്നത് അങ്ങനെയാണ്.

താഴോട്ട് ഇറങ്ങിവരുന്നതെന്നാണ് അവതാരത്തിന്റെ താല്പര്യം. എല്ലാ അവതാരങ്ങളും പ്രവാചകന്മാരും ഋഷികളും മുനിമാരും സിദ്ധരും സാധുക്കളും ബോധിസത്വന്മാരും ബുദ്ധരും പീറുകളും ശൈഖുകളും ഈശ്വരസന്ദേശങ്ങൾ പ്രചരിപ്പിക്കാനും പ്രവർത്തിപ്പിക്കാനും നിയുക്തരായവരാണ്. മനുഷ്യൻ പരിണാമത്തിന്റെ പടവുകൾ കയറി ഏത് ഉത്കൃഷ്ടമായ അവസ്ഥയിലാണോ എത്തേണ്ടത് അവിടെനിന്നുള്ള അവരോഹണമാണ് അവതാരഗുരുക്കന്മാർ എന്ന് മഹർഷി അരബിന്ദോ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, എവിടെയോ കിടക്കുന്ന ഈശ്വരൻ എന്തിനോ വേണ്ടി താഴോട്ടുവരുന്നുവെന്ന സങ്കല്പമാണ് അവതാരത്തെക്കുറിച്ച് പലർക്കുമുള്ളത്. ഈശ്വരീയതയെ സാക്ഷാത്കരിച്ച മഹാത്മാക്കൾ ലോകത്തിന്റെ സുസ്ഥിതിക്കും ഭദ്രതക്കും പ്രവർത്തിക്കുമ്പോൾ ഈശ്വരൻതന്നെ നേരിട്ടിറങ്ങിവന്നു എന്ന നിലയിലാണ് ലോകം അവരെ വാഴ്ത്തുന്നത്.

പ്രപഞ്ചത്തിന്റെ താളവ്യവസ്ഥക്കനുസൃതമായി ജീവിതത്തെ ചിട്ടപ്പെടുത്തുന്നതിനും ജീവരാശിയുടെ സന്തുലിതാവസ്ഥക്കുവേണ്ട മാർഗനിർദേശങ്ങൾ നൽകുന്നതിനും ജീവിതലക്ഷ്യത്തെക്കുറിച്ച് നിരന്തരം ഓർമപ്പെടുത്തുന്നതിനും തന്റെ അനന്തസാധ്യതകളെ സാക്ഷാത്കരിച്ച വ്യക്തിവൈശിഷ്ട്യങ്ങൾ വിവിധ ദേശ–കാല–വസ്തു ഉപാധികളിലൂടെ ലോകഹിതത്തിന് നിലകൊള്ളുമ്പോൾ അതിനെ അവതാരമെന്നുപറയാം. അവതാരസങ്കല്പത്തിൽ മുഖ്യമായ ദശാവതാര വിവരണത്തിൽ മനുഷ്യനിലെ ബാഹ്യഘടനയിലുണ്ടായ വികാസപരിണാമങ്ങളുടെ രേഖാചിത്രം ഉള്ളടങ്ങിയിട്ടുണ്ട്. സൃഷ്ടികൾക്കെല്ലാം ഈശ്വരീയതയിലേക്ക് ക്രമികമായി ഉയർന്ന് സമ്പൂർണതയിലെത്താനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതാണ് ദശാവതാരസങ്കല്പം.

സാർവത്രികവും സാർവകാലികവുമായ മൂല്യങ്ങളെ സ്ഥലകാലാനുസൃതം പുനഃപ്രവചിക്കാൻ, നടപ്പാക്കാൻ ലോകത്തിന്റെ എല്ലായിടത്തും എക്കാലത്തും അവതാരമൂർത്തികൾ (പ്രവാചകർ, പ്രേബാധകർ) കടന്നുവരുമെന്ന് എല്ലാ മതങ്ങളും ഉദ്ബോധിപ്പിക്കുന്നുണ്ട്. മനുഷ്യന്റെ അന്തരാളങ്ങളിൽ നിലീനമായ പ്രാപഞ്ചികമൂല്യസംഹിതകളിലേക്ക് കണ്ണയക്കാൻ കടലിൽ തിരമാലകളെന്നപോലെ അവതാരങ്ങൾ അനന്തമായി സംഭവിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ് കാരുണ്യം, ത്യാഗം, സേവനം, നന്മ, സ്നേഹം, ജ്ഞാനം തുടങ്ങിയ സവിശേഷതകൾ ഏത് മഹാത്മാവിൽ വർത്തിക്കുന്നുവോ അയാൾ അവതാരംതന്നെയാണെന്ന് വിവേകാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടത്. 

Tags:    
News Summary - ramayana masam message

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.