ബാലിവധം

സുഗ്രീവനുമായുള്ള സഖ്യമാണ് സീതാന്വേഷണത്തിന് പുതിയ വഴിത്തിരിവുണ്ടാക്കിയത്. ജ്യേഷ്ഠനായ ബാലി കിഷ്കിന്ധയിൽനിന്ന് തന്നെ ആട്ടിയോടിച്ച കഥ സുഗ്രീവൻ ശ്രീരാമനെ കേൾപിച്ചു. രാജ്യം തിരിച്ചുപിടിക്കുന്നതിന് സുഗ്രീവന് ബലവാനായൊരു സുഹൃത്തിനെ ആവശ്യമായിരുന്നു. സീതയെ വീെണ്ടടുക്കുന്നതിന് അത്തരത്തിലുള്ള ബാന്ധവം രാമനും കാംക്ഷിച്ചിരുന്നു. അതുകൊണ്ട്, രണ്ടുപേരും തമ്മിൽ സഖ്യം ചെയ്തു. എങ്കിലും ശ്രീരാമന്റെ കരുത്തിൽ സുഗ്രീവൻ സംശയാലുവായിരുന്നു.

ബാലി വധിച്ച ദുന്ദുഭി എന്ന രാക്ഷസന്റെ ഭീമാകാരമായ ശവശരീരം ആ മലഞ്ചരുവിൽ ഉണങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സുഗ്രീവന് തന്റെ കരുത്തിലുള്ള വിശ്വാസം വർധിപ്പിക്കാൻ ശ്രീരാമൻ തന്റെ ഇടതുകാലിന്റെ പെരുവിരൽകൊണ്ട് അത് അനായാസേന തോണ്ടിയെറിഞ്ഞു. ബാലി എടുത്തെറിഞ്ഞത് പച്ചമാംസമുള്ള ശരീരമാണെന്നും അങ്ങ് മാംസമില്ലാത്ത അവശിഷ്ടമാണ് വലിച്ചെറിഞ്ഞതെന്നും അതുകൊണ്ട് ഒരു സാലവൃക്ഷത്തെ പിളർന്നാൽ ബലാബലം തീർച്ചപ്പെടുത്താമെന്നും സുഗ്രീവൻ അറിയിച്ചു. പൊടുന്നനെ ഏഴ് സാലവൃക്ഷങ്ങളെയും പർവതത്തെയും ഭൂമിയെയും ഒരൊറ്റ ബാണംകൊണ്ട് പിളർന്ന് അതിൽനിന്നെല്ലാം പുറത്തുകടന്ന് രാമബാണം അദ്ദേഹത്തിന്റെ ആവനാഴിയിലേക്ക് തിരിച്ചെത്തി. സുഗ്രീവൻ ശ്രീരാമനിൽ പൂർണവിശ്വാസമർപ്പിക്കുന്നത് അതിനുശേഷമാണ്.

തുടർന്ന് ബാലിയുമായി നടന്ന ഉഗ്രപോരാട്ടത്തിൽ സുഗ്രീവന് ആദ്യം പിന്തിരിഞ്ഞോടേണ്ടിവന്നു. മറഞ്ഞുനിന്ന ശ്രീരാമന് മുഖസാമ്യമുള്ള ബാലിയെയും സുഗ്രീവനെയും തിരിച്ചറിയാൻ കഴിയാത്തതുകൊണ്ടായിരുന്നു അത്. അടയാളമായി രാമനണിയിച്ച പൂമാല കഴുത്തിലിട്ട സുഗ്രീവനും ബാലിയും അടുത്തദിവസം വീണ്ടും ഏറ്റുമുട്ടി. അതിനിടെ, ബാലിയെ രാമൻ ഒളിയമ്പയച്ചു വീഴ്ത്തുകയായിരുന്നു. ഒരു തെറ്റും ചെയ്യാത്ത തന്നെ നേർക്കുനിന്ന് എതിരിടാതെ ധർമിഷ്ഠനെന്നും നീതിമാനുമെന്ന് പുകൾപെറ്റ രാമൻ ഒളിയമ്പയച്ചു വീഴ്ത്തിയതെന്തിനാണെന്ന് ബാലി ചോദിക്കുന്നുണ്ട്.

സുഗ്രീവനുമായി സഖ്യം ചെയ്തതിന്റെ ലക്ഷ്യം തന്നെ അറിയിച്ചിരുന്നുവെങ്കിൽ ഒരൊറ്റ ദിവസംകൊണ്ട് സീതാദേവിയെ രാമനരികിലെത്തിക്കുമായിരുന്നുവെന്നും തന്നോട് നേരിട്ട് യുദ്ധം ചെയ്തിരുന്നെങ്കിൽ രാമൻ കൊല്ലപ്പെടുമായിരുന്നുവെന്നും പറയുന്നുമുണ്ട്. അപ്പോൾ ധർമമാർഗത്തിൽനിന്ന് വ്യതിചലിച്ച് തന്നിഷ്ടംപോലെയാണ് ബാലി രാജ്യം ഭരിക്കുന്നതെന്നും കാമപൂർത്തിക്കായി സഹോദരന്റെ ഭാര്യയെ ഉപയോഗിച്ചത് അധർമമാണെന്നും വധശിക്ഷയാണ് അയാൾക്ക് വിധിക്കപ്പെട്ടതെന്നും താൻ ചെയ്തത് ധർമനിർവഹണമാണെന്നുമാണ് ബാലിക്ക് ശ്രീരാമനേകുന്ന മറുപടി. ഒടുവിൽ തുളച്ചു കയറിയ അമ്പ് വലിച്ചൂരി രാമൻതന്നെ ബാലിയെ യാത്രയാക്കുന്നു.

നിഷ്പക്ഷമായി വിലയിരുത്തിയാൽ ധർമനിഷ്ഠനും മര്യാദാപുരുഷോത്തമനുമായ ശ്രീരാമന് അധാർമികതയുടെയും അന്യായത്തിന്റെയും കറുത്തപാടുകളേൽപിച്ച സംഭവമാണ് ബാലിവധം. ബാലി-സുഗ്രീവ സഹോദരന്മാരെ അനുരഞ്ജിപ്പിക്കാൻ രാമപക്ഷത്തുനിന്ന് ഒരുവിധ പരിശ്രമങ്ങളും ഉണ്ടായില്ല. ഒരർഥത്തിൽ ബാലിവധത്തിൽ വന്നത് കനത്ത വീഴ്ചതന്നെയാണ്. 

Tags:    
News Summary - ramayana month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.